2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

നവോത്ഥാനം, ഇസ്‌ലാം, കെ ഇ എന്‍

മഹബൂബ് തളിപ്പറമ്പ Aligarh Muslim University

 

‘നവോത്ഥാനം’ വലിയ ചര്‍ച്ചയായി മാറിയ ഘട്ടത്തിലൂടെയാണ് കേരളം കടന്നു പോയി കൊണ്ടിരിക്കുന്നത്. നവോത്ഥാനത്തിന്റെ നേരവകാശം ഉന്നയിച്ച് നിരവധി സംഘടനകളും രംഗത്ത് വന്നു കഴിഞ്ഞു. അപ്പോഴും നവോത്ഥാനം എന്നത് ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ലെന്നും നിരവധി വര്‍ഷങ്ങളായുള്ള സാമൂഹിക സാംസ്‌കാരിക രംഗത്തെ മുന്നേറ്റങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും സാധ്യമായതാണ് കേരളം ഇന്ന് എത്തിനില്‍ക്കുന്ന നവോത്ഥാനം എന്ന് പലരും വിസ്മരിച്ചു കളഞ്ഞു.

പുതുവര്‍ഷത്തില്‍ കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്തതും നവോത്ഥാനത്തെ കുറിച്ചാണ്. ജനുവരി ആദ്യവാരം ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച കെഇഎന്‍ എഴുതിയ convert to Islam എന്ന ലേഖനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നവോത്ഥാനം ചര്‍ച്ചയായ കാലത്ത് കേരളീയ നവോത്ഥാനത്തിന്റെ ചരിത്ര പരിണാമങ്ങളെ സൂക്ഷ്മമായി വിലയിരുത്തുകയാണ് ഇടതു സൈദ്ധാന്തികനും ചിന്തകനുമായ കെഇഎന്‍ ചെയ്തത്. ലേഖനത്തിന്റെ ഹെഡ്ഡിംഗ് തന്നെയാണ് അതിനെ പ്രശ്‌നവല്‍ക്കരിക്കുന്നവര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. പൂര്‍ണ്ണമായും മതരഹിത ജീവിതം നയിക്കുന്ന കെ ഇ എന്‍ ഈ അടുത്ത കാലത്തായി പ്രത്യേകിച്ച് ഫാസിസം രോഗാതുരമായി സമൂഹഗാത്രത്തെ ഗ്രസിച്ച കാലത്ത് കൈകൊണ്ട പല നിലപാടുകളും വിമര്‍ശകര്‍ വിവാദമാക്കിയിരുന്നു.

 

മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഫാഷിസ്റ്റ് കാലത്ത് ഏറ്റവും കൂടുതല്‍ ഇരകളായ സമുദായമെന്ന നിലയില്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്
തന്നോട് ആരെങ്കിലും സലാം പറഞ്ഞാല്‍ താന്‍ തിരിച്ചു സലാം മടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇരകളോടൊപ്പം നിലകൊള്ളുന്നുവെന്ന് എക്കാലവും ഉറക്കെ പറഞ്ഞ അവര്‍ക്ക് വേണ്ടി ഉറക്കെ ശബ്ദിച്ച കെഇഎന്നിന്റെ പല നിലപാടുകളും ഹിന്ദുത്വ ബുദ്ധിജീവികളെയും മൃദുഹിന്ദുത്വവാദികളെയും വിറളി പിടിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ വിവാദമായ ‘കണ്‍വേര്‍ട്ട് ടു ഇസ്ലാം’ എന്ന ലേഖനം നവോത്ഥാനത്തെ കുറിച്ചും നവോത്ഥാനം മുന്നോട്ട് വെക്കുന്ന ബദലുകള്‍, മതപരിവര്‍ത്തനം നവോത്ഥാന കാലഘട്ടത്തില്‍ ചെലുത്തിയ സ്വാധീനങ്ങളെ കുറിച്ചുമാണ്. കെഇഎന്‍ തന്നെ വ്യക്തമാക്കുന്നത് പോലെ ‘ നവോത്ഥാന കാലം മതപരിവര്‍ത്തനത്തെ സമീപിച്ചിരുന്നത് കുറെക്കൂടി ജനാധിപത്യപരമായിട്ടാണ്. എന്നാല്‍ നവോത്ഥാനാനന്തര കാലം എന്ന് പറയുന്ന നമ്മുടെ കാലം, അന്നത്തേക്കാള്‍ വളര്‍ന്നു എന്നാണ് നാം വിചാരിക്കുന്നത്.

പക്ഷേ, മതപരിവര്‍ത്തനം ഉള്‍പ്പടെയുള്ള പല വിഷയങ്ങളിലും നവോത്ഥാന കാലത്തെ അപേക്ഷിച്ച് നമ്മള്‍ പിറകിലാണ്.’ ഹാദിയാനന്തര കേരളം ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ട, മതപരിവര്‍ത്തനം കേരളത്തിന്റെ സാമൂഹിക വിമോചനത്തില്‍ വഹിച്ച ദൗത്യത്തെ കുറിച്ചും സൂചിപ്പിക്കുകയാണ് ഉദ്ധൃത ലേഖനത്തിലൂടെ കെഇഎന്‍.

കഴിഞ്ഞ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിഷേധത്തിന്റെ ലാവണ്യം എന്ന സെഷനില്‍ അഭിലാഷുമായുള്ള ചര്‍ച്ചയില്‍ ജാതിയെ കുറിച്ചും സംവരണത്തെ കുറിച്ചും പറയുന്നതിനിടെ യുക്തിവാദിയായ രവിചന്ദ്രന്‍ സൂചിപ്പിച്ച ഒരു കാര്യമുണ്ട് ‘മലബാറിലെ മുസ്ലിംകളുടെ കാര്യമെടുത്തു നോക്കൂ.. അവരുടെ പൂര്‍വികര്‍ക്ക് ജാതിയുണ്ടായിരുന്നു. എന്നാല്‍, ഇന്നവര്‍ക്ക് ജാതിയില്ല’ എന്ന്. കെഇഎന്‍ കണ്‍വേര്‍ട്ട് ടു ഇസ്‌ലാം എന്ന ലേഖനത്തിലൂടെ പറയുന്നതും സാമൂഹിക വിമോചനം എന്ന നിലയില്‍ മതപരിവര്‍ത്തനം വിശിഷ്യാ ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനം ഇവിടുത്തെ ജാതീയതയെയും ബ്രാഹ്മണ്യത്തെയും വെല്ലുവിളിച്ച് നവോത്ഥാനം സാധ്യമാക്കിയെന്നും അത് കൊണ്ടാണ് മലബാറിലെ മുസ്‌ലിംകള്‍ക്ക് അവരുടെ പൂര്‍വികര്‍ക്ക് ജാതിയുണ്ടായിരുന്നുവെന്നും എന്നാല്‍, ഇന്നവര്‍ക്ക് ജാതിയില്ല എന്നും സി രവിചന്ദ്രന്‍ പറയുന്നതും.

നവോത്ഥാനത്തിന്റെ ചരിത്രപരിണാമങ്ങളിലെ ഇടിമുഴക്കമായിരുന്നു അക്കാലഘട്ടത്തിലെ മതപരിവര്‍ത്തനം. തൊട്ടു കൂട്ടായ്മയും തീണ്ടിക്കൂടായ്കയും തുടങ്ങിയ ജാതീയമായ ആചാരങ്ങള്‍ തീര്‍ത്ത സാമൂഹിക അസമത്വത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നുമുള്ള വിമോചനമായിരുന്നു മതപരിവര്‍ത്തനം സാധ്യമാക്കിയത്. തൊട്ടുകൂടായ്മ അടിമത്തത്തേക്കാള്‍ ഭീകരമാണെന്ന് പറഞ്ഞത് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ നിയമജ്ഞനായ ഡോ. ഭീം റാവു അംബേദ്കറാണ്. ഹിന്ദു ജാതീയ സങ്കല്‍പം കാരണം സമൂഹത്തിലെ അധഃസ്ഥിത വിഭാഗമായി തീര്‍ന്നവരാണ് രാജ്യത്തെ ദലിതുകള്‍. ഹിന്ദുക്കള്‍ക്കിടയിലെ ജാതീയതയും സവര്‍ണാധിപത്യവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഉത്തരേന്ത്യന്‍ മുസ്‌ലിം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലും തൊട്ടുകൂടായ്മയും ജാതീയതയും വളരുന്നു എന്നത് ഇന്ത്യന്‍ സാക്ഷ്യമാണ്.

