2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

വിഷുവിന് കുളിരേകാന്‍ മഴയെത്തുന്നു; മഴ ഒരാഴ്ച തുടരും

കെ.ജംഷാദ്

കോഴിക്കോട്: ശ്രീലങ്കയ്ക്കു സമീപത്തായി രൂപപ്പെട്ട സൈക്ലോണിക് സര്‍കുലേഷനും (ചക്രവാതചുഴി) കഴിഞ്ഞ മൂന്നുദിവസമായി തെക്കന്‍ തമിഴ്‌നാട് മുതല്‍ കേരളത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയോടുചേര്‍ന്ന് വടക്കന്‍ കര്‍ണാടക വരെ നിലകൊള്ളുന്ന ന്യൂനമര്‍ദ മേഖലയെയും (ട്രഫ്) തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.
ഏതാനും ദിവസമായി തെക്കന്‍ കേരളത്തില്‍ തുടരുന്ന മഴ ഇന്നലെയോടെ വടക്കന്‍ കേരളത്തിലേക്കും വ്യാപിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 7 മുതല്‍ 11 സെ.മി വരെ ശക്തിയുള്ള കനത്ത മഴയ്ക്കും മറ്റിടങ്ങളില്‍ ഇടിമിന്നലോടെയുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മാലദ്വീപിനും കന്യാകുമാരിക്കും ഇടയിലുള്ള കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് ഇന്നുവരെയും ലക്ഷ്വദീപ് ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതിന് നാളെ വരെയും നിരോധനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കടല്‍ക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 മുതല്‍ 50 കി.മി വരെയായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം ഇന്നലെ മഴപെയ്തു. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
മഞ്ചേരിയിലാണ് ഇന്നലെ രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് (58.4 മില്ലി മീറ്റര്‍). കോഴിക്കോട്- 38.3, മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ- 22.8, അങ്ങാടിപ്പുറം- 22.2, നിലമ്പൂര്‍- 5.6, പൊന്നാനി- 6, വയനാട് ജില്ലയിലെ അമ്പലവയല്‍- 20.2, കുപ്പാടി- 24.6, കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍- 30, പാലക്കാട്ടെ മണ്ണാര്‍ക്കാട്- 23, പട്ടാമ്പി- 15.5, തൃത്താല- 4.8, പാലക്കാട്- 1.6, ചിറ്റൂര്‍- 5, കൊടുങ്ങല്ലൂര്‍- 7, പിറവം- 18.5, ചേര്‍ത്തല- 10, കോട്ടയം- 4.6, കോഴഞ്ചേരി- 14.4, വൈക്കം- 20, ഇടുക്കി- 37.4, മയിലാടുംപാറ- 16.8, തൊടുപുഴ- 27.1, പത്തനംതിട്ട- 35, കൊല്ലം- 7.2, പുനലൂര്‍- 7.4, ആര്യങ്കാവ്- 10, തിരുവനന്തപുരം നഗരം- 33.6, നെയ്യാറ്റിന്‍കര- 25, നെടുമങ്ങാട് – 17.3, വര്‍ക്കല- 18 മില്ലി മീറ്റര്‍ എന്നിങ്ങനെമഴ രേഖപ്പെടുത്തി.

മഴ ഒരാഴ്ച തുടരും
കേരളത്തില്‍ ഒരാഴ്ചയെങ്കിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് നിഗമനം. കേരളത്തിനും തമിഴ്‌നാടിനും ഇടയ്ക്ക് രൂപപ്പെട്ട ന്യൂനമര്‍ദ മേഖല കാരണം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തണുത്ത കാറ്റ് തമിഴ്‌നാടിനു മുകളിലൂടെ നീങ്ങുന്നതും അറബിക്കടലിലെ തണുത്ത കാറ്റ് കേരളത്തിനു കുറുകെ സഞ്ചരിക്കുന്നതും മേഘങ്ങള്‍ രൂപപ്പെടാനും മഴക്കും ഇടയാക്കും. ചക്രവാതചുഴി പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നതിനാല്‍ തമിഴ്‌നാട്ടിലെ കേരള അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളിലെ മഴയുടെ ശക്തി അടുത്തദിവസങ്ങളില്‍ കുറയുമെന്നാണ് നിഗമനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.