2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ഓര്‍ക്കാം നന്ദിയോടെ, ആദ്യാക്ഷരം ചൊല്ലിത്തന്നവരെ

ഇന്ന് അധ്യാപകദിനം

എ.കെ സിന്ധു മണ്ണൂര്‍

‘അധ്യാപകര്‍ നാളെയുടെ വഴികാട്ടികള്‍’ എന്നാണൊരു ചൊല്ല്. ആ വാക്യത്തിന് ഏറെ പ്രസക്തിയുണ്ട്. അധ്യാപകന്‍ സ്വയം കാണുകയും കേള്‍ക്കുകയും ചെയ്യുന്നവനും കേട്ടതും കണ്ടതും വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കുന്നവനുമല്ല. കുട്ടികളുടെ കണ്ണിലൂടെ കാണാനും കാതിലൂടെ കേള്‍ക്കാനും മനസിലൂടെ ചിന്തിക്കാനും അവരെ പ്രാപ്തരാക്കുന്നവനാണ് യഥാര്‍ഥ അധ്യാപകന്‍, ഇരുളില്‍ നിന്നു വെളിച്ചത്തിലേക്ക് നയിക്കുന്നവന്‍.
ഇന്ന് അധ്യാപകദിനമാണ്. മികച്ച അധ്യാപകന്‍, എഴുത്തുകാരന്‍, രാഷ്ട്രപതി എന്നീ നിലകളില്‍ പ്രസിദ്ധനായ ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനം. പ്രതിസന്ധികളില്‍ തകര്‍ന്നും തളര്‍ന്നും പോകുന്നവര്‍ക്കു പ്രത്യാശയും പ്രതീക്ഷകളുമരുളുന്ന സൂര്യതേജസായി മാറിയ മഹാനായ അധ്യാപകനായിരുന്നു ഡോ. എസ് രാധാകൃഷ്ണന്‍. അക്കാരണത്താലാണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്നത്.
ആത്മാര്‍ത്ഥതയും അഭിമാനബോധവുമുള്ള അധ്യാപകരാണു സമൂഹത്തെ ദിശാബോധത്തോടെ നയിക്കുന്നതും പുതുതലമുറയെ വളര്‍ത്തുന്നതും. പ്രതിഭയുടെ വെട്ടം എവിടെയുണ്ടോ അവിടെ അവരുടെ കണ്ണുകള്‍ പതിയുന്നു. പിന്നെ, പ്രേരണയും പ്രോത്സാഹനവും കൈത്താങ്ങുമായി അധ്യാപകര്‍ മാറുന്നു. അറിവുതേടിയുള്ള യാത്രയിലെ അമരക്കാരന്‍.
ഒരേ നഗരത്തില്‍ ഒരേ തെരുവില്‍ ജീവിക്കുന്ന രണ്ടു വ്യക്തികള്‍ രണ്ടു വ്യത്യസ്ത ലോകങ്ങളിലായി ജീവിക്കുന്നതു കാണാം. എവിടെ നാം താമസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അതാണു നമ്മുടെ ലോകം. ആ ലോകത്തിലെ ഓരോ വ്യക്തിയെയും രൂപപ്പെടുത്തുന്നത് അവിടുത്തെ പരിസരവും പാരമ്പര്യവുമാണ്. വിദ്യാഭ്യാസമുള്ളതുകൊണ്ടു മാത്രമായില്ല, അതു വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തണം.

