2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, 48 മണിക്കൂറിനകം മറുപടി നല്‍കണം

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റ ചട്ടലംഘന നോട്ടീസ്. ആദിവാസികളെ വെടിവച്ചു കൊല്ലാന്‍ അനുവദിക്കുന്ന പുതിയനിയമം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്നുവെന്ന പരാമര്‍ശത്തിനെതിരായാണ് നോട്ടീസ്. മധ്യപ്രദേശില്‍ റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

രണ്ട് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 17ന് ബി.ജെ.പി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ആദിവാസികളെ വെടിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള നിയമം രൂപീകരിച്ചു എന്ന് പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു.

‘ആദിവാസികളെ വെടിവയ്ക്കാന്‍ പൊലിസിന് അനുമതി നല്‍കുന്ന നിയമം നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്നു.. ആദിവാസികളെ ആക്രമിക്കാം എന്നാണ് ആ നിയമം പറയുന്നത്. നിങ്ങളുടെ ഭൂമി അവരെടുത്തു..നിങ്ങളുടെ കാട് അവരെടുത്തു.. നിങ്ങളുടെ ജലം അവരെടുത്തു.. എന്നിട്ടും അവര്‍ പറയുന്നു ആദിവാസികളെ വെടിവയ്ക്കാം എന്ന്’- ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ തുടര്‍നടപടികള്‍ എടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോള്‍ പാനല്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ നോട്ടീസ്. ബലാകോട്ട് വ്യോമാക്രമണത്തിന്റെ പേരില്‍ വോട്ട് തേടി, രാഹുല്‍ ഭൂരിപക്ഷ മേഖലയില്‍ നിന്ന് ഒളിച്ചോടുന്നു തുടങ്ങി പരാമര്‍ശങ്ങള്‍ക്കെതിരെ ആയിരുന്നു കോണ്‍ഗ്രസിന്റെ പരാതി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News