2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റമദാനിലും ചൈനയിലെ ചുവപ്പന്‍ ഭീകരത രക്തം ചിതറുന്നു

വിവര്‍ത്തനം: മുഹമ്മദ് അഫ്‌സല്‍ പി.ടി

 

ചൈനയിലെ സിന്‍ജിയാങ്ങില്‍ ഡസന്‍കണക്കിന് മുസ്‌ലിം പള്ളികളും പുണ്യസ്ഥലങ്ങളും ചൈനീസ് ഭരണകൂടം തകര്‍ത്തതായി റിപ്പോര്‍ട്ട്. ബ്രിട്ടിഷ് പത്രമായ ഗാര്‍ഡിയന്‍ പത്രവും ബെല്ലിങ് കാറ്റും ചൊവ്വാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സാറ്റലൈറ്റ് ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തില്‍ പതിനഞ്ചോളം പള്ളികളും രണ്ടു മത കേന്ദ്രങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ പൊളിച്ചു നീക്കിയതായി കണ്ടെത്തി. 2016 മുതല്‍ 31 പള്ളികളും രണ്ടു പുണ്യസ്ഥലങ്ങളും ആണ് തകര്‍ക്കപ്പെട്ടത്. ചില കെട്ടിടങ്ങളുടെ മിനാരങ്ങളും താഴികക്കുടങ്ങളും അവര്‍ നീക്കം ചെയ്യുകയും ചെയ്തു.

സിന്‍ജിയാങ്ങില്‍ ജീവിക്കുന്ന പന്ത്രണ്ട് മില്ല്യന്‍ മുസ്‌ലിംകള്‍ക്ക് മേല്‍ ചൈന ഏറെക്കാലമായി തുടര്‍ന്നുപോരുന്ന അതിക്രമങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണിത്. അന്വേഷണത്തില്‍ പങ്കെടുത്ത് വിവരശേഖരണം നടത്തിയ സി. ജെ വേള്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 


ജര്‍മനിയിലെ നാസി കാലഘട്ടത്തിന് സമാനമായ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍, നിര്‍ബന്ധിത വിവാഹം, കുട്ടികളെ ദത്തെടുത്ത് വന്ധ്യംകരിക്കുക തുടങ്ങി ക്രൂരമായ ആസൂത്രിത സംവിധാനങ്ങളിലൂടെ ഒരു സാംസ്‌കാരിക വംശഹത്യ എന്ന് പറയാവുന്ന തരത്തില്‍ ശക്തമായ അടിച്ചമര്‍ത്തല്‍ നയങ്ങളണ് ഭരണകൂടം സ്വീകരിക്കുന്നത് എന്ന് ബോധ്യപ്പെടാന്‍ ഇതിലപ്പുറം തെളിവുകളുടെ ആവശ്യമില്ലെന്നും വേള്‍മാന്‍ പറയുന്നു.

പ്രതിവര്‍ഷം ആയിരക്കണക്കിനു ഉയ്ഗൂറുകളെ ആകര്‍ഷിക്കാറുള്ള ഇമാം ആസ്വിം മസാറും തകര്‍ക്കപ്പെട്ട കേന്ദ്രങ്ങളില്‍ പെടും. കബറിടമൊഴിച്ചുള്ള കേന്ദ്രത്തിന്റെ പള്ളിയും മറ്റു അനുബന്ധ കെട്ടിടങ്ങളുമെല്ലാം പൊളിച്ചുനീക്കിയ തായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഉയിഗൂര്‍ മുസ്ലിംകളുടെ ചരിത്രവും പൈതൃകവും പേറുന്ന പുണ്യ കേന്ദ്രങ്ങളും മറ്റും തകര്‍ക്കുന്നതിലൂടെ അവയെ അനാദരിക്കുന്നതിനപ്പുറം അവരുടെ സംസ്‌കാരത്തെ പിഴുതെറിയാനും മണ്ണിനോടുള്ള ബന്ധത്തെ വിഛേദിക്കാനുമാണ് ചൈന താല്‍പര്യം കാട്ടുന്നതെന്ന് വ്യക്തമാണ്. നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഇസ്ലാമിക ചരിത്രാധ്യാപകനായ റയാന്‍ തും പറയുന്നു.

ഒരു മില്യണിലേറെ ഉയിഗൂറുകളെ ചൈന അന്യായമായി തടവില്‍ പാര്‍പ്പിക്കുന്നതിന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായി യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അവ ഇസ്ലാമിക തീവ്രവാദ ഭീഷണിയെ ഇല്ലാതാക്കുന്നതിനായി തങ്ങള്‍ സ്ഥാപിച്ച ട്രെയിനിംഗ് കേന്ദ്രങ്ങളാണ് എന്നാണ് ചൈനയുടെ വാദം.

 

ചൈനയുടെ പല ഭാഗങ്ങളിലും ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ വിലക്കപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. നിസ്‌കരിക്കുന്നതും വ്രതമനുഷ്ഠിക്കുന്നതും താടി വളര്‍ത്തുന്നതും ഹിജാബ് ധരിക്കുന്നതുമൊക്കെ അറസ്റ്റ് ലഭിക്കുന്ന കുറ്റമാണിപ്പോള്‍. 1216 വയസിനിടയിലുള്ള എല്ലാവരുടെയും ഡിഎന്‍എ, വിരലടയാളം, രക്ത ഗ്രൂപ്പ് തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ വരെ ചൈന ശേഖരിച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു.

കഴിഞ്ഞ ജനുവരിയില്‍ ഇസ്ലാമിനെ ചൈനീസ് വല്‍കരികരിക്കാനുള്ള നിയമം ചൈന പാസാക്കുകയും ചെയ്തിരുന്നു.
സിന്‍ജിയാങ്ങില്‍ ചൈന കൂട്ടതടവു കേന്ദ്രങ്ങള്‍ നടത്തുന്നുവെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നത് യു.എസിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ യു.എസിന്റെ ഉപരോധ ശ്രമങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. മേഖലയിലെ തിരോധാനങ്ങളെയും അന്യായമായ തടവുശിക്ഷയെയും പറ്റിയുള്ള സമഗ്ര അന്വേഷണത്തിന് യു. എന്‍ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ മിഷേല്‍ ബാഷ് ലറ്റ് ചൈനയുടെ അനുമതി തേടിയിട്ടുണ്ട്.

ഉയിഗൂരുകളും മറ്റു മുസ്‌ലിം ന്യൂനപക്ഷ ജനവിഭാഗങ്ങളും അധിവസിക്കുന്ന സിന്‍ ജിയാങ് മധേഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. ഉയിഗൂര്‍ മുസ്ലിംകള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഈയിടെയായി വര്‍ധിച്ചത് ചൈനയുടെ വംശീയ ഉന്മൂലന ശ്രമങ്ങള്‍ക്ക് ഏറെ വെല്ലുവിളിയാകുന്നുണ്ട്.

നോമ്പുകാലത്തു പോലും ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. നോമ്പു നോല്‍ക്കുന്നതു പോലും നിരീക്ഷിക്കാന്‍ ഇവിടെ സുരക്ഷജീവനക്കാരാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.