അങ്ങനെ ഉചിതമായ രീതിയില്‍ വിദ്യാഭ്യാസത്തെ പ്രയോജനപ്പെടുത്താനുള്ള വഴി തുറന്നുതരുന്നവനാണ് അധ്യാപകന്‍. ശിശുവിനെ പൂര്‍ണമനുഷ്യനാക്കുന്ന പരിശീലനമാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം. ശരിയായ ജീവിതം നയിക്കാനുള്ള പാതയാണ് അധ്യാപകന്‍ കാണിച്ചുതരുന്നത്. ആ നേര്‍വഴിയില്‍നിന്നു കുട്ടികള്‍ വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതു രക്ഷിതാക്കളുമാണ്.
നക്ഷത്രമാണു ലക്ഷ്യമെങ്കില്‍ അതിലേയ്ക്കുള്ള നന്മയും സ്‌നേഹവും നിറഞ്ഞ മാര്‍ഗം കണ്ടെത്താനുള്ള സഹായം അധ്യാപകനില്‍ നിന്ന് വിദ്യാര്‍ഥിക്ക് കിട്ടുന്നു. ഗുരുമുഖത്തു നിന്നു വിദ്യയഭ്യസിച്ച കാലത്തുനിന്നു ആധുനികവിദ്യാഭ്യാസം വിരല്‍തുമ്പിലെ ഇലക്ട്രോണിക് മീഡിയയില്‍ എത്തി നില്‍ക്കുന്നു. പക്ഷേ, അപ്പോഴും അധ്യാപകനുള്ള അഗ്രിമസ്ഥാനത്തിനു ഭ്രംശം വന്നിട്ടില്ല. ‘മാതാ പിതാ ഗുരു ദൈവം’ എന്നാണല്ലോ.
മനുഷ്യന്റെ സ്വഭാവരൂപീകരണം നടക്കുന്ന പ്രധാന കാലഘട്ടമാണ് അഞ്ചു മുതല്‍ പതിനേഴു വയസുവരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസകാലം. വിദ്യാര്‍ഥി ഏകദേശം 25,000 മണിക്കൂറാണ് സ്‌കൂളില്‍ ചെലവഴിക്കുന്നത്. കാലത്തുമുതല്‍ വൈകിട്ടുവരെയുള്ള ഈ മണിക്കൂറുകളാണു പഠനത്തിനുള്ള മികച്ച സമയം. മൂല്യവ്യവസ്ഥയോടുകൂടിയ ദൗത്യകേന്ദ്രീകൃത പഠനത്തിന് ഏറ്റവും മികച്ച അന്തരീക്ഷം സ്‌കൂള്‍ തന്നെയാണ്. ഗ്രീക്ക് അധ്യാപകനായ ബെസ്‌ടോളസി ഇങ്ങനെ പറഞ്ഞു, ‘ഏഴുവയസുള്ള കുട്ടിയെ എനിക്കു തരിക. അതിനുശേഷം ദൈവത്തിനോ പിശാചിനോ ആ കുട്ടിയെ എടുക്കാം. അവര്‍ക്ക് ആ കുട്ടിയെ മാറ്റാനാകില്ല.’ അതാണ് അധ്യാപകരുടെ ആത്മവിശ്വാസം. അതായിരിക്കണം അധ്യാപകരുടെ മനോഭാവം, താന്‍ പരിശീലിപ്പിച്ച വിദ്യാര്‍ഥിയെ സന്മാര്‍ഗത്തില്‍നിന്നു വ്യതിചലിപ്പിക്കാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന വിശ്വാസം.
വിഖ്യാതശാസ്ത്രജ്ഞനായിരുന്ന മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം അധ്യാപകനായി അറിയപ്പെടാനാണ് ആഗ്രഹിച്ചത്. അധ്യാപനമെന്നതു ജീവിതാവസാനംവരെ ആദരവു കിട്ടുന്ന സ്ഥാനം മാത്രമല്ല, അതൊരു പഠനകാലം കൂടിയാണ്. എന്നും പുതിയ അറിവുകള്‍ ആര്‍ജ്ജിക്കാനായി അതിന്റെ വേരുകള്‍ തേടി ഇറങ്ങുകയും കിട്ടിയ അറിവ് ആയിരങ്ങളിലെത്തിക്കുകയും ചെയ്യുന്ന മനസ് അധ്യാപകനല്ലാതെ മറ്റാര്‍ക്കാണുള്ളത്.

