2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

”ആകാശത്തേക്ക് റോക്കറ്റ് വിട്ടാല്‍ ആമാശയത്തിലേക്ക് ആഹാരം പോകില്ല, യുവക്കാള്‍ ജോലി ചോദിക്കുന്നു, സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കാന്‍ പറയുന്നു”: കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

മുംബൈ: കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കള്‍ ജോലിയെപ്പറ്റി ചോദിക്കുമ്പോള്‍ അവരോട് ചന്ദ്രനിലേക്ക് നോക്കാന്‍ പറയുന്ന ഒരു സര്‍ക്കാരാണ് ഇവിടെയുള്ളതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടാല്‍ പട്ടിണികിടക്കുന്ന ആയിരങ്ങളുടെ ആമാശയത്തിലേക്ക് ആഹാരം പോകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലാത്തൂരില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ ഇന്ത്യന്‍ സന്ദര്‍ശനം തന്റെ നേട്ടമാക്കി കൊണ്ടാടാനുള്ള മോദിയുടെ ശ്രമത്തെയും അദ്ദേഹം പരിഹസിച്ചു.

2017ല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയായ ഡോക്‌ലാമില്‍ നടന്ന ചൈനീസ് അധിനിവേശത്തെ പരാമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി ഇതിനെതിരേ അഞ്ഞടിച്ചത്. അത് ഇന്ത്യയില്‍ ഉണ്ടാക്കിയതല്ലെന്നും ചൈനാ നിര്‍മിതമാണെന്നും പറഞ്ഞാണ് രാഹുല്‍ഗാന്ധി മോദിയെ പരിഹസിച്ചത്. രാജ്യത്തെ സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മാധ്യമങ്ങളുടെ സഹായത്തോടെ മോദി ഐ.എസ്.ആര്‍.ഒയുടെ നേട്ടം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്.

രാജ്യത്തെ കര്‍ഷകരുടെ ദുരിതവും തൊഴിലില്ലായ്മയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരും പരിഗണിക്കുന്നില്ലെന്ന് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. 15 അതിസമ്പന്നരുടെ അഞ്ചര ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യത എഴുതിത്തള്ളാന്‍ താല്‍പര്യം കാണിക്കുന്ന സര്‍ക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.