2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ആര്‍.സി.ഇ.പി: ഇന്ത്യയില്ലെങ്കില്‍ ഞങ്ങളുമില്ലെന്ന് ജപ്പാന്‍

 

 

 

 

ടോക്യോ: ചൈനയുടെ പിന്തുണയോടെ നടപ്പാക്കുന്ന മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത(ആര്‍.സി.ഇ.പി) കരാറില്‍ ഇന്ത്യ ഒപ്പിടുന്നില്ലെങ്കില്‍ തങ്ങളും ഒപ്പുവയ്ക്കില്ലെന്ന് മുതിര്‍ന്ന ജപ്പാന്‍ ഇടനിലക്കാരന്‍. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്റോ ആബെ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കരാറിലെ ഇടനിലക്കാരന്റെ വെളിപ്പെടുത്തല്‍.
ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പരിഗണിക്കാത്തതിനാല്‍ കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങുകയാണെന്ന് കഴിഞ്ഞമാസം ഹോങ്കോങ്ങില്‍ നടന്ന ആര്‍.സി.ഇ.പി രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ കാര്‍ഷിക-ചെറുകിട മേഖലകളെ കരാര്‍ തകര്‍ക്കുമെന്നതിനാലാണ് ഇന്ത്യ കരാറില്‍ നിന്നു പിന്മാറിയത്. അവശേഷിക്കുന്ന 15 രാജ്യങ്ങള്‍ കരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായും ഇന്ത്യ സൗകര്യപ്പെടുമ്പോള്‍ കരാറിന്റെ ഭാഗമാകട്ടെയെന്നും ചൈന പറഞ്ഞിരുന്നു.
ഇന്ത്യ ഉള്‍പ്പെട്ട കരാറിനെക്കുറിച്ചാണ് തങ്ങള്‍ ചിന്തിച്ചിട്ടുള്ളൂവെന്നും ഒപ്പിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ജപ്പാന്‍ സാമ്പത്തിക-വാണിജ്യ-വ്യവസായ ഉപമന്ത്രി ഹിദേകി മകിഹാര ബ്ലൂംബര്‍ഗുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
മേഖലയില്‍ ചൈനയുടെ മേധാവിത്വത്തിനു ബദലായി ഇന്ത്യയുമായി ബന്ധം ശക്തമാക്കാനാണ് ജപ്പാന്റെ ശ്രമം. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ഈയാഴ്ച സംയുക്ത യോഗം ചേര്‍ന്നിരുന്നു.
യു.എസ്, ജപ്പാന്‍, ഇന്ത്യ, ആസ്‌ത്രേലിയ എന്നിവയുടെ വ്യാപാരസഖ്യമായ ക്വാഡ് പുതിയ ശീതയുദ്ധത്തിനു തുടക്കംകുറിക്കുമെന്ന് ചൈന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യയെ കരാറിലുള്‍പ്പെടുത്താന്‍ ജപ്പാന്‍ ശ്രമിക്കുമെന്നും ഹിദേകി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന ആബെയ്‌ക്കൊപ്പം വാണിജ്യമന്ത്രി ഹിരോഷി കജിയാമയുമുണ്ടാവും.
ആസ്‌ത്രേലിയ, ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ന്യൂസിലാന്‍ഡ്, ഫിലിപ്പൈന്‍സ്, സിംഗപൂര്‍, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നിവയാണ് ആര്‍.സി.ഇ.പിയിലുള്ള മറ്റു രാജ്യങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News