2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

അഴിമതിയെക്കുറിച്ച് ഒരുപാട് പ്രസംഗിച്ച മോദി ഇപ്പോള്‍ അഴിമതി എന്ന വാക്കു പറയുന്നില്ല, മോദി വിശ്വാസ്യതാ പ്രശ്‌നം നേരിടുന്നു: രാഹുല്‍ ഗാന്ധി

  • ഓഖി ദുരന്ത ബാധിതരുടെ പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിക്കും
  • രാജ്യത്തെ വര്‍ഗീയ ശക്തികളെ നേരിടാന്‍ സി.പി.എമ്മിന് സാധിക്കുന്നുണ്ടോയെന്നും ചോദ്യം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സി.പി.എമ്മിനും എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫ് പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓഖി ദുരന്തം: പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിക്കും

ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ലോക്‌സഭയിലും രാജ്യസഭയിലും ഉയര്‍ത്തിക്കാട്ടി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഓഖി ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിച്ചു, അവര്‍ക്കു വേണ്ടി സാധ്യമായതെല്ലാം ചെയ്യണമെന്നും ഏറ്റവും വേഗത്തിലാക്കണമെന്നും ഞാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

പൂന്തുറയിലെത്തിയ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കുന്നു

 

മോദി വിശ്വാസ്യതാ പ്രശ്‌നം നേരിടുന്നു

ആളുകള്‍ നരേന്ദ്ര മോദിയുടെ ഒരുപാട് പ്രസംഗങ്ങള്‍ കേള്‍ക്കുന്നു. എന്നാല്‍ അദ്ദേഹം പറയുന്നത് ആളുകള്‍ വിശ്വസിക്കുന്നില്ല. കാരണം, കഴിഞ്ഞ മൂന്നു വര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

 

രാഹുല്‍ ഗാന്ധി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു- ചിത്രം: എസ് ശ്രീകാന്ത്

ഞാന്‍ രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് അദ്ദേഹം രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്തു. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതി അദ്ദേഹം കാഴ്ചവച്ചു. ഉല്‍പാദന രംഗത്ത് ചൈനയെ വെല്ലുവിളിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പക്ഷെ, സത്യം പുറത്തുവന്നിരിക്കുകയാണ്. കുറച്ചു നാളുകള്‍ക്കു മുന്നേ സര്‍ക്കാരിനോട് ചോദിച്ചു, ഈ പദ്ധതികള്‍ മുഖേന എത്ര ജോലി സൃഷ്ടിച്ചുവെന്ന്. 24 മണിക്കൂറിനുള്ളില്‍ ചൈന 50,000 ജോലികളാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇന്ത്യയില്‍ 24 മണിക്കൂറില്‍ സൃഷ്ടിക്കുന്നത് 450 തൊഴില്‍ മാത്രമാണ്. മോദിയില്‍ വിശ്വസിച്ച യുവാക്കള്‍ ഭീകരമായ ആശയക്കുഴപ്പത്തിലാണ്.

സി.പി.എമ്മിനോട് ഒരു ചോദ്യം

എനിക്ക് സി.പി.എമ്മിനോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. യഥാര്‍ഥത്തില്‍ രാജ്യത്തെ വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ അവര്‍ക്ക് സാധ്യമാവുന്നുണ്ടോ?. ഈ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തിയാണെന്ന് സി.പി.എം അംഗീകരിക്കുന്നുണ്ടോ?- രാഹുല്‍ ചോദിച്ചു.

മോദി അഴിമതി എന്ന വാക്ക് പറയുന്നില്ല

എല്ലാ പ്രസംഗങ്ങളിലും അഴിമതിയെക്കുറിച്ചാണ് മോദി സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ എന്തോ കാരണം കൊണ്ട് അഴിമതിയെക്കുറിച്ച് ഇപ്പോള്‍ ഒരു വാക്കു പോലും പറയുന്നില്ല. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ എന്ത് ചെയ്‌തെന്ന് ