2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

രാഹുലിന്റെ ഇഫ്താര്‍ സംഗമത്തില്‍നിന്നു പ്രണബിനെ ഒഴിവാക്കി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ സംഗമത്തില്‍നിന്നു മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പ്രണബ് മുഖര്‍ജിയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ – സാമൂഹിക മേഖലകളിലെ പ്രധാനപ്പെട്ട വ്യക്തികളെല്ലാം പങ്കെടുക്കുന്ന ഇഫ്താറില്‍നിന്നു പ്രണബിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല.

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തുപോയി പ്രണബ് പ്രസംഗിച്ച സംഭവം കോണ്‍ഗ്രസ് നേതൃത്വത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. സോണിയഗാന്ധി പോലും ഇതില്‍ അതൃപ്തി അറിയിച്ചിരുന്നു. സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ‘ഇതു പ്രതീക്ഷിച്ചില്ല, പ്രണബ് ദാ’ എന്നു ട്വീറ്റ് ചെയ്തത് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ എതിര്‍പ്പാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അസഹിഷ്ണുതയെയും അക്രമത്തെയും കടുത്ത വിമര്‍ശനത്തിരയാക്കിയാണ് പ്രണബ് ആര്‍എസ്എസ് ആസ്ഥാനത്ത് പ്രസംഗിച്ചതെങ്കിലും ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഡ്‌ഗെവാറിനെ
‘ഭാരത മാതാവിന്റെ മഹാപുത്രന്‍ എന്നു വിശേഷിപ്പിച്ചതു കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.

മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി അടക്കമുള്ളവരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തിയതും വാര്‍ഷിക പരിപാടിയില്‍ സംബന്ധിച്ചതും.

ജൂണ്‍ 13നാണ് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുലിന്റെ ആദ്യ ഇഫ്താര്‍ സംഗമം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോണ്‍ഗ്രസ് ഇത്തവണ ഇഫ്താര്‍ നടത്തുന്നത്. 2015 ലാണ് അവസാനമായി കോണ്‍ഗ്രസ് ഇഫ്താര്‍ നടത്തിയത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.