2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

രാജ്യത്തെ വീണ്ടെടുക്കേണ്ട ചരിത്രനിയോഗം

രമേശ് ചെന്നിത്തല

ഇതൊരു ചരിത്രദൗത്യമാണ്. അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ടു രാജ്യത്തിന്റെ അടിത്തറയിളക്കിയ ബി.ജെ.പിയെ തൂത്തെറിഞ്ഞു ജനാധിപത്യം വീണ്ടെടുക്കാനുള്ള ചരിത്രനിയോഗം. അനേകലക്ഷം ദേശസ്‌നേഹികളുടെ ത്യാഗോജ്ജ്വലമായ പോരാട്ടത്തിലൂടെയും സഹനസമരത്തിലൂടെയും ജീവത്യാഗത്തിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കേണ്ടതുണ്ട്. ജനാധിപത്യവും മതസാഹോദര്യവും ബഹുസ്വരതയും ഇതേപോലെ നിലനില്‍ക്കേണ്ടതുണ്ട്.
രണ്ടു ജനവിരുദ്ധ ഭരണങ്ങള്‍ക്കെതിരായ വിധിയെഴുത്താണിവിടെ നടക്കേണ്ടത്. ഒന്ന്, രാജ്യത്തെ നാശത്തിലേയ്ക്കും അസ്വസ്ഥതയിലേയ്ക്കും ദാരിദ്ര്യത്തിലേയ്ക്കും തള്ളിവീഴ്ത്തിയ നരേന്ദ്രമോദി സര്‍ക്കാരിനെതിരായ വിധിയെഴുത്ത്. രണ്ടാമത്തേത്, കെടുകാര്യസ്ഥതയും ചോരക്കൊതിയും അവിവേകവും കൈമുതലാക്കി കേരളത്തെ തകര്‍ക്കുന്ന പിണറായി സര്‍ക്കാരിനെതിരായ താക്കീത്.
പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാവുകയും രാജ്യം ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുകയും കര്‍ഷകര്‍ കടംകയറി കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുന്നതു കാണാതെ തന്റെ സുഹൃത്തുക്കളായ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കു കൂടുതല്‍ തടിച്ചുകൊഴുക്കാനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയായിരുന്നു മോദി.

ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയുമാണു ബി.ജെ.പി ഭരണത്തിന്‍കീഴില്‍ സംഘ്പരിവാര്‍ ചെയ്തത്. പശുവിന്റെ പേരില്‍ പട്ടാപ്പകല്‍ തെരുവില്‍ ആളുകളെ അടിച്ചുകൊല്ലാന്‍ സംഘ്പരിവാറിന്റെ ഗോരക്ഷാ സംഘമെന്ന ഗുണ്ടാസംഘങ്ങള്‍ക്കു മടിയുമുണ്ടായില്ല. പശുവിന്റെ പേരില്‍ മാത്രം 28 പേരാണു കൊല്ലപ്പെട്ടത്. രാജ്യത്തെങ്ങും സാംസ്‌കാരികപ്രവര്‍ത്തകരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും ചിന്തകരും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞാണു ബി.ജെ.പി അധികാരത്തിലെത്തിയത്. വിദേശത്തുനിന്നു കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിലേയ്ക്കു 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നതുള്‍പ്പെടെയായിരുന്നു വാഗ്ദാനങ്ങള്‍. അധികാരം കിട്ടിയാല്‍ ആധാര്‍ നുള്ളിക്കീറി കുട്ടയിലിടുമെന്നു പ്രസംഗിച്ച മോദി തൊട്ടതിനും പിടിച്ചതിനുമെല്ലാം ആധാര്‍ നിര്‍ബന്ധമാക്കി. ജി.എസ്.ടി ഇന്ത്യയെ പിന്നോട്ടടിക്കുമെന്നു പ്രസംഗിച്ച മോദി ഏറ്റവും വികൃതമായ രീതിയില്‍ അതു നടപ്പാക്കി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ചു. ജി.എസ്.ടി വരുന്നതോടെ വില കുറയുമെന്നാണു പറഞ്ഞതെങ്കിലും വന്‍വിലക്കയറ്റമാണുണ്ടായത്.
പ്രതിപക്ഷത്തായിരിക്കെ പെട്രോള്‍ വിലവര്‍ധനവിനെതിരേ കാളവണ്ടിയാത്ര നടത്തി പ്രതിഷേധിച്ച മോദി അധികാരത്തിലെത്തിയപ്പോള്‍ ഭീകരമായ പെട്രോള്‍ കൊള്ള നടത്തി. രണ്ടു ലക്ഷത്തോളം കോടി രൂപയാണു പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നു കേന്ദ്രം നികുതിയിനത്തില്‍ പിഴിയുന്നത്. ഇക്കാര്യത്തില്‍ മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ഒറ്റക്കെട്ടാണ്. കേന്ദ്രം നികുതി വര്‍ധിപ്പിച്ചപ്പോഴൊക്കെ അതിന്റെ വിഹിതം സന്തോഷപൂര്‍വം സംസ്ഥാനവും വാങ്ങി പോക്കറ്റിലിട്ടു.

2016 നവംബര്‍ എട്ടിന് അര്‍ധരാത്രി 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ഭ്രാന്തന്‍ നടപടി രാജ്യത്തിനുണ്ടാക്കിയ ആഘാതം ചില്ലറയല്ല. ഒരു നേരത്തെ ആഹാരം കഴിക്കാന്‍ പോലും പണമില്ലാതെ ജനം നെട്ടോട്ടമോടി. നോട്ട് മാറ്റിയെടുക്കല്‍ ക്യൂവില്‍ മരിച്ചവര്‍ 150 ആണ്. 50 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. രാഷ്ട്രത്തിന് 1.28 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. കാര്‍ഷികരംഗം താറുമാറായി. ചെറുകിട വ്യവസായികളും വ്യാപാരികളും കുത്തുപാളയെടുത്തു. അടിസ്ഥാന വിഭാഗങ്ങള്‍ തകര്‍ന്നടിഞ്ഞു. ബി.ജെ.പിക്കാര്‍ മാത്രം തടിച്ചുകൊഴുത്തു. അവര്‍ നോട്ട് നിരോധനത്തിന്റെ മറവില്‍ നടത്തിയ കൊള്ളയുടെ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
സുപ്രിംകോടതി തുടങ്ങിയ ഭരണഘടനാസ്ഥാപനങ്ങളെയും റിസര്‍വ്വ് ബാങ്ക്, സി.ബി.ഐ പോലുള്ള ഉന്നതസ്ഥാപനങ്ങളെയും കൈപ്പിടിയിലൊതുക്കി ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനാണു ബി.ജെ.പി ശ്രമിച്ചത്. ജെ.എന്‍.യു, പൂനാഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പ്പോലും വിദ്വേഷത്തിന്റെ വിഷം ചീറ്റി.
അസഹിഷ്ണുതയും ചോരക്കൊതിയുമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. പിണറായി അധികാരമേറ്റ അന്നു തുടങ്ങിയ രാഷ്ട്രീയ കൊലപാതക പരമ്പരയ്ക്ക് അറുതിയാകുന്നില്ല. 29 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. ഏറ്റവുമൊടുവില്‍ പെരിയയില്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും രക്തത്തില്‍ ചവിട്ടി നിന്നാണു സി.പി.എം വോട്ട് ചോദിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും രാഷ്ട്രീയകൊലപാതകങ്ങളില്‍ മത്സരിക്കുകയാണ്.

