2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

ആദിവാസികള്‍ക്ക് റേഷനും തനത് ഭക്ഷ്യധാന്യവും ഊരിലെത്തും

ആരോഗ്യ കേന്ദ്രങ്ങളില്‍ പോഷകാഹാര പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ്

 

 

അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ ആദിവാസികള്‍ക്കും സര്‍ക്കാരിന്റെ കൈത്താങ്ങ്. ആദിവാസികള്‍ക്ക് ഭക്ഷണവും ആരോഗ്യവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭക്ഷണ സാധനങ്ങള്‍ ഊരുകളില്‍ നേരിട്ടെത്തിക്കാനും ആദിവാസികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്നതുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി ഭക്ഷ്യ വകുപ്പിനെയും ആരോഗ്യ വകുപ്പിനെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
ഈ മാസം മുതല്‍ പദ്ധതി നടപ്പിലാക്കും. കേരളത്തിലെ മുഴുവന്‍ ആദിവാസി ഊരുകളിലും റേഷനും തനത് ഭക്ഷ്യധാന്യങ്ങളും നേരിട്ടെത്തിക്കാനാണ് ഭക്ഷ്യ വകുപ്പിനെ ചുമതലപ്പെടുത്തിയത്.
നിലവില്‍ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം 35 കിലോ ഭക്ഷ്യധാന്യത്തിന് ആദിവാസി കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്. പലപ്പോഴും ഇവര്‍ കടകളിലെത്തി റേഷന്‍ വാങ്ങാറില്ല. ഇതൊഴിവാക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
റേഷന്‍ വിതരണത്തിന് പോകുന്നവര്‍ ഇ-പോസ് മെഷീന്‍ ഒപ്പം കൊണ്ടുപോകും. അര്‍ഹതപ്പെട്ട ആദിവാസികള്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കുമെന്ന് ഇതോടെ ഉറപ്പാക്കാനാകും. ആദിവാസി വിഭാഗങ്ങളുടെ തനത് ഭക്ഷ്യധാന്യം ശേഖരിച്ച് ഇവര്‍ക്ക് എത്തിക്കും. ചെറുധാന്യങ്ങളായ റാഗി, തിന, ചാമ, ചോളം എന്നിവയാണ് വിതരണം ചെയ്യുക. റാഗി, ചാമ എന്നിവ 120 ഗ്രാമും തിന 80 ഗ്രാമും ഒരു ദിവസം ഉപയോഗിക്കുന്നുവെന്ന കണക്ക് അടിസ്ഥാനപ്പെടുത്തിയാകും വിതരണം. അട്ടപ്പാടിയിലും തൃശൂരും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടക്കുന്നുണ്ട്. ഇത് വിജയമാണെന്ന് കണ്ടതിനാലാണ് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തനതു ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന ആദിവാസികളില്‍ നിന്ന് അവരുടെ ഉപയോഗം കഴിഞ്ഞുള്ളത് വാങ്ങി ആവശ്യക്കാരായ മറ്റു ആദിവാസികള്‍ക്ക് നല്‍കും.
കൂടുതല്‍ ധാന്യം ആവശ്യമെങ്കില്‍ നാട്ടില്‍ കൃഷി ചെയ്യുന്ന മറ്റു കര്‍ഷകരില്‍ നിന്ന് വാങ്ങും. ആദിവാസി മേഖലയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കുക എന്ന ഉദ്ദേശവും ഇതിലൂടെ സാധ്യമാകും.
ആദിവാസി ഊരുകളിലെ പോഷകാഹാര കുറവ് കാരണം ശിശുമരണ നിരക്ക് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയത്. ഇതിനായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 96 ലക്ഷം രൂപ അനുവദിച്ചു. ആദിവാസി മേഖലകളിലെ 84 കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളില്‍ പോഷകാഹാര പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ആരോഗ്യ വകുപ്പിന് കീഴിലെ സി.എച്ച്.സികളിലെ എല്ലാ സൂപ്പര്‍വൈസറി ജീവനക്കാര്‍ക്കും പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ആദിവാസി മേഖലകളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ വഴി പോഷകാഹാര വിതരണം ചെയ്യുന്നുവെങ്കിലും പോഷകാഹാരക്കുറവ് മൂലമുള്ള ശിശു മരണനിരക്ക് ചില ഗോത്രവര്‍ഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ആദിവാസി ഊരുകളില്‍ പോഷകാഹാരം, ഭക്ഷണ അനുബന്ധ ഇടപെടല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എട്ട് ജില്ലകളില്‍ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കായി പരിശീലനം നല്‍കും.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 84 സി.എച്ച്.സിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍വൈസറി ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുക.
ആദ്യഘട്ടത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കായിരിക്കും പരിശീലനം. രണ്ടാംഘട്ടത്തില്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലുള്ളവര്‍ക്ക് പരീശീലനം നല്‍കും. ഇതിനുപുറമെ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ ആ മേഖലയിലെ ഡയറ്റീഷ്യന്‍മാര്‍ക്ക് ഏകദിന മേഖലാ സെമിനാറും ശില്‍പശാലയും നടത്തും.
ഇടുക്കി, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിലെ 500 ആദിവാസി കുടുംബങ്ങളില്‍ സര്‍വേ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.