2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

എന്താണ് യഥാര്‍ഥത്തില്‍ സാംസ്‌കാരിക നായകപ്രശ്‌നം

എ.പി അബ്ദുല്ലക്കുട്ടി 94966 66666

കേരളത്തിലെ എഴുത്തുകാര്‍ പൊതുവേ ഇടതുപക്ഷത്തോട് ഒട്ടിനില്‍ക്കുന്നതിന്റെ കാരണം സുവ്യക്തമാണ്. ഇവിടത്തെ വായനക്കാരില്‍ ബഹുഭൂരിപക്ഷവും ഇടതുചിന്താഗതിക്കാരാണെന്ന് അവര്‍ തെറ്റിദ്ധരിച്ചതാണ് അതിനു കാരണം.
പുസ്തകം വാങ്ങുന്നവര്‍ കൂടുതലും ഇടതുപക്ഷക്കാരാണെന്ന അന്ധവിശ്വാസം നാട്ടില്‍ പരന്നിട്ടുണ്ടെന്നതു സത്യം. മാത്രമല്ല സാംസ്‌കാരിക നേതാക്കള്‍ക്കു കൂടുതല്‍ പ്രൗഢമായ പ്രസംഗവേദികള്‍ ഒരുക്കുന്നതു സി.പി.എം ആണെന്ന വിശ്വാസവുമുണ്ട്.
അതിലുപരി മറ്റൊരു കാരണവുമുണ്ട്. കേരളത്തില്‍ ആറായിരത്തിലധികം ഗ്രന്ഥനാശാലകളുണ്ട്. അതില്‍ മഹാഭൂരിപക്ഷവും സി.പി.എം നിയന്ത്രണത്തിലാണ്. ഗ്രന്ഥശാലകള്‍ക്കു വേണ്ടി പുസ്തകം വാങ്ങുന്നത് അതിന്റെ ഭരണത്തിലിരിക്കുന്നവരായിരിക്കുമല്ലോ.
എന്തു ചവറു പുസ്തകമാണ് എഴുതിയതെങ്കിലും ഇടതുധാരയില്‍ നിന്നു കൊടുത്താല്‍ മാത്രംമതി. ഗ്രന്ഥശാലയുടെ ആളുകള്‍ പരിശോധിക്കുന്നത് എഴുത്തുകാരന്‍ ഏതു നിറക്കാരനാണെന്നായിരിക്കും.
എത്ര മികച്ചു പുസ്തകമാണെങ്കിലും തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത നിറത്തില്‍ വിശ്വസിക്കുന്നവരുടെ പുസ്തകം അവര്‍ വകഞ്ഞു മാറ്റും. ഇഷ്ടക്കാരെ സഹായിക്കും.

