2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രാംദേവും ദേവീന്ദര്‍ സിങ്ങും തുറന്നുകാട്ടുന്ന ‘പുതിയ’ ഇന്ത്യ

കാസിം ഇരിക്കൂര്‍

 

ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവര്‍ഗക്കാരന്‍ വര്‍ണവെറിയുടെ കാല്‍മുട്ടിന്നടിയില്‍പെട്ട് ശ്വാസംമുട്ടി മരിച്ചപ്പോള്‍ അമേരിക്കയില്‍ മാത്രമല്ല, ലോകത്താകമാനം പ്രതിഷേധവും രോഷവും ആളിക്കത്തി. കറുത്തവന്റെ ജീവിതവും വിലപ്പെട്ടതാണെന്ന് ലോകത്തെക്കൊണ്ട് ഉച്ചത്തില്‍ പറയിപ്പിച്ചു. എന്നാല്‍, ഇന്ത്യയില്‍ നടമാടുന്ന ഭരണകൂട ഭീകരതയെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ രോദനങ്ങള്‍ പോലും ഇവിടെ അലയൊലി ഉയര്‍ത്തുന്നില്ല. മുഖ്യധാര മാധ്യമങ്ങള്‍ അവ കണ്ടില്ലെന്ന് നടിക്കുന്നു. വാര്‍ത്തകള്‍ മനപ്പൂര്‍വം തമസ്‌കരിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ ശബ്ദിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന യു.എന്‍ വിദഗ്ധരുടെ ആവശ്യം ബധിരകര്‍ണങ്ങളിലാണ് ചെന്നുപതിഞ്ഞത്. നീതിന്യായ കോടതി ഈ പൗരത്വവേട്ടയില്‍ ഇരകള്‍ക്കൊപ്പമല്ല എന്നതാണ് ഐക്യരാഷ്ട്ര സഭയയെ ഞെട്ടിക്കുന്നത്. എന്നാല്‍ , ഫെബ്രുവരി 23ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട മുസ്‌ലിം വിരുദ്ധ കലാപത്തിന്റെ പ്രചോദകനായ ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ രോമത്തില്‍ സ്പര്‍ശിക്കാന്‍ മോദിസര്‍ക്കാര്‍ തയാറായില്ല എന്നത് യു.എന്‍ ഏജന്‍സിയെ അത്ഭുതപ്പെടുത്തുന്നു.