 

 

അടിസ്ഥാനപരമായി ഇസ്‌ലാമും ക്രിസ്തു മതവും ജാതീയതയെയോ വംശീയതയെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല അതിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിലോ ക്രിസ്തുമതത്തിലോ ഒരു സാമൂഹ്യ ക്രമമായി ജാതീയത കടന്നുവരുന്നുമില്ല. എന്നാല്‍ ഒരു സാമൂഹ്യ അനാചാരമെന്ന രീതിയിലാണ് മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ അത് നിലനില്‍ക്കുന്നത്. ഇരു സമുദായങ്ങളിലെയും പ്രമാണിമാരും ധനാഢ്യരുമായ വിഭാഗങ്ങളാണ് അതിന്റെ പ്രയോക്താക്കളായി വര്‍ത്തിക്കുന്നത്.

ഇസ്ലാമില്‍ ജാതി വ്യവസ്ഥ ഇല്ല. ജന്മം അടിസ്ഥാനത്തില്‍ തൊഴിലും പദവിയും നിര്‍ണ്ണിതമാവുന്ന ( ascribed taributes ) രീതിയാണത്. അത് സാമൂഹികമായ ഒരു തരംതിരിവാണ്. ഈ പദവി തിരിക്കല്‍ ജാതി വ്യവസ്ഥ പ്രകാരം ഒരിക്കലും മാറില്ല. മനുസ്മൃതി പ്രകാരമുള്ള ചാതുര്‍വര്‍ണ്യ സങ്കല്‍പ്പത്തിന്റെ പ്രായോഗിക വ്യവസ്ഥയാണത്. ഇസ്ലാമില്‍ പദവികളില്‍ ആത്മീയമായ ഏറ്റ വ്യത്യാസങ്ങള്‍ ഉണ്ട്. അത് സാമൂഹികമായി വിലയിരുത്തപ്പെടേണ്ടതല്ല. ആത്മീയ മാനങ്ങളാണവ. എന്നാല്‍ ഒരാള്‍ക്കും സ്ഥായിയായ സാമൂഹിക തൊഴിലോ പദവിയോ ഇല്ല. മാറാത്ത ജന്മാര്‍ജ്ജിത ദോശങ്ങളോ ആദി പാപ ഭാരമോ ഇസ്ലാമിലില്ല. സാമൂഹികമായി ആര്‍ക്കും ആരുമാകാം.

സാമൂഹിക സമത്വം നേടിയെടുക്കാനും ജാതീയതയുടെ ദുരന്തങ്ങളെ മറികടക്കുവാനും ഇസ്ലാമിക ജ്ഞാനബോധത്തിലൂന്നിയേ പരിഹാരം സാധ്യമാവൂ എന്ന തിരിച്ചറിവാണ്, കേരള തിയ്യ യൂത്ത് ലീഗ് 1936 ല്‍ ‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം ‘ എന്ന തലക്കെട്ടില്‍ ഒരു ലഘുപുസ്തകം പുറത്തിറക്കുന്നതിലേക്ക് നയിച്ചത്. അക്കാലത്തെ കീഴാള ബുദ്ധിജീവികളും നേതാക്കളുമായിരുന്ന കെ സുകുമാരന്‍, ഡോ. കെ പി തയ്യില്‍, പി കെ കുഞ്ഞിരാമന്‍, കെ അയ്യപ്പന്‍, എ കെ ഭാസ്‌കരന്‍ എന്നിവരുടെ ലേഖന സമാഹാരമാണീ പുസ്തകം. മുപ്പതുകളിലെ കേരളത്തിലെ സാമൂഹികാന്തരീക്ഷം പഠനവിധേയമാക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല സോഷ്യല്‍ ലബോറട്ടറിയാണ് ഈ പുസ്തകം.

