2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മഴക്കാടുകള്‍

വ്യത്യസ്തമായ ആവാസ വ്യവസ്ഥ നിലനില്‍ക്കുന്ന പ്രദേശമാണ് മഴക്കാടുകള്‍. ജീവനുള്ളവയും ജീവനില്ലാത്തവയും പരസ്പരം ബന്ധപ്പെട്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. ഭക്ഷണം, അഭയം, സഹായം എന്നിവയ്‌ക്കെല്ലാം ഇങ്ങനെ പാരസ്പര്യത്തോടെ കഴിയേണ്ടതായാണ് വരുന്നത്. കോടിക്കണക്കിന് വരുന്ന ജീവജാലങ്ങളും, സുന്ദരമായ പുഷ്പങ്ങളും, ആകാശം മുട്ടെ വളരുന്ന വ്യത്യസ്തതരം മരങ്ങളും മഴക്കാടുകളുടെ മാത്രം പ്രത്യേകതയായി മാറുന്നത് അതുകൊണ്ടാണ്.

 

 

അബ്ദുള്ള പേരാമ്പ്ര

നിറയെ ഇടതൂര്‍ന്ന മരങ്ങളുള്ളതും, ഈര്‍പ്പമേറിയതുമായ പ്രദേശത്തെയാണ് മഴക്കാടുകളെന്ന് വിളിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ധാരാളം പ്രത്യേകതകള്‍ മഴക്കാടുകള്‍ക്കുണ്ട്. ലോകത്തിലെ ആകെയുള്ള ജീവികളുടെയും സസ്യങ്ങളുടെയും പകുതിയോളം നിലനില്‍ക്കുന്നത് മഴക്കാടുകളിലാണ്. മാത്രവുമല്ല,ഓരോ വര്‍ഷവും പുത്തന്‍ ജീവജാലങ്ങളും അപൂര്‍വയിനം ഔഷധച്ചെടികളും മഴക്കാടുകളില്‍ കണ്ടെത്താറുണ്ട്. ഒരു വര്‍ഷത്തില്‍ രണ്ട് മീറ്ററോളം മഴ ഈ പ്രദേശത്ത് ലഭിക്കുന്നു എന്നു കണക്കാക്കിയിട്ടുണ്ട്.
എപ്പോഴും സഹ്യമായ ചൂടും, ഈര്‍പ്പമാര്‍ന്ന അന്തരീക്ഷവും മഴക്കാടുകളിലെ ജീവലോകത്തിന് സഹായകരമാണ്. അതുകൊണ്ടുതന്നെ പച്ചപ്പോടെ ഈ പ്രദേശം എല്ലാ കാലത്തും നിലനില്‍ക്കുന്നു.
വ്യത്യസ്തമായ ആവാസ വ്യവസ്ഥ (ecsoystem) നിലനില്‍ക്കുന്ന പ്രദേശമാണ് മഴക്കാടുകള്‍. ജീവനുള്ളവയും (living things) ജീവനില്ലാത്തവയും (nonliving things) പരസ്പരം ബന്ധപ്പെട്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. ഭക്ഷണം, അഭയം, സഹായം എന്നിവയ്‌ക്കെല്ലാം ഇങ്ങനെ പാരസ്പര്യത്തോടെ കഴിയേണ്ടതായാണ് വരുന്നത്.
കോടിക്കണക്കിന് വരുന്ന ജീവജാലങ്ങളും, സുന്ദരമായ പുഷ്പങ്ങളും, ആകാശം മുട്ടെ വളരുന്ന വ്യത്യസ്തതരം മരങ്ങളും മഴക്കാടുകളുടെ മാത്രം പ്രത്യേകതയായി മാറുന്നത് അതുകൊണ്ടാണ്.
70 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍ മഴക്കാടുകളില്‍ സുലഭമായി നമുക്ക് കണ്ടെത്താം. സൂര്യ പ്രകാശം പരമാവധി സ്വീകരിക്കാന്‍ തക്കവണ്ണം ഈ മരങ്ങളുടെ ശാഖികള്‍ വളര്‍ന്നുനില്‍ക്കുന്നത് കാണാം. വലിയൊരു സ്‌കൂള്‍ മൈതാനത്തേക്കാള്‍ വിശാലമായ മരശാഖികള്‍ മഴക്കാടുകളില്‍ കണ്ടെത്തിയിട്ടുണ്ട്.