ആള്‍ദൈവങ്ങള്‍ക്ക് മുന്നില്‍
കീഴടങ്ങുന്ന ഭരണകൂടം

16 വയസ്സുള്ള ആശ്രമ അന്തേവാസിനിയെ, മാതാപിതാക്കളെ മുറിയുടെ പുറത്തുനിര്‍ത്തി അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ ജോധ്പൂര്‍ കോടതി ജീവപര്യന്തം ശിക്ഷിച്ച ആശാറാം ബാപ്പു എന്ന കൊടുംതട്ടിപ്പുകാരനും കൊലയാളിയുമായ ആത്മീയഗുരു ഈ കൊവിഡ് കാലത്ത് ജയിലിനുപുറത്താണ്. ആള്‍ദൈവങ്ങള്‍ക്കും സന്ന്യാസി വേഷധാരികള്‍ക്കും മോദി, അമിത്ഷാ പ്രഭൃതികള്‍ നല്‍കുന്ന പരിരക്ഷയും പരിഗണനയും ചോദ്യം ചെയ്യാന്‍ ഇവിടെ പ്രതിപക്ഷമോ മാധ്യമങ്ങളോ ഇല്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരെങ്കിലും അതിനു മുന്നോട്ടുവരികയാണെങ്കില്‍ മതസ്പര്‍ദ്ധ വളത്താന്‍ ശ്രമിച്ചു, അല്ലെങ്കില്‍ സമുദായങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കാന്‍ വിദ്വേഷം പ്രചരിപ്പിച്ചുവെന്നൊക്കെ ആരോപിച്ചു അവര്‍ക്കെതിരേ നിയമത്തിന്റെ വാള്‍ നീട്ടുമെന്നുറപ്പ്.
അമൃതാനന്ദമയിയുടെ വള്ളിക്കാവ് ആശ്രമത്തില്‍ ഒരു വിദേശി കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയപ്പോള്‍ ഇവിടെ ആര്‍ക്കും മിണ്ടാട്ടമില്ല. അതൊരു നിത്യസംഭവമാണ്, അതിലേക്ക് ആരും തിരിഞ്ഞുനോക്കിയിട്ട് ഫലമില്ല എന്ന ചിന്താഗതിയാണ് മലയാളികളുടെ പ്രതികരണത്തില്‍ മുഴച്ചുനില്‍ക്കുന്നത്. ഇത്തരമൊരു സംഭവം ഏതെങ്കിലും ന്യൂനപക്ഷ സ്ഥാപനത്തിലാണെന്ന് സങ്കല്‍പിച്ചുനോക്കൂ; എന്തായിരിക്കും ഇവിടെ കോലാഹലം! ‘അമ്മ’യുടെ ആശ്രമത്തില്‍ നടക്കുന്ന സാമ്പത്തികവും ലൈംഗികവുമായ വൃത്തികേടുകളെ കുറിച്ച് ആദ്യകാല ശിഷ്യയും 19 വര്‍ഷക്കാലം (1980- 1999 ) സഹായിയുമായ ഗെയില്‍ ‘ഗായത്രി’ ട്രെഡ്‌വെല്‍ എന്ന ആസ്‌ത്രേലിയന്‍ വംശജ എഴുതിയ ഹോളി ഹെല്‍ ( ഒീഹ്യ ഒലഹഹ, അ ങലാീശൃ ീള എമശവേ, ഉല്ീശേീി മിറ ജൗൃല ങമറില ൈ) എന്ന പുസ്തകം 2013ല്‍ പുറത്തിറങ്ങിയപ്പോള്‍ ആശ്രമത്തിനകത്ത് നടമാടുന്ന ലൈംഗിക അരാജകത്വത്തിന്റെയും സാമ്പത്തിക തിരിമറികളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കേട്ട് മലയാളികള്‍ അമ്പരന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും എതിരേ നിയമത്തിന്റെ ഉറുമി പ്രയോഗിച്ചതോടെ എല്ലാവരും മൗനത്തിലേക്ക് മടങ്ങി. സംഘ്പരിവാര്‍ വാഴുന്ന കാലസന്ധിയില്‍ അമൃതാനന്ദമയിയെ പോലുള്ളവര്‍ക്ക് എന്തുമാവാമെന്നും നിയമം ആ വഴിക്ക് സഞ്ചരിക്കാന്‍പോലും ധൈര്യം കാട്ടില്ലെന്നും അറിയുന്നതുകൊണ്ട് തന്നെ അവിടെ നടക്കുന്ന ആത്മഹത്യകളും കൊള്ളരുതായ്മകളും കേരളീയ പൊതുജീവിതത്തിന്റെ അനിവാര്യഘടകമാണെന്ന പൊതുബോധത്തോട് നാം രാജിയാവുകയാണ്.

കൊവിഡ് കാലത്തു ഇന്ത്യയില്‍ അരങ്ങേറിയ ഏറ്റവും വലിയ തട്ടിപ്പ് യോഗ ഗുരുവും മോദി ഭരണകൂടത്തിന്റെ തണലില്‍ കൊഴുത്തുവളരുന്ന കാവിവേഷധാരിയുമായ രാംദേവിന്റെ ഭാഗത്തുനിന്നാണ്. കൊവിഡ് മഹാമാരിക്ക് ഫലപ്രദമായ മരുന്നുകണ്ടുപിടിച്ചു എന്ന അവകാശവാദവുമായി ഇദ്ദേഹം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി വന്‍ കച്ചവടത്തിന് രംഗവേദി ഒരുക്കിയപ്പോള്‍ സര്‍ക്കാര്‍ മൗനം ദീക്ഷിച്ചു. ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യയിലെ മരുന്നുല്‍പാദനം നിയന്ത്രിക്കുന്ന വിവിധ ഔദ്യോഗിക ഏജന്‍സികളുടെയും നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പൂര്‍ണമായും കാറ്റില്‍ പറത്തിയാണ് വന്‍ കച്ചവടത്തിന് വിപണിയൊരുക്കിയത്. തന്റെ കമ്പനിയായ പതജ്ഞലി കൊവിഡിന് മരുന്നു കണ്ടുപിടിച്ചിട്ടുണ്ട് എന്ന് പുണ്യഭൂമിയായി ഹരിദ്വാറില്‍ ചെന്നാണ് രാംദേവ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ഗവേഷണമോ മരുന്ന് കണ്ടുപിടത്തമോ പുറംലോകത്തെ അറിയിക്കണമെങ്കില്‍ ആദ്യമായി ആരോഗ്യമന്ത്രാലയത്തിന്റെ മുന്നില്‍ ബോധ്യപ്പെടുത്തണമെന്ന് ഏപ്രില്‍ 11ന് ഇറക്കിയ സര്‍ക്കുലറില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ടായിരുന്നു. ഏപ്രില്‍ ഒന്നിന് ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പ്രചാരണവും പരസ്യങ്ങളും നല്‍കുന്നത് വിലക്കുകയും അത്തരം ചെയ്തികള്‍ക്ക് നാഷനല്‍ ഡിസാസറ്റര്‍ മാനേജ്‌മെന്റ് ആക്ട്പ്രകാരം ശിക്ഷയുണ്ടാവുമെന്നും താക്കീത് നല്‍കിയതാണ്. എന്നാല്‍, ഇതൊന്നും തനിക്ക് ബാധകമല്ല എന്ന ഹുങ്കോടെയാണ് രാംദേവ് എന്ന തട്ടിപ്പു ദൈവം കാറ്റുള്ളപ്പോള്‍ തൂറ്റാന്‍ ഇറങ്ങിയത്. ഒരു മരുന്ന് ഏതെങ്കിലും രോഗത്തിന് ഫലപ്രദമാണെന്ന് നിശ്ചയിക്കണമെങ്കില്‍ മതിയായ ടെസ്റ്റുകളും ഫലപരിശോധനയും നടക്കേണ്ടതുണ്ട്. ഇത്തരം വ്യാജ ഉല്‍പന്നങ്ങളുടെ വില്‍പന തടയേണ്ട സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാവട്ടെ വിപുലമായ പരസ്യങ്ങള്‍ ചാനലുകളില്‍ കണ്ടിട്ടും കണ്ണ് പൊട്ടന്മാരായി അഭിനയിച്ചു. ‘കൊറോണില്‍ ‘ എന്ന തന്റെ മരുന്ന് ഏഴുദിവസം കൊണ്ട് രോഗമുക്തിയുണ്ടാവുമെന്നാണ് അവകാശവാദം.100പേരില്‍ പരീക്ഷിച്ചതില്‍ 70 ശതമാനം വിജയം കണ്ടു എന്ന നുണപ്രചാരണത്തിന് മുന്നില്‍ ഉത്തരവാദപ്പെട്ടവര്‍ മൗനംദീക്ഷിച്ചു. എല്ലാറ്റിനുമൊടുവില്‍ മാലോകരുടെ, കണ്ണില്‍ പൊടിയിടാന്‍ കേസെടുത്തിരിക്കയാണ്.

