2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

രാഷ്ട്രീയം കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല, കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനും ഒപ്പം: രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: പുല്‍വാമയില്‍ സൈന്യത്തിനെതിരായ ഭീകരാക്രമണത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതു രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ്, സര്‍ക്കാരിനും സൈന്യത്തിനും ഒപ്പമാണ്. ഇത് ദുഃഖത്തിന്റേയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണ്. അതിനപ്പുറം ഒരു സംസാരത്തിനും ഈ സമയത്ത് പ്രസക്തിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കൊടുംഭീകര ദുരന്തമാണ് രാജ്യം നേരിട്ടത്. വെറുപ്പുളവാക്കുന്ന ആക്രമണമാണ് സൈന്യത്തിനു നേരെയുണ്ടായത്. മരിച്ച ജവാന്മാരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. ഇത്തരം ആക്രമണത്തിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്കു തെറ്റുപറ്റി.

രാജ്യത്തിന്റെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരതയുടെ ലക്ഷ്യം രാഷ്ട്രത്തെ വിഭജിക്കലാണ്. എന്നാല്‍ നമ്മള്‍ ഒരു നിമിഷം പോലും വിഭജിച്ച് നില്‍ക്കില്ല. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനൊപ്പമാണ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തിനെത്തിയത്. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒന്നും ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. ഒരു ശക്തിക്കും ഈ രാജ്യത്തെ വിഭജിക്കാനും തകര്‍ക്കാനും ആകില്ലെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.