2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

നോമ്പ്: ഇസ്ലാം ലോകത്തിന് നല്‍കിയ മഹത്തായ സംഭാവന

പന്ന്യന്‍ രവീന്ദ്രന്‍

റമദാന്‍ മാസത്തിലെ നോമ്പനുഷ്ഠാനം ഇസ്‌ലാം മതം ലോകത്തിനു നല്‍കിയ മഹത്തരമായ സംഭാവനയാണ്. മതദര്‍ശനങ്ങളില്‍ ഏറ്റവും അമൂല്യമായ അനുഷ്ഠാനമാണ് നോമ്പ്. ലോകത്തെ കോടാനുകോടി ജനങ്ങള്‍ ഒരുമാസം മുഴുവന്‍ പട്ടിണിയും സഹവര്‍ത്തിത്വവും മനസിലാക്കുന്നതിനായി അനുഷ്ഠിക്കുന്ന നോമ്പ് വേറിട്ട അനുഭവമാണ് വിശ്വാസിക്ക് സമ്മാനിക്കുന്നത്.
മനുഷ്യജീവിതത്തിലെ സുഖവും കഷ്ടപ്പാടും സങ്കടവും പട്ടിണിയും എന്നുവേണ്ട ജീവിതത്തിലെ സകലമാന അനുഭവങ്ങളും ഈ ഒരുമാസത്തെ അനുഭവത്തിലുണ്ട്. സുഖലോലുപതയില്‍ മാത്രം രമിച്ച് ജീവിക്കുന്ന മനുഷ്യന്‍ എത്ര ചെറിയവനാണെന്ന് നോമ്പനുഷ്ഠാനം നമുക്കു വെളിവാക്കിത്തരും.

അന്യന്റെ പട്ടിണിയും ഇല്ലായ്മയും മനസിലാക്കി അവരെ കരുതലോടെ സംരക്ഷിക്കാനും സഹായിക്കാനുമുള്ള മാനസികാവസ്ഥയില്‍ നോമ്പ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
വിശപ്പനുഭവിക്കുന്ന മനുഷ്യന്റെ അവസ്ഥ മനസിലാക്കാനുള്ള ഒരു വലിയ പാലമാണ് നോമ്പ്. മനുഷ്യനെ ഉത്തമനായി സംസ്‌കരിക്കുന്നതിനും ജീവിതാനുഭവങ്ങളെ പാകപ്പെടുത്താനും നോമ്പിലൂടെ സാധിക്കും. കഴിഞ്ഞ വര്‍ഷം ഞാന്‍ നോമ്പനുഷ്ഠിച്ചിരുന്നു. ഇനിയുള്ള വര്‍ഷങ്ങളിലും നോമ്പെടുക്കണമെന്നാണ് ആഗ്രഹം.
ജീവിതത്തിന്റെ ശൈശവത്തിലും പിന്നീട് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയപ്പോഴും പട്ടിണിയെന്താണെന്ന് കൃത്യമായി മനസിലാക്കാന്‍ പറ്റിയിട്ടുണ്ട്. ഇസ്‌ലാം മതത്തിന്റെ സംഭാവനയാണെങ്കിലും നോമ്പനുഷ്ഠാനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും സ്വീകരിക്കേണ്ടതും മാതൃകയാക്കേണ്ടതുമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.