1988ല്‍ കേരള ദലിത സാഹിത്യ അക്കാദമി പുസ്തകം പുനപ്രസിദ്ധീകരിച്ചു.
(ഇയ്യിടെ ഇത് നിരോധിക്കപ്പെട്ടു ) അക്കാലത്ത് പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും പിന്നീട് അത് വിവാദത്തിലേക്കാണ് ചെന്നെത്തിയതെന്നത് ദൗര്‍ഭാഗ്യകരമാണ്. സാമുദായിക ധ്രൂവീകരണം അപകടകരമായ സമകാലിക ദുരവസ്ഥയില്‍ മുപ്പതുകളിലെ പുസ്തകം ക്രിയാത്മകമായ ചര്‍ച്ചക്ക് വഴിയൊരുക്കില്ലെന്നത് നേരാണ്.

 

കൊച്ചി മഹാരാജാവിന്റെ പ്രജാസഭയിലെ അംഗമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍. രാജസദസ്സിലെ ഒരു ചടങ്ങിലേക്ക് ജാതിയുടെ പേരില്‍ കറുപ്പനെ ക്ഷണിച്ചില്ല. എന്നാല്‍ കുറച്ച് കാലം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച പുലയ സമുദായംഗത്തെ ക്ഷണിക്കുകയും ചെയ്തു. ഇസ്‌ലാം മതം സ്വീകരിച്ച പല താഴ്ന്ന ജാതിക്കാര്‍ക്കും സവര്‍ണരുടെയും മറ്റും വീടുകളില്‍ പ്രവേശനം ലഭിച്ചിരുന്നു. സവര്‍ണരുടെ വഴിയില്‍ നിന്ന് മാറിനടക്കേണ്ട ഗതികേട് അവര്‍ക്കുണ്ടായിരുന്നില്ല.’

ഇതിനെപ്പറ്റി പണ്ഡിറ്റ് കറുപ്പന്‍ ഇങ്ങനെയാണ് എഴുതിയത്

അല്ലാ ഇവനിന്നൊരു

പുലയനല്ലേ

അള്ളാ മതം നാളെ

സ്വീകരിച്ചാല്‍

ഇല്ലാ തടസ്സം

ഇല്ലില്ലായിടത്തും പോകാം

ഇല്ലത്തും പോയിടാം

ജ്ഞാനപ്പെണ്ണേ, നോക്ക്

സുന്നത്തും മാഹാത്മ്യം

യോഗപ്പെണ്ണേ.

ഈയൊരു സാമൂഹിക യാഥാര്‍ഥ്യത്തെ കുമരാനാശാന്‍ ഇങ്ങനെ കവിതയാക്കി:

‘എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടോ രേഴച്ചെറുമന്‍ പോയി തൊപ്പിയിട്ടാല്‍ ചുറ്റും അവനെത്തിച്ചാരത്തിരുന്നിടാം ചെറ്റും പേടിക്കേണ്ട തമ്പുരാരേ
ഇത്ര സുലഭാശ്ചര്യവുമായി സിദ്ധിക്കും സ്വാതന്ത്യ സൗഖ്യമെങ്കില്‍ ബുദ്ധിയുള്ളോരിങ്ങാശ്രേയസ്സുപേക്ഷിച്ചു ബദ്ധരായ് മേവുമോ ജാതിമേലില്‍ ‘

(അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം, പേജ് 7)