മഴക്കാടുകളിലെ ജീവികള്‍

മനുഷ്യന്റെ നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയുന്നതും അല്ലാത്തതുമായ കോടാനുകോടി ജീവികള്‍ മഴക്കാടുകളിലെ അന്തേവാസികളായി ജീവിക്കുന്നു. അവയില്‍ പ്രധാനമാണ് കുരങ്ങുവര്‍ഗങ്ങള്‍. ഇഷ്ടംപോലെ മരങ്ങളുള്ളതിനാല്‍ ഇവയ്ക്ക് ചില്ലകള്‍തോറും ചാടിനടക്കാന്‍ യഥേഷ്ടം കഴിയുന്നു. ശത്രുക്കളില്‍ നിന്നു രക്ഷ നേടാന്‍ കൂറ്റന്‍ മരങ്ങളുടെ സഹായവുമുണ്ട്. നീളമുള്ള വാലുകള്‍ ഉപയോഗിച്ച് മരക്കൊമ്പില്‍ ചുറ്റിവരിഞ്ഞ് ഊഞ്ഞാലാടുന്ന കുരങ്ങുകള്‍ മനുഷ്യനെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

പക്ഷികളും വവ്വാലുകളും
(bats and birds)

ലോകത്തിലുള്ള ആകെ പക്ഷികളുടെ അഞ്ചില്‍ ഒന്ന് മഴക്കാടുകളിലാണ് വസിക്കുന്നത്. ഒരു പക്ഷിയുടെ സുഖകരമായ ജീവിതത്തിന് പറ്റിയ ആവാസ വ്യവസ്ഥയാണ് മഴക്കാടുകളിലേത്. വ്യത്യസ്ത വര്‍ണങ്ങളിലും രൂപങ്ങളിലും പാറിപ്പറന്നു നടക്കുന്ന പറവക്കൂട്ടങ്ങള്‍ പക്ഷി നിരീക്ഷകരെ മഴക്കാടുകളില്‍ എത്തിക്കാറുണ്ട്.
ഇതില്‍ പ്രധാനമാണ് വര്‍ണനിറമുള്ള തത്തകള്‍. തത്തവര്‍ഗങ്ങളിലെ ‘മക്കാവു'(macaws)കള്‍ക്ക് ചെറിയ ചിറകുകളാണുള്ളത്. ശക്തമായ കൊക്കുകളും, നഖങ്ങളും ഈ വര്‍ണ തത്തകളുടെ പ്രത്യേകതയത്രേ! കട്ടിയുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കൊത്തിപ്പൊട്ടിച്ച് കഴിക്കാന്‍ മക്കാവുകളെ സഹായിക്കുന്നത് ഈ മൂര്‍ച്ചയേറിയ കൊക്കുകളാണ്.
പകല്‍നേരങ്ങളില്‍ മരങ്ങളില്‍ തൂങ്ങിയാടി നില്‍ക്കുന്ന ആയിരക്കണക്കിന് വവ്വാലുകളുടെ ചിത്രം മഴക്കാടുകളുടെ ഒരു പ്രത്യേകതയാണ്. ചിലപ്പോഴിവ ഒന്നിച്ച് ചിറകടിച്ച് പറന്ന് വലിയ ശബ്ദമുണ്ടാക്കും. രാത്രിയാവുമ്പോള്‍ പ്രാണിവര്‍ഗത്തെയും, പഴങ്ങളും തേടി പറക്കാന്‍ തുടങ്ങും. മഴക്കാടുകളെ സംബന്ധിച്ചിടത്തോളം വവ്വാലുകള്‍ക്ക് പ്രധാന പങ്കുണ്ട്. കാടിന്റെ വിവിധ ഭാഗങ്ങളില്‍ വിത്തുകള്‍ നിക്ഷേപിക്കുന്നത് വവ്വാലുകളാണ്. നാളത്തെ മരമോ, ചെടിയോ ഇങ്ങനെ ഉണ്ടാവുന്നു. അതേപോലെ മഴക്കാടുകളില്‍ കാണുന്ന വൈവിധ്യമാര്‍ന്ന ചിത്രശലഭങ്ങള്‍ (butterfly) മറ്റൊരു പ്രത്യേകതയാണ്. ഇവയില്‍ വിഷമുള്ളവയും, അല്ലാത്തവയും ഉണ്ട്.

