2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രളയബാധിത പ്രദേശങ്ങളില്‍ ഭീഷണിയായി പകര്‍ച്ചവ്യാധികളും: പത്തനംതിട്ടയില്‍ 46 പേര്‍ക്ക് എലിപ്പനി, 114 പേര്‍ക്ക് ഡെങ്കിപ്പനി, നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തവും

തിരുവനന്തപുരം: പ്രളയബാധിത മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നു. എലിപ്പനിയും ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വെള്ളം കയറിയ മേഖലകളില്‍ പടരുന്നുണ്ട്. ജാഗ്രതപാലിച്ചില്ലെങ്കില്‍ ഇനിയും ജലദന്യരോഗങ്ങള്‍ക്ക് സാധ്യത ഏറെയാണെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
അതിനിടെ പത്തനംതിട്ടയില്‍ 46 പേര്‍ക്ക് എലിപ്പനിയും 114 പേര്‍ക്കും ഡെങ്കിപ്പനിയും നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. പത്തനംതിട്ടയില്‍ അപൂര്‍വ പകര്‍ച്ചവ്യാധിയായ മെലിയോയ്‌ഡോസിസ് ബാധിച്ച ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. ഈ കുട്ടിയുടെ സഹോദരി ഇതേ അസുഖം ബാധിച്ച് അടുത്തയിടെ മരിച്ചിരുന്നു. മലിന ജലത്തിലൂടെ പടരുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഒടുവിലാണ് മെലിയോയ്‌ഡോസിസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വയനാട് ദുരിതാശ്വാസ ക്യാംപില്‍ നേരത്തെ ഭക്ഷ്യവിഷബാധയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ക്യാംപുകളില്‍ വിതരണം ചെയ്യരുതെന്ന കര്‍ശനനിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കോഴഞ്ചേരിയില്‍ ഈ രോഗം സ്ഥിരീകരിച്ച 16കാരന്‍ ഒരുമാസം മുമ്പ് മരിച്ചിരുന്നു. ഈ കുട്ടിയുടെ സഹോദരന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ഇതേ അസുഖം ബാധിച്ച് കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞമാസം രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും അതീവ ജാഗ്രതയില്‍ തന്നെയാണ് തുടരുന്നത്. മലപ്പുറത്തെ കവളപ്പാറ, വയനാട്ടിലെ പുത്തുമല എന്നിവിടങ്ങളില്‍ നിന്ന് ഇതുവരെ പറയത്തക്ക പകര്‍ച്ചവ്യാധികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കടുത്ത ജാഗ്രതയില്‍ തന്നെയാണ് പ്രദേശവും ദുരിതാശ്വാസ ക്യാംപുകളും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.