2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ചായ കപ്പില്‍ ‘മേം ഭി ചൗക്കിദാര്‍’ മുദ്രാവാക്യം: റെയില്‍വേ പെരുമാറ്റ ചട്ടലംഘന വിവാദത്തില്‍

 

ന്യൂഡല്‍ഹി: ‘മേം ഭി ചൗക്കിദാര്‍’ എന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം ചായ കപ്പില്‍ എഴുതി റെയില്‍വേ വിവാദത്തില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണ് നടത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.

കഥ്‌ഗോഡം ശതാബ്ദി ട്രെയിനിലെ യാത്രക്കാരന്‍ ഈ കപ്പിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ, കപ്പ് പിന്‍വലിച്ചതായി അറിയിച്ച് റെയില്‍വേ തടിയൂരി. കോണ്‍ട്രാക്ടര്‍ക്ക് പിഴ ഈടാക്കിയതായും റെയില്‍വേ അറിയിച്ചു.

സങ്കല്‍പ്പ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയാണ് പരസ്യം ചെയ്തിരിക്കുന്നത്. രണ്ടു പ്രാവശ്യം ഇതേ കപ്പ് തന്നെയാണ് കിട്ടിയതെന്നും യാത്രക്കാര്‍ പറയുന്നു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ച് ടിക്കറ്റ് നല്‍കിയും റെയില്‍വേ വിവാദത്തില്‍പ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇതുമുണ്ടായത്. വിവാദമായതോടെ ടിക്കറ്റ് പിന്‍വലിക്കുകയും മന:പൂര്‍വ്വമല്ലാതെ പറ്റിയ തെറ്റാണെന്നും റെയില്‍വേ പ്രസ്താവന ഇറക്കിയിരുന്നു.

ഐ.ആര്‍.സി.ടി.സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് ‘മേം ഭി ചൗക്കിദാര്‍’ എന്നെഴുതിയ കപ്പ് വിതരണം ചെയ്തതെന്നാണ് റെയില്‍വേയുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും സേവനദാതാവിനെതിരെ ഒരു ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും റെയില്‍വേ വക്താവ് അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.