2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

രാജി തീരുമാനത്തില്‍ മാറ്റമില്ല; പിന്‍ഗാമിയെ കണ്ടെത്താന്‍ ആവശ്യപ്പെട്ട് രാഹുല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ പാര്‍ട്ടിയില്‍ ആവശ്യപ്പെട്ടതായി റിപോര്‍ട്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവയ്ക്കാന്‍ രാഹുല്‍ സന്നദ്ധത അറിയിച്ചിരുന്നു. 

ഇന്ന് കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലുമായും കെസി വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ പുതിയ പാര്‍ട്ടി പ്രസിഡന്റിനെ കണ്ടെത്തണമെന്ന് രാഹുല്‍ നേതാക്കളോട് ആവശ്യപ്പെട്ടതായി രാഹുലിനോട് അടുത്ത കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായ ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്. തന്റെ മുതു മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്രുവിനെ അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ചുകൊണ്ടുള്ള സന്ദേശം രാഹുല്‍ ഇന്ന് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇന്ത്യക്കൊപ്പം പിറവിയെടുത്ത പല ജനാധിപത്യ രാഷ്ട്രങ്ങളും പിന്നീട് ഏകാധിപത്യത്തിലേക്ക് പോയെന്നും ഇന്ത്യയിലെ ജനാധിപത്യത്തെ 70 വര്‍ഷത്തിലധികം അതിജീവിക്കാന്‍ പ്രാപ്തമാക്കിയതിന് സഹായിച്ച ശക്തവും സ്വതന്ത്രവും ആധുനികവുമായ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് സംഭാവനകള്‍ നല്‍കിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍ക്കുകയാണെന്നും രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന കാര്യത്തില്‍ റാഹുല്‍ ഉറച്ചു നില്‍ക്കുകയാണെന്നും എന്നാല്‍ പകരം ഒരാളെ കണ്ടെത്താതെ രാഹുല്‍ പദവി ഇട്ടേച്ച് പോവില്ലെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ അറിയിച്ചു. സഹോദരി പ്രിയങ്കാ ഗാന്ധിയും മാതാവും പാര്‍ട്ടി മുന്‍ അധ്യക്ഷയുമായ സോണിയാ ഗാന്ധിയും രാഹുലിന്റെ തീരുമാനത്തെ അംഗീകരിച്ചതായാണ് പാര്‍ട്ടിയില്‍ നിന്നുള്ള വിവ്രം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.