2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് പ്രതീക്ഷ; തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി രാഹുല്‍

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി നല്‍കിയ സമയം അവസാനിച്ചിരിക്കുന്നു. നേതൃത്വത്തിനാണെങ്കില്‍ പുതിയൊരാളെ കണ്ടെത്താനും ആയിട്ടില്ല. രാഹുല്‍ തന്നെ തുടരണമെന്ന ഒറ്റ വഴി മാത്രമാണ് നേതൃത്വത്തിന് മുന്നില്‍വയ്ക്കാനുള്ളത്. അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന പ്രതീക്ഷ പകര്‍ന്നാണ് രാഹുല്‍ പുതിയൊരു തീരുമാനമെടുത്തിരിക്കുന്നത്.

അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത. ഈയാഴ്ച അവസാനം യോഗം നടക്കുമെന്നാണ് അറിയുന്നത്. നേതാക്കളുടെ യോഗം വിളിച്ചതോടെ, അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തന്നെ തുടരുമെന്ന പ്രതീക്ഷയിലാണ് മുതിര്‍ന്ന നേതാക്കള്‍.

അതേസമയം, പ്രതിസന്ധിയുടെ പുകച്ചുരുള്‍ നീക്കാന്‍ വൈകാതെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ചേരുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും മറ്റൊരാളെ കണ്ടെത്തണമെന്നും രാഹുല്‍ പറഞ്ഞത്. മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദവുമായി എത്തിയെങ്കിലും മുഖം കാണിക്കാന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല. ഇതിനിടയില്‍ വയനാട്ടില്‍ മാത്രമാണ് പൊതുപരിപാടിയില്‍ പങ്കെടുത്തത്.

 

ജൂണ്‍ 27, 28 തിയ്യതികളില്‍ മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ കാണുമെന്നാണ് റിപ്പോര്‍ട്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എല്ലാ സംസ്ഥാനങ്ങളിലെയും പ്രസിഡന്റുമാരോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയാണ് റിപ്പോര്‍ട്ട് ഏല്‍പ്പിക്കേണ്ടത്.

ഉത്തര്‍പ്രദേശിലെയും കര്‍ണാടകയിലെയും ജില്ലാ കമ്മിറ്റികള്‍ കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു. വന്‍ അഴിച്ചുപണിയാണ് നടക്കാന്‍ പോകുന്നതെന്ന സൂചനയാണ് ഇതു നല്‍കുന്നത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെ നിര്‍ദേശ പ്രകാരമാണ് ഈ മാറ്റമെന്നാണ് വിവരം. കിഴക്കന്‍ യു.പിയുടെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് യു.പിയിലെ ഡി.സികള്‍ പിരിച്ചുവിട്ടത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.