2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അപ്രതീക്ഷിത ട്വിസ്റ്റ്; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും?

  • രാഹുലിനായി പിന്‍മാറിയെന്ന് സിദ്ദിഖ്‌

കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ ആവശ്യത്തില്‍ സ്ഥിരീകരണവും നല്‍കി. ഘടകകക്ഷികള്‍ക്കും ഈ കാര്യത്തില്‍ സന്തോഷമാണുള്ളതെന്നും ടി.സിദ്ധീഖുമായി വിഷയത്തില്‍ സംസാരിച്ചിട്ടുണ്ടെന്നും സിദ്ദീഖിനെ ഇക്കാര്യം പറഞ്ഞ് മനസിലാക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കേരള നേതാക്കളുടെ ആവശ്യം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയില്‍ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു . ടി സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സിദ്ദിഖ് പിന്‍മാറാന്‍ തയ്യാറാണെന്ന് അറിയിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ഗുണം ചെയ്യുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിനിനി ഒരു മാസം മാത്രം. മറ്റു മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. എന്നിട്ടും വയനാടും വടകരയിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപനമുണ്ടാകാത്തതിനെതിരേ കോണ്‍ഗ്രസ് അനുഭാവികളില്‍ വരേ അസ്വസ്ഥതയുണ്ടായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നിര്‍ണായകമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഏഴു തവണയാണ് ഇതിനോടകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുടെ പ്രഖ്യാപനം നടത്തിയത്. ഇതിലൊന്നും ഈ മണ്ഡലത്തെ ഉള്‍പ്പെടുത്തിയിരുന്നുമില്ല. വയനാട്ടില്‍ ടി.സിദ്ദീഖ് പ്രചാരണത്തില്‍ സജീവമാകുകയും ചെയ്തു.

പാര്‍ട്ടിയിലെ ഗ്രൂപ്പു തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കൂടി രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ പരിഹാരമാകുമെന്നും യു.ഡി.എഫിന്റെ കേരളത്തിലെ വിജയസാധ്യത ഇരട്ടിയാകുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഘടകക്ഷികള്‍ക്കും ഈ തീരുമാനം വലിയ ആത്മവിശ്വാസവും കരുത്തും നല്‍കുമെന്നുമാണ് വിലയിരുത്തുന്നത്.

തര്‍ക്കം നിലനിന്നിരുന്ന വയനാട്ടില്‍ ടി സിദ്ദിഖിന്റെ പേര് കെ.പി.സി.സി അധ്യക്ഷന്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും ഹൈക്കമാന്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

ഇന്നലെ രണ്ടു വട്ടം തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നാണ് ഏഴാമത്തെ പട്ടിക പ്രഖ്യാപിച്ചത്. എന്നിട്ടും വയനാടിനെയും വടകരയേയും അവഗണിച്ചു. രാഹുല്‍ ഗാന്ധി രണ്ടു ദിവസമായി ദില്ലിയില്‍ ഉണ്ടായിരുന്നു. വയനാടിന്റെ കാര്യം രാഹുലിന്റെ പരിഗണനയിലാണ്. അദ്ദേഹം അനുകൂലമായി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹൈക്കമാന്റ് തീരുമാനിക്കും മുമ്പ് രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളുടെ പേര് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതില്‍ എഐസിസിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

എന്നാല്‍ ഇന്ന് മുക്കത്ത് നടക്കുന്ന യു.ഡി.എഫ് വയനാട് മണ്ഡലം കണ്‍വന്‍ഷനില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്നതും പാര്‍ട്ടി പ്രവര്‍ത്തകരേ നിരാശരാക്കുകയാണ്. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇവര്‍ പങ്കെടുക്കാതിരിക്കുന്നതിന്റെ പിന്നിലെ കാരണവും രാഹുലിന്റെ തീരുമാനം വരാന്‍ വൈകുന്നതുകൊണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.