2020 January 18 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

രാഹുല്‍, തരൂര്‍, കൊടിക്കുന്നില്‍… ഇതില്‍ ആരാവും പ്രതിപക്ഷത്തെ നേതാവ് ?

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ ലോക്‌സഭയുടെ പത്തിലൊന്ന് സീറ്റ് തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഔദ്യോഗിക പ്രതിപക്ഷനേതാവ് എന്ന പദവി ലഭിക്കാനിടയില്ലെങ്കിലും, പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലക്ക് പാര്‍ട്ടിയുടെ നേതാവ് ആരാവും? തെരഞ്ഞെടുപ്പിനു മുന്‍പായി ആരാവും പ്രധാനമന്ത്രിയെന്ന ചര്‍ച്ചയായിരുന്നു ഉയര്‍ന്നതെങ്കില്‍ മൂന്നില്‍ രണ്ടിനടുത്ത് ഭൂരിപക്ഷത്തോടെ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രധാനമന്ത്രി പദവി സംബന്ധിച്ച ചര്‍ച്ചക്ക് പകരം പ്രതിപക്ഷനേതാവ് ആരാവുമെന്ന ചര്‍ച്ചയ്ക്ക് തുടങ്ങിയത്.

 


പ്രതിപക്ഷനേതൃപദവി ലഭിക്കാനാവശ്യമായ സീറ്റ് കോണ്‍ഗ്രസിനില്ലെങ്കിലും ആ പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കരുണകാണിക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ ആവും പ്രതിപക്ഷ നേതാവുണ്ടാവുക എന്ന് ഏറെക്കുറേ ഉറപ്പായി. കാരണം കോണ്‍ഗ്രസിനെ വന്‍നാണക്കേടില്‍ നിന്ന് രക്ഷിച്ച രണ്ടു സംസ്ഥാനങ്ങളാണിവ. കോണ്‍ഗ്രസിന് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടക്കം കടന്ന ഏക സംസ്ഥാനം കേരളമാണ്. 15 സീറ്റുകളാണ് ഇത്തവണ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിച്ചത്. ഈസാഹചര്യത്തില്‍ കേരളത്തിനാണ് സാധ്യത കൂടുതല്‍. തമിഴ്‌നാട്ടില്‍ നിന്ന് എട്ടു സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അത്രയും സീറ്റ് പഞ്ചാബില്‍ നിന്നും കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, നിലവില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ജമ്മുകശ്മീരില്‍നിന്നുള്ള നേതാവാണ്. ഈ സാഹചര്യത്തില്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരാള്‍ക്ക് ഒരിക്കലൂടെ ലോക്‌സഭാ പ്രതിപക്ഷ നേതൃപദവി നല്‍കാനിടയില്ല. ഇതും ദക്ഷിണേന്ത്യയുടെ സാധ്യതവര്‍ധിപ്പിച്ചു.

 


കാലാവധി അവസാനിക്കുന്ന ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്നുള്ള നേതാവാണ്. പക്ഷേ, അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണുണ്ടായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ ലോക്‌സഭയിലെ കക്ഷിനേതാവാകാന്‍ സാധ്യത കുറവാണ്. ഇനി ആയാലും വയനാട്ടില്‍ നിന്നുള്ള എം.പിയായതിനാല്‍ അപ്പോഴും കേരളത്തില്‍ നിന്നുള്ള പ്രതിനിധിയാവും പ്രതിപക്ഷനേതാവ്.

 

 