സ്ലോത്തുകളും ബുഷ്‌ബേബികളും
(sloth and bush baby)

കുരങ്ങന്മാരെപ്പോലെത്തന്നെ മരങ്ങളില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്ന മഴക്കാടുകളിലെ രണ്ട് ജീവിവര്‍ഗമാണ് സ്ലോത്തുകളും ബുഷ്‌ബേബികളും. ഭൂമിയിലെ ഏറ്റവും വേഗം കുറഞ്ഞ ജീവിയെന്ന് പേരുള്ള സ്ലോത്തുകള്‍ തങ്ങളുടെ മൂര്‍ച്ചയുള്ള നീളന്‍ നഖങ്ങള്‍ ഉപയോഗിച്ച് മരങ്ങളില്‍ അള്ളിപ്പിടിച്ച് കയറുന്നു. ഒരു ദിവസത്തിലെ നല്ലൊരു ശതമാനം ഇവ മരങ്ങളില്‍ തന്നെ ഉറങ്ങാനാണ് ഇഷ്ടപ്പെടുന്നത്. ഏതാണ്ട് മരങ്ങളോട് സാമ്യമുള്ള നിറമായതിനാല്‍ ശത്രുക്കളുടെ കണ്ണില്‍നിന്നു രക്ഷനേടാനും ഇവയ്ക്ക് കഴിയുന്നു.
പകല്‍ മുഴുവന്‍ ഉറങ്ങി രാത്രിയാവുമ്പോള്‍ ഇര തേടാന്‍ ഇറങ്ങുന്ന ബുഷ്‌ബേബികള്‍ക്ക് വലിയ കണ്ണുകളാണുള്ളത്. പഴം, പ്രാണിവര്‍ഗങ്ങള്‍, വിത്തുകള്‍ എന്നിവയാണ് ഇവയുടെ മുഖ്യ ആഹാരം. രാത്രിയില്‍ നല്ല കാഴ്ചശക്തിയുള്ള ബുഷുകള്‍ മരങ്ങള്‍ മാറിമാറി സഞ്ചരിച്ച് ഇര തേടുകയാണ് പതിവ്. മരങ്ങളിലൂടെയുള്ള സഞ്ചാരത്തില്‍ നിന്നു ശരീരത്തിന്റെ തുലനം കാത്തുസൂക്ഷിക്കുന്നത് ഇവയുടെ നീളന്‍ വാലുകളാണ്.

മഴക്കാടുകളിലെ
ഗോത്രവര്‍ഗം

നൂറ്റാണ്ടുകളായി മനുഷ്യന്‍ അധിവസിക്കുന്ന ഒരു ലോകം മഴക്കാടുകളിലുണ്ട്. പ്രകൃതിയില്‍ നിന്ന് തങ്ങള്‍ക്കു വേണ്ടിയുള്ളതെല്ലാമെടുത്ത്, പ്രകൃതിയെ പോറ്റമ്മയെപ്പോലെ സ്‌നേഹിച്ച് കഴിയുന്ന ആദിമ ഗോത്രങ്ങള്‍ ഇവിടെ വസിക്കുന്നു. മഴക്കാടുകളില്‍ നിന്നു ലഭിക്കുന്ന ഇലകളും മരങ്ങളും ഉപയോഗിച്ചാണ് ഇവര്‍ വീടുകള്‍ പണിയുന്നത്. മൃഗങ്ങളെ വേട്ടയാടിയും, കായ്കനികള്‍ പറിച്ചു തിന്നും ഈ ആദിമ സമൂഹം ജീവിക്കുന്നു. ഫലഭൂയിഷ്ടമായ മണ്ണില്‍ വിളകളിറക്കാനും ഇവര്‍ മടിക്കാറില്ല. പശുവളര്‍ത്തലും തേനീച്ച വളര്‍ത്തലും ഇവരുടെ വരുമാനമാര്‍ഗം തന്നെ. പല ആദിവാസി ഗോത്രങ്ങളും പുറംലോകവുമായി ബന്ധം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. മഴക്കാടുകള്‍ക്കിടയിലൂടെ ഒഴുകുന്ന ആമസോണ്‍ നദികളില്‍ മീന്‍ പിടിച്ച് ഉപജീവനം കഴിക്കുന്നവരുമുണ്ട്.

