2020 January 25 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പ്രളയാനന്തരം ജലാശയങ്ങളില്‍ പൊടുന്നനെ വെള്ളം ഉള്‍വലിയുന്ന പ്രതിഭാസം: ആശങ്കയോടെ ജനം

അഷറഫ് ചേരാപുരം

കോഴിക്കോട്: പ്രളയ ശേഷം വെള്ളം ഉള്‍വലിയുന്നു. കഴിഞ്ഞ പ്രളയശേഷം കേരളത്തിലുണ്ടായ വെള്ളം പൊടുന്നനെ ഉള്‍വലിയുന്ന പ്രതിഭാസമാണ് ഇത്തവണയും കണ്ടു തുടങ്ങിയിരിക്കുന്നത്. പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങി ഒട്ടുമിക്ക ജല സ്രോതസുകളിലും വെള്ളം അസാധാരണമായി താഴുകയാണ്.
പ്രളയത്താല്‍ പൊറുതിമുട്ടിയവര്‍ പൊടുന്നനെ വെള്ളം താഴുന്നത് കാണുമ്പോള്‍ ആശങ്കപ്പെടുകയാണ്. കഴിഞ്ഞ തവണ ഇതേ പ്രതിഭാസം ഉണ്ടായപ്പോള്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് ഇത്തവണയും പറയപ്പെടുന്നത്. അതിതീവ്ര മഴയും വെള്ളപ്പൊക്കവും പുഴയുടെ തടങ്ങളിലും മറ്റുമുണ്ടാക്കിയ മാറ്റങ്ങളാണ് വെള്ളം വേഗത്തില്‍ ഒഴുകിയൊലിച്ച് പോകാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഭൂഗര്‍ഭ ജലത്തെ പിടിച്ചു നിര്‍ത്തുന്ന പുഴകളിലെയും മറ്റും മണലിന്റെ പാളിയും അടിയിലുള്ള കളിമണ്ണിന്റെയും ചെളിയുടെയും പാളിയും ഒഴുകിനീങ്ങിയതിനാല്‍ പുഴയുടെ തടത്തില്‍ വെള്ളം പിടിച്ചുനിര്‍ത്താനാവാത്ത അവസ്ഥയുണ്ടായി. മണല്‍, കളിമണ്ണ് തുടങ്ങി സ്വാഭാവികമായി പുഴയുടെ അടിത്തട്ടുകളില്‍ നിലനില്‍ക്കുന്ന പാളികള്‍ വെള്ളം പെട്ടന്ന് കടലിലേക്ക് ഒഴുക്കാതെ തടഞ്ഞു നിര്‍ത്തുമായിരുന്നു.
എന്നാല്‍ അതി ശക്തമായ മലവൈള്ളപ്പാച്ചിലില്‍ ഈ തടങ്ങള്‍ മുഴുവന്‍ ഒലിച്ചുപോവുകയും പകരം മലയും കുന്നും പാറകളും ഇടിഞ്ഞെത്തിയ മണ്ണും ചെളിയുമെല്ലാം നിറയുകയുമായിരുന്നു. ഇവ വെള്ളത്തെ തടുത്തു നിര്‍ത്താനോ ഭൂമിയിലേക്ക് ഇറക്കാനോ കഴിയുന്നവയല്ല. ഇതിനു പുറമേ ഭൂഗര്‍ഭജലത്തെ ഉള്‍ക്കൊള്ളുന്ന ശിലകളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളും ഭൗമാന്തര്‍ഭാഗത്തെ വ്യതിയാനങ്ങളും ഈ പ്രതിഭാസത്തിന് മറ്റൊരു കാരണമായി പറയുന്നു.

സാധാരണ നിലയില്‍ മലനിരകളും കുന്നുകളും മഴവെള്ളത്തിന്റെ അസാധാരണ ശേഖരണങ്ങളാണ്. മഴകഴിഞ്ഞാലും ഈ സംഭരണികളിലെ വെള്ളം പുഴകളിലൂടെയും മറ്റും കുറേശ്ശെയായി പുറത്തുവിട്ടുകൊണ്ടിരിക്കും. എന്നാല്‍ ഇപ്പോള്‍ പെയ്ത പെരുമഴ ഭൂഗര്‍ഭത്തില്‍ ശേഖരിക്കപ്പെട്ടില്ല. മലകള്‍ പലതും ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും താഴേക്കുപോരുകയും ചെയ്തു. പ്രളയത്തില്‍ പുഴകളുടെ നീരൊഴുക്കിന്റെ ദിശ മാറുന്നതും സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുന്നതും മാലിന്യങ്ങള്‍ വന്‍ തോതില്‍ അടിഞ്ഞ് കൂടുന്നതും വെള്ളം കുറയാന്‍ കാരണമാവുന്നുണ്ട്.

പുഴയിലെയും തോടുകളിലെയും വെള്ളം താഴുന്നതോടെ കിണറുകളെയും ജലസംഭരണികളെയും ബാധിക്കുന്നുണ്ട്. ജലവിഭവ വികസന വിനിയോഗ കേന്ദ്ര (സി.ഡബ്ല്യു.ആര്‍.ഡി.എം.) ഈ പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇത്തവണ പ്രളയത്തേക്കാള്‍ ഉരുള്‍പൊട്ടലുകള്‍ ഭീതി വിതച്ച അവസ്ഥയില്‍ മലബാറിലെ പാരിസ്ഥിതിക, ജല വിതാനങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും പ്രതിവിധികളും കണ്ടെത്തേണ്ടതുണ്ടെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞനായ ഡോ.സി.പി പ്രിജു പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.