2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

Editorial

റാഫേല്‍ ഇടപാട്: സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വരട്ടെ


ഫ്രാന്‍സുമായി ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ റാഫേല്‍ യുദ്ധവിമാനക്കരാര്‍വഴി ഖജനാവിന് 40,000 കോടിയുടെ നഷ്ടം സംഭവിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം കംപ്‌ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലിന് നിവേദനം നല്‍കിയിരിക്കുകയാണ്. ഇടപാട് സംബന്ധിച്ച് ഫോറന്‍സിക് ഓഡിറ്റ് വേണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച എല്ലാ ഇടപാടുകളും പരിശോധിക്കേണ്ടത് തന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്നും പണമിടപാടുകള്‍, കരാറിനായി സ്വീകരിച്ച നടപടിക്രമങ്ങള്‍, ചട്ടലംഘനങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ടെന്നും സിഎജി നിവേദനം നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഭരണഘടനാ സ്ഥാപനങ്ങളായ ജുഡീഷ്യറിയേയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെയും ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിയ കളങ്കിത ചരിത്രവുമായാണ് ബി.ജെ.പി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നോര്‍ക്കണം. റാഫേല്‍ ഇടപാട് സംബന്ധിച്ച് സംയുക്ത പാര്‍ലമെന്റ് സമിതി (ജെ.പി.സി) അന്വേഷണത്തിന് പോലും തയ്യാറാകാത്ത ബി.ജെ.പി സര്‍ക്കാരിന് എന്തൊക്കെയോ മറച്ച് വെക്കാനുണ്ടെന്ന സന്ദേശമാണ് ഇത് വഴി പൊതുസമൂഹത്തിന് നല്‍കുന്നത്. കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ ജെ.പി.സി അന്വേഷണത്തെ ഭയപ്പെടുന്നത്. ജെ.പി.സി സി.എ.ജി, അന്വേഷണം പ്രഖ്യാപിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കറിന്റെ പ്രസ്താവന ഇടപാട് സംബന്ധിച്ച് കൂടുതല്‍ സംശയങ്ങള്‍ക്കാണ് ഇടവരുത്തിയിരിക്കുന്നത്. സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ബി.ജെ.പി അംഗങ്ങളായിരിക്കും ഭൂരിപക്ഷം. എന്നിട്ടുപോലും സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകുന്നില്ല. ഇത്തരമൊരു ചുറ്റുപാടില്‍ സി.എ.ജി കഠിനാധ്വാനം ചെയ്ത് ഇടപാട് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍തന്നെ അത് വെളിച്ചം കാണണമെന്നില്ല. അതാണ് മുന്‍കാല അനുഭവങ്ങള്‍. സര്‍ക്കാരിന്റെ ഭീഷണിക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥരുടെയും ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെയും വീടുകളില്‍ അര്‍ദ്ധരാത്രിയില്‍ അതിക്രമിച്ചുകയറി സര്‍ച്ച് വാറന്റ് പോലുമില്ലാതെ റെയ്ഡ് നടത്തി അവരെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് ബി.ജെ.പി സര്‍ക്കാര്‍ അനുവര്‍ത്തിച്ചുപോരുന്ന ശൈലി. ബി.ജെ.പി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ തയ്യാറാകാതിരിക്കകയാണെങ്കില്‍ നാളെ സി.എ.ജിയുടെ വീട്ടിലും റെയ്ഡ് നടത്തിക്കൂടായ്കയില്ല.
പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന നടപടി ക്രമങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ ഇവിടെ പാലിച്ചിട്ടില്ല. ഫ്രാന്‍സിലെ ഡസാള്‍ട്ടില്‍നിന്നും 38 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുത്തത് ഏകപക്ഷീയമായാണ്. ഒരു റാഫേല്‍ വിമാനത്തിന് യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച 526 കോടി രൂപ ഡസാള്‍ട്ട് കമ്പനി സമ്മതിച്ചതായിരുന്നു. എന്നാല്‍ നരേന്ദ്രമോദി നേരിട്ട് ഇടപാട് നടത്തിയപ്പോള്‍ 1630 കോടി രൂപയായി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രണ്ടിരട്ടിയിലധികം വില. ഇങ്ങിനെയാണ് 40,000 കോടിയുടെ നഷ്ടം ഖജനാവിനുണ്ടായതെന്നാണ് നിവേദനത്തില്‍ പറയുന്നത്. 136 യുദ്ധ വിമാനങ്ങളായിരുന്നു പ്രതിരോധസേന ആവശ്യപ്പെട്ടിരുന്നത്. എന്ത്‌കൊണ്ട് ഇതിന്റെ എണ്ണം കുറച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല. ആവശ്യമനുസരിച്ചാണ് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതെന്ന പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവന ബാലിശമാണ്.

