2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

അവശനായ റക്ബറിനെ ജീപ്പിലിരുത്തി പൊലിസ് ചായ കുടിക്കാന്‍ പോയത് സ്ഥിരീകരിച്ച് കുറ്റപത്രം

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആല്‍വാറില്‍ പശുമോഷ്ടാവെന്നാരോപിച്ച് 38 കാരനായ റക്ബര്‍ ഖാനെ സംഘപരിവാര അക്രമിസംഘം തല്ലിക്കൊന്ന സംഭവത്തില്‍ പൊലിസ് മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ധര്‍മേന്ദര്‍ യാദവ്, പരംജീത് സിങ്, നരേഷ് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. ഇവര്‍ക്കെതിരേ ഐ.പി.സിയിലെ 302 (കൊലപാതകം), 341 (തടസ്സം സൃഷ്ടിക്കല്‍), 323 (മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍) തുടങ്ങിയ കുറ്റങ്ങളാണ് അല്‍വാര്‍ ജില്ലാകോടതിയില്‍ സമര്‍പ്പിച്ച കുറ്റുപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.

ധര്‍മേന്ദര്‍, പരംജീത്, നരേഷ് എന്നിവരാണ് റക്ബറിനെ മര്‍ദിച്ചതെന്നും മര്‍ദ്ദം കാരണമാണ് മരണം സംഭവിച്ചതെന്നും അല്‍വാര്‍ ഡിവൈ.എസ്.പി അശോക് ചൗഹാന്‍ പറഞ്ഞു. സംഭവത്തില്‍ ആരോപണവിധേയരായ പൊലിസ് ഉദ്യോഗസ്ഥരുടെ പങ്ക് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രത്യേകമായി അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ഡല്‍ഹിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഹരിയാനാ- രാജസ്ഥാന്‍ അതിര്‍ത്തിയിലെ ലാല്‍വണ്ടിയില്‍ ജൂലൈ 20ന് രാത്രിയാണ് സംഭവം. ലാല്‍വണ്ടിയില്‍നിന്ന് 10 കിലോമീറ്ററോളം അകലെയുള്ള ഹരിയാനയിലെ കൊല്‍ഗാവിലേക്കു പശുക്കളെയുമായി പോവുന്നതിനിടെയാണ് റക്ബറിനെ അക്രമികള്‍ വളഞ്ഞിട്ടു മര്‍ദിച്ചത്.

റക്ബറിനു കൂടെയുണ്ടായിരുന്ന അസ്ലം ഖാന്‍ അക്രമികള്‍ വളഞ്ഞതോടെ ഇരുട്ടില്‍ ഓടിമറഞ്ഞതിനാല്‍ രക്ഷപ്പെടുകയായിരുന്നു. അസ്ലമിന്റെ മൊഴിയാണ് ധര്‍മേന്ദര്‍, പരംജീത്, നരേഷ് എന്നിവരുടെ അറസ്റ്റിനു വഴിവച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് വി.എച്ച്.പി നേതാവും ഗോരക്ഷാസേനാ തലവനുമായ നാവല്‍ കിഷോറിനെതിരെയും ആക്രമണത്തില്‍ പങ്കാളിയായ വിജയ് എന്നയാള്‍ക്കെതിരെയും അന്വേഷണം നടക്കുകയാണ്. സംഭവദിവസം മുതല്‍ വിജയ് ഒളിവിലാണ്.

ആക്രമണം നടക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പു തന്നെ ധര്‍മേന്ദറിന്റെ നേതൃത്വത്തില്‍ പ്രതികള്‍ ലാല്‍വണ്ടിയില്‍ ‘പശുമോഷ്ടാക്ക’ളെ പിടികൂടാനായി സംഘടിച്ചിരുന്നുവെന്നും സംഭവം മുന്‍കൂട്ടി ആസൂത്രണംചെയ്തു നടപ്പാക്കിയതാണെന്നും 25 പേജ് വരുന്ന കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

അര്‍ധരാത്രി മര്‍ദനമേറ്റ് റക്ബര്‍ നിലവിളിക്കുന്ന ശബ്ദം കേട്ട് സമീപവാസിയായ യോഗേഷ് കുമാര്‍ എന്നയാള്‍ ഗ്രാമമുഖ്യന്‍ ധാരാസിങിനെ പോണിലൂടെ കാര്യങ്ങള്‍ അറിയിച്ചു. ഉടന്‍ ആക്രമണം അവസാനിപ്പിക്കാനും പൊലിസിനെ വിവരം അറിയിക്കാനും ഗ്രാമമുഖ്യന്‍ ധര്‍മേന്ദ്രനോട് ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും മര്‍ദനം തുടരുകയായിരുന്നു.

പിന്നീട് ആക്രമണവിവരം ഗോരക്ഷാ സേനാതലവനായ കിഷോര്‍ ആണ് പൊലിസിനെ അറിയിച്ചത്. പൊലിസ് എത്തി അവശനായി രക്തം വാര്‍ന്നുകിടക്കുകയായിരുന്ന റക്ബറിനെ സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം പശുക്കളെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുകയാണ് ആദ്യം പൊലിസ് ചെയ്തത്. ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടെ പൊലിസ് വാഹനം ചായകുടിക്കാനായി നിര്‍ത്തിയിടുകയുംചെയ്തു. പിന്നീട് ആശുപത്രിയിലെത്തിയപ്പോഴേക്കും റക്ബര്‍ മരിച്ചിരുന്നുവെന്നും കുറ്റപത്രം വിശദീകരിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.