2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

റിയല്‍ വാര്‍

 

ആംസ്റ്റര്‍ഡാം: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് റിയല്‍ വാര്‍. സ്പാനിഷ് ലീഗ് കരുത്തരായി റയല്‍ മാഡ്രിഡും ഡച്ച് ടീമായ അയാക്‌സും തമ്മിലാണ് ഇന്നത്തെ മത്സരം. മത്സരത്തിലെ മാനസിക മുന്‍തൂക്കം റയലിനാണെങ്കിലും പൊരുതാന്‍ ശേഷിയുള്ള ടീമാണ് അയാക്‌സ്. നാല് തവണ മാത്രം ചാംപ്യന്‍സ് ലീഗ് കളിച്ച അയാക്‌സിന് ഇന്നത്തെ മത്സരം വിലപ്പെട്ടതാണ്. റയലിനെ കീഴടക്കി ക്വാര്‍ട്ടറിലെത്തുക എന്ന സ്വപ്നവും പേറിയാണ് അയാക്‌സ് ഇറങ്ങുന്നത്. ബയേണ്‍ മ്യൂണിക്ക് ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍നിന്ന് രണ്ടാം സ്ഥാനക്കാരായിട്ടാണ് അയാക്‌സ് പ്രീക്വാര്‍ട്ടറിലെത്തിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ശക്തരായ ബയേണ്‍ മ്യൂണിക്കിനെ 1-1 സമനിലയില്‍ കുരുക്കിയ കരുത്തും അയാക്‌സിനുണ്ട്. ബെന്‍ഫിക്കക്കെതിരേ ഒരു ഗോളിന്റെ വിജയവും അയാക്‌സ് നേടിയിട്ടുണ്ട്. അതേസമയം, ഫോമിലേക്ക് തിരിച്ചെത്തിയ റയല്‍ മാഡ്രിഡ് ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. മികച്ച ഫോമിലുള്ള കരീം ബെന്‍സേമ, ഗരത് ബെയ്ല്‍, വിനീഷ്യസ് ജൂനിയര്‍ എന്നിവരുടെ കരുത്തില്‍ ഇന്ന് ജയിക്കുമെന്നാണ് റയലിന്റെ പ്രതീക്ഷ. ഏറെ നാളായി സമനിലയും പരാജയവും കാരണം ഗതികിട്ടാതിരുന്ന റയല്‍ അഭ്യന്തരലീഗില്‍ മികച്ച മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്തെത്തിയത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സാന്റിയാഗോ സൊളാരിക്ക് കീഴില്‍ ഇന്നത്തെ മത്സരം ജയിക്കാനായാല്‍ റയലിന് സുഖമായി അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് പോയതിന് ശേഷം ക്രിസ്റ്റിയുടെ റോള്‍ കരീം ബെന്‍സേമ ഭംഗിയായി നിറവേറ്റുന്നുണ്ട്. സ്പാനിഷ് താരം ഇസ്‌കോയും മാര്‍ക്കസ് ലോറന്റെയും ഇന്ന് റയല്‍ നിരയിലുണ്ടാകില്ല.

മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ടോട്ടനം ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിടും. പരുക്കേറ്റ ടോട്ടനം താരങ്ങളായ ഡലി അലി, ബെന്‍ ഡേവിസ്, ഹാരി കെയ്ന്‍ എന്നിവരെ ഇന്നത്തെ മത്സരത്തില്‍ കളിപ്പിച്ചേക്കില്ല. ഹാംസ്ട്രിങിന് പരുക്കേറ്റ ഡെലി അലി പരിശീലനത്തിനെത്തിയിട്ടുണ്ടെന്നും മത്സരത്തിനിറങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് ടോട്ടനം മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. ആങ്കിളിന് പരുക്കേറ്റ കെയ്ന്‍ ഇന്ന് കളിക്കില്ല. ഗ്രോയിന്‍ ഇഞ്ചുറിയുള്ള ഡേവിസിന്റെ കാര്യത്തിലും ഒരു തീരുമാനവുമായിട്ടില്ല. അതേസമയം, ഡോര്‍ട്മുണ്ടിന്റെ സൂപ്പര്‍ താരം റൂയിസ്, ജൂലിയന്‍ വെയ്ല്‍, പാകോ അല്‍കാകര്‍ എന്നിവരും ഇന്ന് കളിക്കാനിറങ്ങില്ല. മുന്‍നിര താരങ്ങളുടെ നഷ്ടം ഡോര്‍ട്മുണ്ടിന് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, പരുക്ക് ഭേദമായ ബാലര്‍ദി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ബുണ്ടസ് ലിഗയില്‍ മികച്ച പ്രകടനം നടത്തുന്ന ബൊറൂസിയ ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് ലണ്ടനിലെത്തിയിട്ടുള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.