2012ല്‍ യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സിലെ ഡസാള്‍ട്ടുമായി ഉണ്ടാക്കിയ യുദ്ധവിമാനക്കരാര്‍ രാജ്യംകണ്ട ഏറ്റവും വലിയ പ്രതിരോധമേഖലാ ഇടപാടായിരുന്നു. എന്നാല്‍ പിന്നീട് വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഇത് അട്ടിമറിച്ചു. യുപിഎ സര്‍ക്കാര്‍ 2012ല്‍ ഫ്രാന്‍സില്‍ നിന്നും 60,000 കോടി രൂപക്ക് 360 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ധാരണയായിരുന്നത്. ഇത് വഴി യുദ്ധവിമാനങ്ങളുടെ ഏകീകരണം ഉണ്ടാകുമെന്നും പലവിധ യുദ്ധവിമാനങ്ങള്‍ ഉണ്ടാകുന്നതിനേക്കാള്‍ ഒരേ നിരയിലുള്ള യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം എന്ന് കണ്ടതിനാലായിരുന്നു 360 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ കരാര്‍ അട്ടിമറിച്ചതിലൂടെ രാജ്യത്തിന്റെ ദീര്‍ഘകാല പ്രതിരോധ പദ്ധതികളെയും ആസൂത്രണത്തെയുമാണ് ഇല്ലാതാക്കിയിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ധാരണയില്‍ ഇന്ത്യക്കായിരുന്നു കരാറില്‍ മേല്‍ക്കൈ.
യുപിഎ സര്‍ക്കാര്‍ വാങ്ങാന്‍ നിശ്ചയിച്ച 126 യുദ്ധവിമാനങ്ങളില്‍ 18 എണ്ണം നേരിട്ട് വാങ്ങാനും 108 എണ്ണത്തിന്റെ സാങ്കേതികവിദ്യ കൈമാറാനുമായിരുന്നു കരാര്‍. നരേന്ദ്രമോദി അത് റദ്ദാക്കി. വിമാനങ്ങള്‍ 36 എണ്ണം മാത്രം വാങ്ങുക സാങ്കേതികവിദ്യ കൈമാറ്റത്തിന് പകരം വിമാന ഭാഗങ്ങളുടെ സാങ്കേതികവിദ്യ കൈമാറ്റം മാത്രം നടക്കുക. ഈ കരാര്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോ നോട്ടിക്‌സ് ലിമിറ്റഡി(എച്ച്.എ.എല്‍)ന് കൈമാറാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. പകരം തന്റെ ഉറ്റ സുഹൃത്ത് അനില്‍അംബാനിയുടെ കമ്പനിയായ റിലയന്‍സ് എയ്‌റോ സ്ട്രക്ച്ചറിന് നല്‍കുകയായിരുന്നു.

45,000 കോടി കടം വന്നതോടെ തന്റെ ടെലികോം മേഖലയുടെ ഭൂരിഭാഗവും പൂട്ടേണ്ടിവന്ന അനില്‍അംബാനിക്ക് കൈവന്ന സൗഭാഗ്യമായിരുന്നു ഈ കരാര്‍. മുമ്പ് അനില്‍അംബാനിയുടെ കമ്പനി ഒരു കൈത്തോക്ക് പോലും നിര്‍മിച്ചിരുന്നില്ല. 30,000 കോടിയുടെ കരാറാണ് അനില്‍അംബാനിയുടെ കമ്പനിക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 2015ല്‍ പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ അനില്‍അംബാനിയും കൂടെപോയിരുന്നു.
അനില്‍അംബാനിയുടെ കമ്പനി ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന റിലയന്‍സ് ആരോസ്‌പെയ്‌സ് കമ്പനി തുടങ്ങിയത് തന്നെ കരാര്‍ തട്ടിയെടുക്കാനായിരുന്നുവെന്നും അതിന് വേണ്ടിയായിരുന്നു ഫ്രാന്‍സ് യാത്രയില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചതെന്നും പറയപ്പെടുമ്പോള്‍, ഇതിലൊന്നും സത്യമില്ലെങ്കില്‍ ഇടപാടുകളെല്ലാം സംശുദ്ധവും സുതാര്യവുമാണെങ്കില്‍ എന്തിനാണ് ബി.ജെ.പി സര്‍ക്കാര്‍ എല്ലാ അന്വേഷണ വാതിലുകളും കൊട്ടിയടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.