2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Editorial

കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് പണം എന്തിന്


 

അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പുകള്‍ അടുത്തെത്തിയ ഘട്ടത്തില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍നിന്ന് 3.6 ലക്ഷം കോടി രൂപ സര്‍ക്കാരിനു നല്‍കണമെന്നാവശ്യപ്പെട്ട മോദി സര്‍ക്കാരിന്റെ നിലപാട് ദുരൂഹമാണ്. നല്‍കില്ലെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ തീര്‍ത്ത് പറഞ്ഞിട്ടും ആ സ്വതന്ത്രസ്ഥാപനത്തെ വിടാന്‍ കേന്ദ്രം ഒരുക്കമല്ല. സര്‍ക്കാരിന്റെ ഈ പിടിവാശി സഹിക്കാനാവാതെ പുറത്തുപോകാന്‍ ഒരുങ്ങുകയാണ് ഉര്‍ജിത് പട്ടേല്‍.
നവംബര്‍ 19 നു നടക്കുന്ന ആര്‍.ബി.ഐ ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പട്ടേല്‍ തന്റെ നിലപാടു വ്യക്തമാക്കുമെന്നാണ് അറിയുന്നത്. പട്ടേലിനെ ദഹിക്കാത്ത സര്‍ക്കാര്‍ അത് അംഗീകരിക്കില്ലെന്നും ഉറപ്പ്. അത്തരമൊരു സന്ദര്‍ഭത്തില്‍ രാജിവയ്ക്കുക മാത്രമായിരിക്കും അദ്ദേഹത്തിനു ചെയ്യാനാവുക. ബി.ജെ.പി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും അതാണ്.
ഇഷ്ടമില്ലാത്തവരെയെല്ലാം തെറിപ്പിക്കുകയാണ് മോദി. റാഫേല്‍ യുദ്ധവിമാന ഇടപാടു സംബന്ധിച്ച ഫയല്‍ തുറന്നേയ്ക്കുമെന്ന ഭയംകൊണ്ടാണ് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മയെ പുറത്തുചാടിച്ചത്. പകരം ആജ്ഞാനുവര്‍ത്തിയെ ഇരുത്തി. ഉര്‍ജിത് പട്ടേല്‍ രാജിവച്ചാല്‍ പകരം അവിടെയും ഏറാന്‍ മൂളുന്ന ഒരാള്‍ വരും.
റിസര്‍വ്ബാങ്ക് നിയമം 7 (2) പ്രകാരം ബാങ്കിന്റെ പരമാധികാരം ഡയരക്ടര്‍ബോര്‍ഡിനാണ്. ഭരണനിര്‍വ്വഹണാധികാരം ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും ഉള്‍ക്കൊള്ളുന്ന നാലംഗസമിതിക്കും.
ഇതിനിടയിലേക്കാണ് സര്‍ക്കാര്‍ നുഴഞ്ഞുകയറുന്നത്. ആര്‍.ബി.ഐ വായ്പ നല്‍കുന്നില്ലെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. വായ്പയെടുത്ത കോടീശ്വരന്മാര്‍ മുങ്ങിയപ്പോള്‍ തിരിച്ചുപിടിക്കാനും നടപടിയെടുക്കാനും ബാധ്യതയുള്ള സര്‍ക്കാര്‍ എന്തുചെയ്തുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ബാങ്കുകള്‍ തോന്നിയപോലെ കോടാനുകോടി വായ്പ നല്‍കുകയും അവയൊക്കെ കിട്ടാക്കടങ്ങളായി മാറുകയും ചെയ്ത പശ്ചാതലത്തില്‍ സാമ്പത്തിക അച്ചടക്കം പാലിക്കാനാണ് ആര്‍.ബി.ഐ കടുത്ത തീരുമാനമെടുത്തത്.
തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പി ജനോപകാരപ്രദമായ വികസനപ്രവര്‍ത്തനമൊന്നും ചെയ്തിരുന്നില്ല. ഗോസംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിം-ദലിത് കൊല നടത്തുകയായിരുന്നു രാജസ്ഥാനിലും മധ്യപ്രദേശിലും.