അതുകൊണ്ടാണ്, അതുകൊണ്ടു മാത്രമാണ് എഴുത്തുകാര്‍ ഈ ഇടുങ്ങിയ നിലപാടു സ്വീകരിക്കുന്നതെന്നു വേണം വിശ്വസിക്കാന്‍. പുസ്തകമെഴുതിയാല്‍ പോരല്ലോ. അതു വായനക്കാരന്‍ തുറന്നുനോക്കുകയും വേണമല്ലോ.
അതില്‍ നിന്നു കിട്ടുന്ന വരുമാനം തീര്‍ച്ചയായും വരുമാനം തന്നെയാണല്ലോ.
ലളിതമായി പറഞ്ഞാല്‍ നമ്മുടെ എഴുത്തുകാരുടെയും സാംസ്‌കാരിക നായകന്മാരുടെയും വയറ്റുപ്പിഴപ്പിന്റെ കാര്യമാണ് ഈ നിലപാടെടുക്കലിന്റെ മര്‍മം.
കാസര്‍കോട്ടെ ശരത്‌ലാലിന്റെയും കൃപേഷിന്റെയും ഇരട്ടക്കൊലപാതകത്തെ എഴുത്തുകാരും സാംസ്‌കാരികനായകന്മാരും അപലപിക്കാത്തതും പ്രതിഷേധിക്കാത്തതും പ്രതികരിക്കാത്തതുമാണല്ലോ വിവാദവിഷയം. കെ.ആര്‍ മീരയും വി.ടി ബല്‍റാമും തമ്മിലുള്ള സൈബര്‍ യുദ്ധത്തിന്റെയും അടിസ്ഥാനം ഈ പ്രശ്‌നമാണല്ലോ.
ഒരു പക്ഷത്തന്റെയും ഔദാര്യത്തിന്റെ ആവശ്യമില്ലാത്ത അനുഗ്രഹീത എഴുത്തുകാരിയുടെ പ്രതികരണത്തില്‍പ്പോലും ഒരു ഇടതുഭയം മണക്കുന്നുണ്ടെന്നതു സത്യമല്ലേ. ഈ ഇടതു ഭയഭക്തിബഹുമാനം കെ.ആര്‍ മീരയ്ക്കും ടി. പത്മനാഭനും എം. മുകുന്ദനും ഉണ്ടെന്നതു യാഥാര്‍ഥ്യം.
അത് സാക്ഷാല്‍ എം.എന്‍ വിജയന്‍മാഷിനുപോലും ഉണ്ടായിരുന്നു. എഴുത്തിലും ജീവിതത്തിലും സാംസ്‌കാരികപ്രവര്‍ത്തനത്തിലും സന്യാസിയെപോലെ നിസംഗത പാലിച്ചു ജിവിച്ച ആ മഹാപ്രതിഭപോലും കൊലവെറി രാഷ്ട്രീയത്തെക്കുറിച്ചു പ്രതികരിപ്പോള്‍ പാളിപ്പോയിരുന്നു.

വിജയന്‍മാഷുടെ പഴയൊരു വിവാദമായ പ്രസ്താവന ഇങ്ങനെയായിരുന്നു ‘ഗുരുശിഷ്യ ബന്ധത്തേക്കാള്‍ പ്രധാനം മാതൃപുത്രബന്ധമാണ്. പഠിപ്പിക്കുന്ന ഗുരു ശിഷ്യരുടെ മുന്നിലിട്ടു കൊല്ലപ്പെടുന്നതിനേക്കാള്‍ ക്രൂരം പോറ്റിവളര്‍ത്തിയ മകന്‍ മാതാവിന്റെ കണ്മുന്നിലിട്ടു കൊല്ലപ്പെട്ടതാണ്’
കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ്മുറിയില്‍ സി.പി.എം ഗുണ്ടകള്‍ കൊന്നതും കെ.വി സുധീഷിനെ വീട്ടിനകത്ത് ബി.ജെ.പി ഗുണ്ടകള്‍ കൊന്നതും താരതമ്യപ്പെടുത്തിയും വിശകലനം ചെയ്തു മഹാനായ വിജയന്‍ മാഷ് നടത്തിയ പ്രസംഗത്തിലെ വാചകമാണിത്!!
നിരൂപണത്തിലും മനഃശാസ്ത്ര നിരീക്ഷണ കലയിലും പ്രഭാഷണത്തിലും അത്ഭുതപ്രതിഭയായിരുന്ന മാഷ്‌പോലും ഏതോ ദുര്‍ബല നിമിഷത്തില്‍ ഇടതുപ്രീണന സ്വാര്‍ഥതയില്‍ കുടുങ്ങിപ്പോയി എന്ന് ഈ എളിയവന്‍ വിമര്‍ശിച്ചാല്‍ വിജയന്‍ മാഷുടെ ആത്മാവ് എന്നോടു പിണങ്ങില്ലെന്നു കരുതുന്നു.
വിജയന്‍മാഷിന് അതു സംഭവിക്കാമെങ്കില്‍ ആര്‍ക്കും സംഭവിക്കാം, പാവം കെ.ആര്‍ മീരയ്ക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News