ക്രമസമാധാനം പരിപാലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. അക്രമങ്ങളും കൊലപാതകങ്ങളുമില്ലാത്ത ദിവസങ്ങളില്ല. നടുറോഡിലും കഌസ് മുറികളിലും മാത്രമല്ല, വീടുകളില്‍ കയറിപ്പോലും പെണ്‍കുട്ടികളെ പെട്രോളൊഴിച്ചു കത്തിച്ചു കൊല്ലുന്നു. യുവാക്കളെ തട്ടിക്കൊണ്ടു പോയി കൊല്ലുകയും മര്‍ദിച്ചവശരാക്കുകയും ചെയ്യുന്നു. നാടുനീളെ ഗുണ്ടാവിളയാട്ടവും മയക്കുമരുന്നു കച്ചവടവും പൊടിപൊടിക്കുന്നു.
സ്ത്രീസുരക്ഷയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങളുടെ മലവെള്ളപ്പാച്ചിലുണ്ടായി. പിഞ്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെട്ടു. സി.പി.എം ഓഫിസിനുള്ളില്‍ നിന്നുള്ള പീഡനകഥകള്‍ പോലും പുറത്തുവന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെടുന്നു. നിഷ്‌ക്രിയത്വം അല്ലെങ്കില്‍ അതിക്രമം എന്നതാണു പിണറായി പൊലിസിന്റെ ശൈലി. ലോക്കപ്പുകള്‍ കുരുതിക്കളങ്ങളാണ്. ഈ സര്‍ക്കാരിന് കീഴില്‍ കസ്റ്റഡിയില്‍ മരിച്ചവര്‍ പന്ത്രണ്ടാണ്.
വികസനപ്രവര്‍ത്തനങ്ങളെല്ലാം നിലച്ചു. പുതിയ പദ്ധതികളില്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ അഴിമതിയില്ലാതെ കൃത്യസമയത്തു പണി തീര്‍ത്തു തരാമെന്നേറ്റ മെട്രോമാന്‍ ഇ. ശ്രീധരനെ ഓടിച്ചു വിട്ടു. കേരളത്തിന്റെ വലിയ സ്വപ്‌നമായ വിഴിഞ്ഞം പദ്ധതി ഇഴയുകയാണ്. സാമ്പത്തികമായി സംസ്ഥാനത്തിന്റെ അടിത്തറയിളകി. കടംകയറി മുടിഞ്ഞു. 43,708 കോടി രൂപയാണ് ഈ സര്‍ക്കാര്‍ കടം വാങ്ങിയത്. നിത്യച്ചെലവുകള്‍ക്കും കടം വാങ്ങേണ്ട ഗതികേടിലാണ്. സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചിട്ടും കഴിഞ്ഞ സാമ്പത്തികവര്‍ഷം 66 ശതമാനമാണു പദ്ധതിനിര്‍വഹണം.