ഈ രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പി നിലംപരിശാകുമെന്നാണ് അഭിപ്രായ സര്‍വ്വേ. അതു മറികടക്കാന്‍ ആര്‍.ബി.ഐയില്‍നിന്ന് വാങ്ങുന്ന കോടികള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസന പ്രവര്‍ത്തന പ്രഹസനങ്ങള്‍ നടത്താമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കണക്ക് കൂട്ടിയിരുന്നത്. അതിനാണിപ്പോള്‍ തിരിച്ചടിയേറ്റിരിക്കുന്നത്.
മധ്യപ്രദേശിലും, ഛത്തിസ്ഗഡിലും പത്തര വര്‍ഷമായി ബി.ജെ.പിയാണ് അധികാരത്തില്‍. അത് തുടരാനാവാത്ത അവസ്ഥയാണിപ്പോള്‍. മധ്യപ്രദേശിലെ വ്യാപം കുംഭകോണവും ഛത്തിസ്ഗഡിലെ റേഷന്‍ അരി ക്രമക്കേടുകളും അവിടങ്ങളിലെ ബി.ജെ.പി സര്‍ക്കാറിനെതിരേയുള്ള ജനരോഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. വ്യാപം അഴിമതിയിലെ കുറ്റാരോപിതരും സാക്ഷികളും കൊല്ലപ്പെട്ട് കൊണ്ടിരിക്കുന്നതും ബി.ജെ.പി സര്‍ക്കാറിന് തിരിച്ചടിയായി.
രാജസ്ഥാനില്‍ അഴിമതിയാരോപണം മറികടക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ അവിടെ മത സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുകയാണ്. സര്‍ക്കാര്‍ നേതൃത്വത്തില്‍ വര്‍ഗീയ ലഹളകള്‍ സംഘടിപ്പിക്കുന്നു. ഇരകള്‍ക്കെതിരേ തന്നെ കുറ്റം ആരോപിച്ച് കേസെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ മാറ്റാനുള്ള തന്ത്രങ്ങളാണിതൊക്കെയും.
9.59 ലക്ഷം കോടിയാണ് ആര്‍.ബി.ഐയുടെ ഇപ്പോഴത്തെ കരുതല്‍ ശേഖരം. അതിന്റെ മൂന്നിലൊന്നാണു ബി.ജെ.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് നല്‍കിയാല്‍ ആര്‍.ബി.ഐയുടെ മൂലധനശേഷി കുറയുകയും ബാങ്കിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം 50,000 കോടിയും 2016-17 ല്‍ 30,659 കോടിയും ബി.ജെ.പി സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍നിന്നു കൈപ്പറ്റിയിട്ടുണ്ട്.
തന്നോട് ആലോചിക്കാതെയാണ് ബി.ജെ.പി സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നതെന്ന് മുന്‍ ഗവര്‍ണര്‍ രഘുറാംരാജന്‍ തന്നെ ആരോപിച്ചത് ബി.ജെ.പി സര്‍ക്കാരിനേറ്റ മറ്റൊരു പ്രഹരമാണ്. ദേശീയ സ്ഥാപനം എന്ന നിലയില്‍ റിസര്‍വ് ബാങ്കിനെ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാറിന്റേതാണ്. എന്നാല്‍ സര്‍ക്കാര്‍തന്നെ അതിന്റെ അടിത്തറ മാന്തിത്തുടങ്ങിയിരിക്കുന്നു.
റിസര്‍വ് ബാങ്കിനെ വരുതിയില്‍ നിര്‍ത്താനുള്ള ബി.ജെ.പി സര്‍ക്കാറിന്റെ നീക്കം മഹാദുരന്തത്തിനായിരിക്കും വഴിവയ്ക്കുക എന്ന് ആര്‍.ബി.ഐ ഡെപ്യൂട്ടി ഡയരക്ടര്‍ വിരാല്‍ ആചാര്യ തുറന്നടിച്ചത് യാഥാര്‍ഥ്യമാവുകയാണോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.