കീഴാള വിമോചന പ്രത്യയശാസ്ത്രമായി ഇസ്‌ലാമിനെ മനസ്സിലാക്കിയ അക്കാലഘട്ടത്തിലെ ദളിത്, കീഴാള നേതാക്കള്‍ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കി. എന്നാല്‍ അത് കേവലം വോട്ട് വര്‍ധിപ്പിക്കാനുള്ള അംഗസംഖ്യ പരീക്ഷണമായിരുന്നില്ല, മറിച്ച് മനുഷ്യനായി സാമൂഹികാംഗീകാരം നേടാനുള്ള മാനസിക തയ്യാറെടുപ്പായിരുന്നു മതപരിവര്‍ത്തനം. സമുദായത്തിന്റെ അംഗബലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമായി മുസ്ലിം നേതാക്കളും അതിനെ കണ്ടിരുന്നില്ല.

തമിഴ്‌നാട്ടില്‍ മീനാക്ഷിപുരം എന്നൊരു ഗള്ളി ഉണ്ടായിരുന്നു. ദളിത് ഹിന്ദുക്കളുടെ നാട്. അവരില്‍ പെട്ട ഒരു സ്ത്രീ ഇസ്ലാമാശ്ലേഷിക്കപ്പെടുകയുണ്ടായി. അവരാകട്ടെ അവരിലെ അവശയായിരുന്നു. പക്ഷെ അവര്‍ മരണപ്പെട്ടപ്പോള്‍ പരിസര പ്രദേശങ്ങളിലെ മുസ്ലിം ബഹുജനങ്ങള്‍ അവരുടെ കുടിലിലേക്ക് സംഘം സംഘമായി വന്ന് ആദരപൂര്‍വ്വം സംസ്‌കരണ ചടങ്ങുകള്‍ നടത്തി. ഈ മാനുഷിക സമത്വത്തില്‍ ആകൃഷ്ടരായി ആ ഗള്ളി നിവാസികള്‍ ഒന്നടങ്കം മുസ്ലിംകളായി. ഇന്ന് ആ പ്രദേശം ‘ റഹ്മത് നഗര്‍ ‘ ആണ്.

140 മില്യണ്‍ വരുന്ന ഇന്ത്യന്‍ മുസ്‌ലിം ജനസംഖ്യയിലെ മഹാഭൂരിപക്ഷവും ഹിന്ദുമതത്തിലെ കീഴാള ജാതികളില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണ്. ഹിന്ദു സവര്‍ണാധിപത്യത്തില്‍ നിന്ന് രക്ഷപ്പെട്ട് സാമൂഹ്യനീതി കൊതിച്ചുകൊണ്ടാണ് അവരൊക്കെ ഇസ്‌ലാമിലേക്ക് കടന്നുവന്നത്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ 75 ശതമാനവും ‘ദളിത് മുസ്‌ലിംകള്‍’ ആണെന്നാണ് മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പ്രതിനിധിയായ ഇഅ്ജാസ് അലി പറയുന്നത്.

തറവാടിത്തം കൊണ്ട് ഗര്‍വ്വ് നടിക്കുന്നവനെ സൈദ്ധാന്തികമായി എതിര്‍ക്കുന്ന ഉമര്‍ ഖാസി(റ)യുടെ കവിത ഏറെ പ്രസിദ്ധമാണ്.’അയാ ഫാഖിറന്‍ ബിന്നസബി കൈഫത്തഫാഖുറു/വ അസ്വ്‌ലുകും മിന്‍ ഖബ്‌ലു തിയ്യന്‍വ നായരു/വ ആശാരി മൂശാരി വ മന്നാനു പാണരു/വ കൊയപ്പാനു ചെട്ടി വ നായാടി പറയരു’ (ആഭിജാത്യം കൊണ്ട് ഹുങ്ക് നടിക്കുന്നവനെ, നിങ്ങള്‍ക്കങ്ങനെ ഹുങ്ക് നടിക്കാന്‍ കഴിയും? മുമ്പ് നിങ്ങളുടെ അടിവേര് തിയ്യനും നായരും ആശാരിയും മൂശാരിയും മണ്ണാനും പാണനും കുശവനും ചെട്ടിയും നായാടിയും പറയരുമൊക്കെയായിരുന്നുവല്ലോ?),

അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം എന്ന കൃതിയിലെ കെ.സുകുമാരന്റെ ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
‘ ഒരുജാതി, ഒരുദൈവം, ഒരുമതം’ എന്ന ശ്രീനാരായണ സ്വാമിയവര്‍കളുടെ മുദ്രാവാക്യങ്ങള്‍ ഏകദേശമെങ്കിലും പരിപൂര്‍ത്തിയായി പ്രതിഫലിച്ചുകാണുന്നത് ഇസ്‌ലാം മതക്കാരുടെ ഇടയിലാണ്. ഇവരുടെ ഇടയില്‍ കല്ലുകെട്ടി ഉറപ്പിച്ചുവെച്ചപോലെ തോന്നുന്ന ഒരു ജാതിഭേദവും ഇല്ലെന്ന് നിസ്സംശയം പറയാവുന്നതാണ്. ‘ഏതൊരു ദിക്കില്‍ ധര്‍മം ക്ഷയിച്ച് അധര്‍മം വര്‍ധിക്കുന്നുവോ അവിടെ ധര്‍മരക്ഷക്കുവേണ്ടി ഞാന്‍ അവതരിക്കും’ എന്നതിനുപകരം ‘ഞാന്‍ എന്റെ നബിമാരെ അയക്കും’ എന്നാക്കിയാല്‍ ഇസ്‌ലാംമതത്തിന്റെ അടിസ്ഥാനമായ മുദ്രാവാക്യമായി. ‘ഇസ്‌ലാം’ എന്നാല്‍ സമാധാനം എന്നാണര്‍ഥം. ‘(പുറം 23, 1988ലെ എഡിഷന്‍, ദലിത് കള്‍ച്ചറല്‍ ഫോറം നമ്പര്‍ പ്രസിദ്ധീകരിച്ചത്,)

കെ.പി. തയ്യില്‍ ഇസ്‌ലാമിനെപ്പറ്റി പറയുന്നതിങ്ങനെ: ‘നാം സ്വീകരിക്കുന്ന മതം നമ്മെ കാടുകയറ്റുന്നതായിരിക്കരുത്. നമുക്ക് സാമുദായികമായും സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും പരിപൂര്‍ണ സമത്വം തരുന്നതും തമ്മിലുള്ള ഉല്‍കൃഷ്ടാദര്‍ശങ്ങള്‍ വികസിക്കുവാന്‍ അവസരം തരുന്നതുമായിരിക്കണം. ഇസ്‌ലാം ഈ വക സൗകര്യങ്ങളെല്ലാം നമുക്ക് തരുന്നുണ്ട്’ (പുറം 31) ‘അറിഞ്ഞോ അറിയാതെയോ ഇസ്‌ലാമിന്റെ മുഖത്ത് കരിതേക്കുവാന്‍ ചെയ്യുന്ന ശ്രമങ്ങളെ എതിര്‍ക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’ (പുറം 3233).