സര്‍ക്കാരിന്റെ പിടിപ്പു കേടും നോട്ടക്കുറവും കാരണം രണ്ടു മഹാദുരന്തങ്ങളുണ്ടായി, 2017 ലെ ഓഖി ദുരന്തവും 2018 ലെ മഹാപ്രളയവും. ഓഖി കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതുമൂലം ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളാണു കടലില്‍ കുടുങ്ങിയത്. 51 പേര്‍ മരിച്ചെന്നും 95 പേരെ കാണാനില്ലെന്നുമാണ് ഔദ്യോഗിക കണക്ക്. ദുരന്തശേഷം വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞെങ്കിലും നടപ്പാക്കിയില്ല. 2000 കോടി രൂപയുടെ തീരദേശ പാക്കേജ് കടലാസിലാണ്. കേന്ദ്രമനുവദിച്ച സഹായം പോലും ചെലവഴിച്ചില്ല. ഇതു കാരണം 143.53 കോടി രൂപ കേന്ദ്രത്തിലേയ്ക്കു തിരിച്ചടയ്‌ക്കേണ്ടിവന്നു.
നിയമാനുസൃതമായ മുന്‍കരുതലുകളെടുക്കാതെ ഡാമുകള്‍ ഒന്നിച്ചു തുറന്നു വിട്ട നടപടിയാണു മഹാപ്രളയമുണ്ടാക്കിയത്. ഈ ദുരന്തം മനുഷ്യനിര്‍മിതമാണെന്ന പ്രതിപക്ഷ ആരോപണം പൂര്‍ണമായി ശരിവയ്ക്കുന്നതാണ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ഡാമുകള്‍ തുറക്കുന്നതിനു മുന്‍പ് ബഌ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കണമെന്നു നിബന്ധനയുണ്ട്. അതു പാലിക്കാതെ അര്‍ധരാത്രി ഡാമുകള്‍ തുറന്നുവിട്ടു. വീടുകളില്‍ ഉറങ്ങിക്കിടന്നവരെപ്പോലും പ്രളയം കവര്‍ന്നെടുത്തു. 483 പേര്‍ മരിച്ചു. 14 പേരെ കാണാതായി. പതിനാലര ലക്ഷം പേരാണു ദുരിതാശ്വാസ ക്യാംപുകളിലെത്തിയത്. 30,000 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണുണ്ടായത്. ഈ ദുരന്തത്തിനുത്തരവാദി സംസ്ഥാന സര്‍ക്കാരാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പൊറുക്കാനാവാത്ത വീഴ്ചയാണുണ്ടായത്. പ്രളയത്തില്‍ സര്‍വതും നശിച്ച കര്‍ഷകര്‍ക്ക് ഒരു സഹായവും നല്‍കിയില്ല. ജനുവരിക്കു ശേഷം ഇടുക്കിയില്‍ മാത്രം എട്ടു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു, സംസ്ഥാനത്തൊട്ടാകെ 15 കര്‍ഷകരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിഞ്ഞു കിട്ടിയ തുക പോലും ചെലവഴിച്ചില്ല. പുതിയ കേരള നിര്‍മിതിക്കുള്ള വാചകമടിയും ചര്‍ച്ചയും മാത്രമാണു നടക്കുന്നത്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുണ്ടായപ്പോള്‍ എല്ലാവരെയും വിശ്വാസത്തിലെടുത്തു പ്രശ്‌നം പരിഹരിക്കണമായിരുന്നു. അതിനു പകരം രാഷ്ട്രീയലക്ഷ്യത്തോടെ അത് ആളിക്കത്തിച്ചു ശബരിമല സംഘര്‍ഷ ഭൂമിയാക്കി. ബി.ജെ.പി അതു സുവര്‍ണാവസരമാക്കി. പ്രശ്‌നം പരിഹരിക്കുന്നതിനു കേന്ദ്രത്തെക്കൊണ്ടു നിയമനിര്‍മാണം നടത്തിക്കുകയോ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയോ ചെയ്യാതിരുന്ന ബി.ജെ.പി ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയാണ്. ആചാരസംരക്ഷണത്തിനു ഹരജി നല്‍കിയതു കോണ്‍ഗ്രസ് മാത്രം.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് പ്രകടമായിരിക്കുന്നു. എ.ഐ.സി.സി ജന.സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി കൂടിയെത്തിയതോടെ രാജ്യത്തുടനീളം കോണ്‍ഗ്രസ് തരംഗമായി. ദാരിദ്ര്യം തുടച്ചുമാറ്റുന്നതിനു രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി പുതിയ ആശ നല്‍കിയിരിക്കുന്നു. പാവപ്പെട്ടവര്‍ക്ക് തൊഴില്‍ ഉറപ്പാക്കി അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കു വര്‍ഷം 72,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. അഞ്ചുകോടി നിര്‍ധനകുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്കാണിതിന്റെ പ്രയോജനം ലഭിക്കുക. പ്രഗത്ഭ സാമ്പത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ചു തയാറാക്കിയ പദ്ധതി രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായക നാഴികക്കല്ലായിരിക്കും.
ബാങ്ക് കടത്തിന്റെ പേരില്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ടി വരില്ലെന്ന കോണ്‍ഗ്രസിന്റെ ഉറപ്പ് കര്‍ഷകര്‍ക്ക് അമൃതിന് സമമാണ്. കര്‍ഷകര്‍ക്കു മാത്രമായി ഒരു ബജറ്റ് അവതരിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കി വികൃതമാക്കിയ ജി.എസ്.ടി ലളിതവല്‍ക്കരിക്കുമെന്നും പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിക്കു കീഴിലാക്കുമെന്നും നിയമനിര്‍മാണസഭകളില്‍ 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കുമെന്നും തുടങ്ങി പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ധീരമാണ്.
രാഹുല്‍ കേരളത്തില്‍ മത്സരിക്കാനെത്തിയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ചരിത്രപ്രാധാന്യം. ഇതു കേരളത്തിനു ലഭിച്ച അംഗീകാരവമാണ്. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിന്റെ ഊര്‍ജപ്രവാഹം കേരളത്തിന്റെ ഇരുപതു മണ്ഡലങ്ങളിലുമുണ്ടാകും, കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയൊട്ടാകെയും. ഇതു ബി.ജെ.പിയെയും ഇടതുപക്ഷത്തെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. രാഹുലിന്റെ വയനാടന്‍ മത്സരത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണു മോദി നടത്തിയത്. രാഹുലെത്തിയതോടെ കേരളത്തിലൊരിടത്തും തങ്ങള്‍ക്കു രക്ഷയില്ലെന്നത് ഇടതു നേതാക്കളെയും രോഷം കൊള്ളിക്കുന്നു.
പക്ഷേ. ഇടതുരോഷത്തെ സ്‌നേഹം കൊണ്ടു നേരിടുകയാണു രാഹുല്‍. ഇടതുപക്ഷത്തിന് ഒരു പ്രസക്തിയുമില്ലാത്ത തെരഞ്ഞെടുപ്പാണിത്. ഇടതുപക്ഷത്തിന് ചെയ്യുന്ന ഓരോ വോട്ടും പാഴാകും. അതു ഫലത്തില്‍ ബി.ജെ.പിക്കു ശക്തിപകരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.