പാമ്പുകളും തവളകളും
(snakes and frogs)

പാമ്പുകളുടെ വിഹാരകേന്ദ്രമാണ് മഴക്കാടുകള്‍. ഇലകള്‍ വീണ് മെത്തപോലെ കിടക്കുന്ന ഭൂമിയുടെ ഉപരിഭാഗം പാമ്പുകള്‍ക്ക് യഥേഷ്ടം ഭക്ഷണം ലഭിക്കാനും, സുഖകരമായ ജീവിതത്തിനും ഇടനല്‍കുന്നു. പാമ്പുകളില്‍ ഉഗ്രവിഷമുള്ളവയും, അല്ലാത്തവയും ഉണ്ട്. പ്രാണികള്‍, എലികള്‍, തവളകള്‍ എന്നിവയെയെല്ലാം ഇവ ഇരകളാക്കുന്നു.
എങ്കിലും മഴക്കാടുകളില്‍ കാണുന്ന വിഷമുള്ള തവളവര്‍ഗം പാമ്പുകളുടെ ശത്രുക്കളത്രെ! മഴക്കാടുകളില്‍ ജീവിക്കുന്ന ഗോത്രസമൂഹം, വൈദ്യലോകം എന്നിവര്‍ തവളയില്‍ നിന്നു വിഷാംശത്തെ വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കാറുണ്ട്. ചിലയിനം തവളകളുടെ തൊലിയാണ് വൈദ്യലോകത്ത് ഉപയോഗപ്പെടുത്തുന്നത്. വേദന സംഹാരിയായിട്ടാണ് ഇവ ഉപയോഗിക്കുന്നത്.
വേദന സംഹാരികള്‍ക്ക് ഇതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു മരുന്നില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇവ കൂടാതെ ഓന്തുകള്‍, ചിലന്തിവര്‍ഗങ്ങള്‍, വിവിധതരം പല്ലികള്‍ എന്നിവയും മഴക്കാടുകളില്‍ ധാരാളമുണ്ട്. മഴക്കാടുകളിലെ ചിലന്തികള്‍ വിഷമുള്ളവയാണ്. ഇവയുടെ കടിയേറ്റാല്‍ മനുഷ്യന് പോലും ജീവഹാനി സംഭവിക്കും. മഴക്കാടുകളില്‍ കുഴികളുണ്ടാക്കി കഴിയുകയും, രാത്രിയാവുമ്പോള്‍ ഇരതേടുകയും ചെയ്യുന്ന ചിലന്തികളെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യേണ്ട ഒരു ജീവിയത്രെ!
ജീവജാലങ്ങളില്‍ പ്രധാനപ്പെട്ട’ജാഗോറുകള്‍'(jaguar) മത്സ്യങ്ങളിലെ’പിരാന്തകള്‍'(piranhas) പലതരം പുഴുക്കള്‍ 70,000-ല്‍പരം കുമിള്‍ വര്‍ഗങ്ങള്‍, മരം തിന്നുന്ന ചിതലുകള്‍ (termites) ഗൊറില്ലകള്‍ (gorilla) എന്നിവയടക്കം വൈവിധ്യമാര്‍ന്നതാണ് മഴക്കാടുകളിലെ ജീവലോകം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.