പി.കെ. കുഞ്ഞിരാമന്‍ പറയുന്നത് ഇങ്ങനെ: ‘കോണ്‍ഗ്രസുകാര്‍, പാതിരിമാര്‍, ഗാന്ധിമാര്‍ മുതലായവര്‍ തീവ്രമായി ശ്രമിച്ചിട്ടും സവര്‍ണരുടെ മനസ്സ് കരിങ്കല്ലുപോലെ ഇളകാതെയിരിക്കുന്നു. സവര്‍ണ നേതാക്കള്‍ ‘ക്ഷമിപ്പിന്‍, ക്ഷമിപ്പിന്‍’ എന്ന് അവര്‍ണരോട് ഉപദേശിക്കുന്നത് പോത്തിനെ പോലെയോ അല്ലെങ്കില്‍ കഴുതയെപ്പോലെയോ ഉള്ള ക്ഷമ ഇവരില്‍ ഉണ്ടായിരിക്കുമെന്ന് തെറ്റിദ്ധരിച്ചായിരിക്കാം. ഈഴവ യുവാക്കള്‍ അവരെ ബന്ധിച്ചിരിക്കുന്ന ജാതിശൃംഖല പൊട്ടിക്കുവാന്‍ അക്ഷമരായിരിക്കുന്നു’ (പുറം 37). സഹോദരന്‍ അയ്യപ്പന്റെ അഭിപ്രായം ഇപ്രകാരമാണ്: ‘തൊപ്പിയിട്ട പുലയനെ മുസ്‌ലിംകള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്യുന്നിടത്തോളം വെന്തീഞ്ഞയിട്ട പുലയനെ ക്രിസ്ത്യാനികള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്കയില്ല. മതവിശ്വാസം നോക്കിയാലും ക്രിസ്തുമതത്തോളം തന്നെ അന്ധവിശ്വാസം ഇസ്‌ലാമിനില്ല. ഭാവി ഇന്ത്യയിലെ ശക്തിയേറിയ മതം ക്രിസ്തുമതത്തേക്കാള്‍ തീര്‍ച്ചയായും ഇസ്‌ലാമായിരിക്കുമെന്നുള്ളത് നിരാക്ഷേപമാണ്’ (പുറം 48) ഇസ്‌ലാംമത തത്ത്വങ്ങളാണ് എ.കെ. ഭാസ്‌കര്‍ ഈ കൃതിയില്‍ വിവരിച്ചിരിക്കുന്നത്. ‘ഇസ്‌ലാംമതത്തിന്റെ മൂലപ്രമാണങ്ങള്‍ ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ സകല മതങ്ങളിലും കാണപ്പെടുന്നവ മാത്രമാണ്. അതിനാല്‍ ഒരുവന്‍ മുസ്‌ലിമാകുമ്പോള്‍, കൂടുതലായി, അധികമൊന്നും, വിശ്വസിക്കേണ്ടതായി വരില്ല; കുറേ അന്ധവിശ്വാസങ്ങളെ വര്‍ജിക്കണമെന്നേയുള്ളൂ’ (പുറം 51) എന്നാണ് ഭാസ്‌കര്‍ പറഞ്ഞിരിക്കുന്നത്.

അന്നത്തെ എം.എല്‍.സി ആയിരുന്ന പട്ടികജാതിയില്‍പ്പെട്ട കെ.പി. വള്ളോന്‍, കൊച്ചി പുലയ മഹാജനസഭ സെക്രട്ടറി പി.സി. ചാഞ്ചന്‍ (എക്‌സ് എം.എല്‍.സി) ഇ.വി. രാമസ്വാമി നായ്ക്കര്‍ എന്നിവരുടെ ആശംസകളും ഉദ്‌ബോധനങ്ങളും ഈ കൃതിയില്‍ കാണാം. ഇ.വി. രാമസ്വാമി പറയുന്നത് ശ്രദ്ധേയമാണ്: ‘കേരളത്തിലെ ഈഴവരാണ് തെക്കേ ഇന്ത്യയില്‍ ഏറ്റവും ഉല്‍ബുദ്ധരായ ജനത. അവര്‍ മതത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് ഒരു ശുഭ സൂചനയാണ്.’ (പുറം 59)