മുന്‍കേന്ദ്രമന്ത്രിയും താരപരിവേശവുമുള്ള ഡോ. ശസിതരൂരിനാണ് കേരളാ എം.പിമാരില്‍ ഏറ്റവുമധികം സാധ്യത. കഴിഞ്ഞസഭയില്‍ കോണ്‍ഗ്രസ് സഭാ സെക്രട്ടറിയായ ഏഴാംതവണും തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷിനാണ് പിന്നീട് സാധ്യത. ദാലിത് വിഭാഗത്തില്‍ നിന്നുള്ള ആളെന്ന പരിഗണനവച്ചാണ് കഴിഞ്ഞതവണ ഖാര്‍ഗെയെ നേതാവാക്കിയത്. ഇത്തവണയും ദലിത് പ്രാതിനിധ്യം കോണ്‍ഗ്രസ് ഉറപ്പാക്കുകയാണെങ്കില്‍ കൊടുക്കുന്നില്‍ സുരേഷാവും കോണ്‍ഗ്രസ് കക്ഷിനേതാവ്.
489 അംഗ ഒന്നാമത്തെ ലോക് സഭയില്‍ 364 സീറ്റുകള്‍ നേടിയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 16 അംഗങ്ങളുള്ള അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു അന്ന് പ്രതിപക്ഷനിരയിലെ വലിയ ഒറ്റക്കക്ഷി. കണ്ണൂരില്‍ നിന്നു ലോക്‌സഭയിലെത്തിയ സി.പി.എം നേതാവ് എ.കെ.ജി ലോക്‌സഭാ കക്ഷിനേതാവായി. ഇത്തവണ കേരളത്തില്‍ നിന്നുള്ള എം.പി ലോക്‌സഭാ പ്രതിപക്ഷനേതാവ് ആവുകയണെങ്കില്‍ എ.കെ.ജിക്ക് ശേഷം ഈ പദവി വഹിക്കുന്ന ആദ്യ കേരളാ എം.പിയെന്ന വിശേഷണം അദ്ദേഹത്തിന് ലഭിക്കും.

 


ഒന്നാം ലോക്‌സഭയുടെ സ്പീക്കറായിരുന്ന ജി.വി മാവലങ്കറുടെ റൂളിങ് അനുസരിച്ച് ലോക്‌സഭയുടെ ആകെ അംഗസഖ്യയുടെ 10 ശതമാനം അംഗബലമാണ് പ്രതിപക്ഷനേതൃസ്ഥാനം അവകാശപ്പെടാന്‍ വേണ്ടത്. അതായത് 543 അംഗ ലോക്‌സഭയില്‍ 55 അംഗങ്ങള്‍ വേണം. എന്നാല്‍, കോണ്‍ഗ്രസിന് 52 അംഗങ്ങളേയുള്ളൂ. അതേസമയം, പത്ത് ശതമാനം സീറ്റില്ലെങ്കിലും പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ കക്ഷിക്ക് പ്രതിപക്ഷ നേതൃപദവിക്ക് അവകാശവാദം ഉന്നയിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷനിരയില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള പാര്‍ട്ടിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കാമെന്ന് 1977ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ പറയുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ വാദം ഉയരുന്നത്.

കഴിഞ്ഞതവണ കോണ്‍ഗ്രസിന് 44 അംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. 10 ശതമാനം അംഗബലമില്ലായെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞതവണ പ്രതിപക്ഷനേതൃപദവി കോണ്‍ഗ്രസിന് നല്‍കാന്‍ സ്പീക്കര്‍ സുമിത്രാമഹാജന്‍ വിസമ്മതിക്കുകയുണ്ടായി. 1977 നിയമം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, ഇക്കാര്യം കോടതിയിലേക്കു കോണ്‍ഗ്രസ് വലിച്ചിഴച്ചിരുന്നില്ല.
1984 ല്‍ ഒഴികെ പത്ത് ശതമാനം അംഗബലമില്ലാത്ത പാര്‍ട്ടികള്‍ക്ക് ഭരണത്തിലിരുന്ന കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃപദവി നല്‍കിയിരുന്നില്ലെന്ന ‘കീഴ്‌വഴക്ക’വും ഉണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പിയോട് നിര്‍ബന്ധം പിടിക്കാനാവാത്ത അവസ്ഥയും കോണ്‍ഗ്രസിനുണ്ട്.

ലോക്പാല്‍, കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍, സി.ബി.ഐ മേധാവി തുടങ്ങിയവരെ തെരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ പ്രതിപക്ഷ നേതാവും അംഗമാണ്. അതിനാല്‍ പ്രതിപക്ഷനേതൃപദവിക്ക് വന്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.