ഭീകരവാദികളുമായി കൂട്ടുകൂടുമ്പോള്‍

കശ്മീര്‍ താഴ്‌വരയില്‍ പതിറ്റാണ്ടുകളായി തുടരുന്ന ഭീകരവാദി സൈനിക ( ങശഹശമേൃ്യങശഹശമേി)േ രഹസ്യബന്ധത്തിന്റെ ചുരുളഴിക്കാന്‍ സാധിച്ചേക്കാവുന്ന സുപ്രധാന സംഭവമായിരുന്നു ഇക്കഴിഞ്ഞ ജനുവരി 11ന് ശ്രീനഗര്‍ ജമ്മു ദേശീയ പാതയില്‍ ദേവീന്ദര്‍സിങ് എന്ന ഡെപ്യൂട്ടി സുപ്രണ്ടന്റ് ഓഫ് പൊലിസിന്റെ അറസ്റ്റ്. തന്റെ കാറില്‍ തീവ്രവാദി സംഘടനകളായ ഹിസ്ബുല്‍ മുജാഹിദീന്റെയും ലഷ്‌ക്കറെ ത്വയ്ബയുടെയും നേതാക്കളായ നവീദ് ബാബു, അല്‍ത്താഫ് എന്നിവരെ ഡല്‍ഹിയിലേക്ക് കടത്തിക്കൊണ്ടുപോകുമ്പോഴായിരുന്നു അറസ്റ്റ്. റിപബ്ലിക് ദിനാഘോഷ വേളയില്‍ തലസ്ഥാന നഗരിയില്‍ ഭീകരവാദാക്രമണമുണ്ടാവാന്‍ സാധ്യയുണ്ട് എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഔദ്യോഗിക കേന്ദ്രങ്ങളില്‍ ആശങ്ക പരത്തിയ ഘട്ടത്തിലുള്ള ഈ അറസ്റ്റ് അതീവപ്രാധാനമാണെന്നും പൊലിസും തീവ്രവാദികളും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ഉള്ളുകള്ളികള്‍ അനാവൃതമാക്കാന്‍ ഈ സംഭവം സഹായിക്കുമെന്നുവരെ പലരും കണക്കുകൂട്ടി.