വംശീയത എന്ന മനുഷ്യരാശിയുടെ ഏറ്റവും വലിയ നിശ്ചലതയെ, ആശയരഹിതമായ പോരിന്റെ കാരണത്തെ മറികടക്കാനുള്ള വമ്പിച്ച ആന്തരിക ശേഷിയുള്ള ചലനാത്മകതയാണ് മതംമാറ്റം. നമ്മുടെ മതേതര സമൂഹത്തിന്, പ്രത്യേകിച്ച് സാമ്പ്രദായിക ഇടതുപക്ഷത്തിന് മതംമാറ്റ വിവാദങ്ങളില്‍ ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയാതിരിക്കുന്നത് മതത്തിന്റെ ഈ സാധ്യത തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതുകൊണ്ടാണ്. ഇടതുപക്ഷം മേല്‍ക്കോയ്മ നേടിയ നമ്മുടെ പൊതുബോധം എന്നും ഒറ്റശ്വാസത്തില്‍ പറയാറുള്ളത് ‘ജാതിമത ശക്തികള്‍’ എന്നാണല്ലോ? ജാതിയെയും മതത്തെയും ഒരേപോലെ കണക്കാക്കുന്നവര്‍ക്ക് മതംമാറ്റത്തിന്റെ സാധ്യതയെയും മതംമാറ്റത്തോടുള്ള എതിര്‍പ്പിനെയും ശരിയായി മനസ്സിലാക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മതംമാറ്റത്തിന്റെ നവോത്ഥാനപരവും വിമോചനപരവുമായ സാധ്യതയെ ചരിത്രപരമായി ആര്‍ക്കും തള്ളിക്കളയാനാവില്ല. മതംമാറ്റ സാധ്യതകളില്ലാതാവുക എന്നതിന്റെ ഫലം ഇസ്‌ലാമിലേക്കും ക്രിസ്തുമതത്തിലേക്കും ബുദ്ധമതത്തിലേക്കുമുള്ള മാറ്റത്തിനുള്ള സാധ്യതയെ തടയുന്നു എന്നത് മാത്രമല്ല, മതം കാരണമായി പീഡിപ്പിക്കപ്പെടുന്ന താഴ്ന്ന ജാതിക്കാര്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ ഹിന്ദു മതത്തോടും ഹിന്ദു മതത്തിനകത്തും വിലപേശാനുള്ള സാധ്യതയെക്കൂടി ഇല്ലാതാക്കുന്നു എന്നതുകൂടിയാണ്.

ഹിന്ദുമതത്തെ പരിഷ്‌കരിക്കുന്നതില്‍ മതംമാറ്റ സമ്മര്‍ദം വലിയ പങ്കുവഹിച്ചിട്ടുണ്ട്. മതംമാറ്റ വിരുദ്ധത ആ സാധ്യതയെക്കൂടിയാണ് ഇല്ലാതാക്കുന്നത്. വൈക്കം ക്ഷേത്രത്തിന് മുമ്പിലുള്ള വഴിയിലൂടെ വഴിനടക്കാന്‍ ഈഴവര്‍ ഉള്‍പ്പെടെയുള്ള അധഃസ്ഥിത ജാതിക്കാരുടെ അവകാശത്തിനു വേണ്ടി നടന്ന വൈക്കം സത്യാഗ്രഹത്തില്‍ ഗാന്ധിജി ഇടപെടാനുണ്ടായ കാരണം അലി സഹോദരന്മാരുടെ ഒരു പ്രസ്താവനയാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ‘നിങ്ങള്‍ വഴികൊടുക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ആ പാവങ്ങളെ ഇസ്‌ലാമില്‍ ചേര്‍ത്തുകൊള്ളാം.’ ക്ഷേത്രപ്രവേശനം അനുവദിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഇസ്‌ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ ബുദ്ധമതത്തിലേക്കോ മതംമാറുമെന്ന തിരുവിതാംകൂറിലെ ഈഴവ സമൂഹത്തിന്റെ ഭീഷണിയാണ് ക്ഷേത്രപ്രവേശന വിളംബരത്തിന് കാരണമായത്. ചുരുക്കത്തില്‍ ആശയം സംവാദത്തിന്റെ വേലിയിറക്ക കാലത്ത് നവോത്ഥാനമെന്നത് കെട്ടു കാഴ്ച്ചകളല്ലെന്നും മതങ്ങളും മതപരിവര്‍ത്തനവും നവോത്ഥാനത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും അതിന്റെ ചരിത്രപരതയെ നിഷേധിച്ചു കൊണ്ട് മുന്നോട്ടു പോവാന്‍ സാധ്യമല്ലെന്നും തിരിച്ചറിയേണ്ടതുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.