കുട്ടികളുടെ മാനസികവും വൈകാരികവുമായ സഹകരണത്തിലൂടെയാണു യഥാര്‍ത്ഥ വിദ്യാഭ്യാസം സംഭവിക്കുന്നത്. അതിനവനെ പ്രാപ്തനാക്കാന്‍ അധ്യാപകനു തികഞ്ഞ സഹിഷ്ണത വേണം. പഠിപ്പിക്കുന്ന കാര്യങ്ങളെ സാമൂഹിക ജീവിതവുമായി ബന്ധപ്പെടുത്താന്‍ അധ്യാപകന്‍ ശ്രമിക്കണം. അപ്പോഴേ വിദ്യാര്‍ഥിയുടെ മനസു തുറക്കൂ. അതോടെ അവര്‍ സ്‌നേഹവും ആത്മാര്‍ഥയുമുള്ളവരാകും. ജെ. ആര്‍ ലോവല്‍ പറഞ്ഞപോലെ സ്‌നേഹം, പ്രതീക്ഷ, സമാധാനം എന്നിവ പഠിപ്പിക്കാന്‍ ദൈവം അനുദിനം അയക്കുന്ന അംബാസിഡര്‍മാരാണു ശിശുക്കള്‍. ഓരോ വ്യക്തിയും പിന്നോട്ടു ചിന്തിക്കുമ്പോള്‍ അയാളെ സ്വാധീനിച്ച, ഒരിക്കലും മറക്കാനാവാത്ത നിറപുഞ്ചിരിയുമായി നില്‍ക്കുന്ന അധ്യാപകനുണ്ടായിരിക്കും. ഒരിക്കല്‍ക്കൂടി കണ്ടിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്ന ഒരാള്‍.
സ്വന്തം ജീവിതം അറിവിനുവേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടമാക്കി മാറ്റിയ ഹെല്ലെന്‍ കെല്ലറെ ഓര്‍ക്കുക. അന്ധയും ബധിരയുമായിരുന്നു ആ പെണ്‍കുട്ടി. ഇച്ഛാശക്തിയുടെയും വിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ പ്രത്യാശയുടെ വെളിച്ചമായി ജീവിതത്തെ സധൈര്യം നേരിടാന്‍ അവള്‍ക്കു കരുത്തു പകര്‍ന്നതു ഗുരുവായിരുന്നു.
ചേറില്‍ നിന്നു പൊന്‍കതിരും ചെളിയില്‍ നിന്നു ചെന്താമരയും വിരിയുന്നതിന്റെ പിന്നിലെ ശക്തി അധ്യാപകന്‍ തന്നെയാണ്.
സ്‌നേഹസ്പര്‍ശം കൊണ്ട് ആയിരങ്ങളെ അറിവിന്റെ അനന്തവിഹായസിലേക്ക് ഉയര്‍ത്താനുള്ള അവരുടെ യത്‌നം കണ്ടില്ലെന്നു നടിക്കാനാവില്ല. നല്ല വ്യക്തികള്‍ ചേര്‍ന്നു നല്ല കുടുംബവും നല്ല കുടുംബങ്ങള്‍ ചേര്‍ന്നു നല്ല സമൂഹവും നല്ല സമൂഹങ്ങള്‍ ചേര്‍ന്നു നല്ല രാജ്യവും ഉണ്ടാകുമെന്നാണല്ലോ. ഓരോ വിദ്യാര്‍ഥിയെയും മൂല്യബോധമുള്ളവനായി വളര്‍ത്തിയാല്‍ നല്ല രാജ്യമുണ്ടാകും. ആ കര്‍ത്തവ്യമാണ് അധ്യാപകര്‍ ചെയ്യുന്നത്.
ഈ അധ്യാപകദിനത്തില്‍ സ്‌നേഹനിധികളായി അറിവിന്റെ ആദ്യാക്ഷരങ്ങള്‍ ഓതിത്തന്ന ഗുരുക്കന്മാരെ സ്‌നേഹത്തോടെ സ്മരിക്കാം. മഹത്തായ ഈ രാജ്യത്തെ നമുക്ക് ഉടയാതെ സംരക്ഷിക്കാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.