രാഷ്ട്രപതിയുടെ വിശിഷ്ട മെഡല്‍ കരഗതമാക്കിയ ഈ പൊലിസ് ഉദ്യോഗസ്ഥന്‍ ഭരണകൂടവുമായി എത്ര അടുപ്പത്തിലാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭീകരവിരുദ്ധ ഓപ്പറേഷന് നേതൃത്വം കൊടുക്കുന്ന സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീനഗല്‍ വിമാനത്തവളത്തിന്റെ സുരക്ഷാനേതൃത്വവും ഇദ്ദേഹത്തിന്റെ കൈയിലായിരുന്നു. എന്നാല്‍, പാര്‍ലമെന്റ് ആക്രമണ കേസിന്റെ വിചാരണ വേളയില്‍ ഈ പൊലിസ് ഓഫിസറുടെ പേര് പൊന്തിവന്നിരുന്നു. പാര്‍ലമെന്റ് ആക്രമണ കേസില്‍ 2013 ഫെബ്രുവരി 9ന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരു അവസാനമായി തന്റെ അഭിഭാഷകന് എഴുതിയ കത്തില്‍ താന്‍ നിരപരാധിയാണെന്നും ദേവീന്ദര്‍സിങ്ങിന്റെ സ്വാധീനം മൂലമാണ് താന്‍ ഭീകരവാദികളുമായി ബന്ധിപ്പിക്കപ്പെട്ടതെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഈ പൊലിസ് ഓഫിസര്‍ക്കെതിരേ ചെറുവിരല്‍ അനക്കാന്‍ ആരും തയാറായില്ല എന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പോലും അടുത്തബന്ധമുള്ളയാളാണെന്നും വെളിപ്പെടുത്തലുകളുണ്ടായി. എന്നിട്ടും കൊവിഡ് കാലത്തെ കോലാഹലങ്ങള്‍ക്കിടയില്‍ ദേവീന്ദര്‍ സിങ്ങിന് കോടതി ജാമ്യം നല്‍കിയപ്പോള്‍ അപ്രധാനമായ വാര്‍ത്തയായി അത് ഒതുക്കപ്പെട്ടു.

നിശ്ചിതസമയത്തിനുള്ളില്‍ കുറ്റപത്രം ഹാജരാക്കുന്നതില്‍ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടതാണത്രെ ‘ഒരു പൗരന്റ മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്നതില്‍’ കോടതി ഇമ്മട്ടില്‍ നിഷ്‌കര്‍ഷത കാട്ടിയത്. അബ്ദുന്നാസര്‍ മഅ്ദനിയെ പോലെ എത്രയോ മുസ്‌ലിംകള്‍ കശ്മിരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ജയിലുകളില്‍ ജീവിതം ഹോമിക്കുമ്പോഴാണ് ദേവീന്ദര്‍ സിങ്ങുമാര്‍ക്ക് നീതിപീഠം മോചനപാത ഒരുക്കിക്കൊടുക്കുന്നത്. തീവ്രവാദികളുമായി ചേര്‍ന്ന് രാജ്യത്തെ ഒറ്റിക്കൊടുക്കാന്‍ അശേഷം മടിയില്ലാത്ത യഥാര്‍ഥ രാജ്യദ്രോഹികളുടെമുന്നില്‍ നിയമം കീഴടങ്ങുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് ലജ്ജ തോന്നാത്തത്! ഇയാള്‍ പിടിയിലായപ്പോള്‍ ജമ്മുകശ്മിര്‍ ഐ.ജി വിജയകുമാര്‍ സിങ് പറഞ്ഞത് ഭീകരവാദിയായി കാണുമെന്നാണ്. ഭീകരവാദികള്‍ക്കൊപ്പം വിചാരണ ചെയ്യപ്പെടുമെന്നും. പിന്നെന്തേ ഉത്തരവാദപ്പെട്ടവര്‍ ദേവീന്ദര്‍ സിങ്ങിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ മുന്നോട്ടുവന്നില്ല. കോണ്‍ഗ്രസ് നേതാവ് അധീര്‍ ചൗധരി ചോദിച്ചത് പോലെ ഇയാള്‍ ദേവീന്ദര്‍ ഖാന്‍ ആയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഭരണകൂടത്തിന്റെ ഉത്സാഹം; ആര്‍.എസ്.എസിന്റെ ആവേശം.

ഒരുഭാഗത്ത് യഥാര്‍ഥ രാജ്യദ്രോഹികളെ മൃദുലമായി തലോടുമ്പോള്‍ മറുഭാഗത്ത് വേട്ടയാടപ്പെടുന്ന നിരാലംബരുടെ പക്ഷത്ത് നിലയുറപ്പിച്ചതിന്റെ പേരില്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിനെ പോലുള്ളവരെ തുറുങ്കിലടക്കാന്‍ വഴി തേടുകയാണ്. ഇരകളുടെ പക്ഷത്തുനിന്ന് ഒരാളും മിണ്ടിപ്പോകരുത് എന്ന ധാര്‍ഷ്ട്യത്തോടെ. ഇതിനെതിരേ ആരും മിണ്ടുന്നില്ല എന്നതാണ് വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തം!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.