2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

റയലിസം

 

ആംസ്റ്റര്‍ഡാം: ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ റയലിന് ജയം. 2-1 എന്ന സ്‌കോറിനായിരുന്നു റയല്‍ മാഡ്രിഡ് ഡച്ച് ക്ലബായ അയാക്‌സിനെ തകര്‍ത്തത്. റയലിനെ വിറപ്പിച്ചാണ് അയാക്‌സ് സ്വന്തം മൈതാനത്ത് ഒരു ഗോളിന് കീഴടങ്ങിയത്. ആദ്യം അയാക്‌സ് പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും വാറ് റിവ്യൂയിലൂടെ ഓഫ് സൈഡാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോള്‍ നിഷേധിക്കുകയായിരുന്നു. കളിയിലുടനീളം അയാസ്‌കിന്റെ യുവനിര റയലിനെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും മികച്ച അവസരങ്ങള്‍ അയാക്‌സ് സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ കാരണം ഗോള്‍ കണ്ടെത്താനായില്ല. കിട്ടിയ രണ്ട് അവസരങ്ങളും ലക്ഷ്യത്തിലെത്തിച്ചതോടെയാണ് റയലിന് ജയം സ്വന്തമാക്കാനായത്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ വിനീഷ്യസില്‍നിന്ന് ലഭിച്ച പന്ത് ആദ്യ ടച്ചില്‍ തന്നെ ബെന്‍സേമ വലയിലെത്തിച്ച് ആദ്യ ഗോള്‍ നേടി. ഇതോടെ 60-ാം മിനുട്ടില്‍ അയാക്‌സ് ഒരു ഗോളിന് പിറകിലായി. എന്നാല്‍ നിരന്തരമുള്ള മുന്നേറ്റത്തിനൊടുവില്‍ സുന്ദരമായ നീക്കത്തിലൂടെ അയാക്‌സ് താരം ഹകീം സിയെച്ച് 75-ാം മിനുട്ടില്‍ ഗോള്‍ മടക്കി സമനില പിടിച്ചു. സമനില ഗോള്‍ വന്നതോടെ റയല്‍ മാഡ്രിഡ് വീണ്ടും പ്രതിരോധത്തിലായി. 73-ാം മിനുട്ടില്‍ കരീം ബെന്‍സേമയെ പിന്‍വലിച്ച് അസന്‍സിയോയെ കളത്തിറക്കി. അപകടം വിതച്ചെത്തി അസെന്‍സിയോ പോസ്റ്റിലേക്ക് ഷോട്ടുകള്‍ തൊടുത്തുകൊണ്ടേയിരുന്നെങ്കിലും അയാക്‌സ് പ്രതിരോധം ഉറച്ചുനിന്നു. ഒടുവില്‍ മികച്ചൊരു കൗണ്ടര്‍ അറ്റാക്കില്‍നിന്ന് 87-ാം മിനുട്ടില്‍ അസെന്‍സിയോയാണ് റയലിന്റെ വിജയഗോള്‍ നേടിയത്. അയാക്‌സുമായുള്ള രണ്ടാം പാദമത്സരം അടുത്ത മാര്‍ച്ച് ആറിന് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കും. മറ്റൊരു മത്സരത്തില്‍ ടോട്ടനം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തി. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലായിരുന്നു ബൊറൂസിയയുടെ തോല്‍വി. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിക്ക് ശേഷമായിരുന്നു ടോട്ടനത്തിന്റെ മൂന്ന് ഗോളുകളും പിറന്നത്. 47-ാം മിനുട്ടില്‍ ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹൂങ് മിന്നാണ് ആദ്യ ഗോള്‍ നേടിയത്. 83-ാം മിനുട്ടില്‍ വെര്‍ട്ടോങ്കനും 85-ാം മിനുട്ടില്‍ ഫെര്‍ണാണ്ടോ ല്ലോറെന്റെയും ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. നായകന്‍ ഹാരി കെയ്ന്‍ ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനമാണ് ടോട്ടനം പുറത്തെടുത്തത്. ഡോര്‍ട്മുണ്ട് പലപ്പോഴും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.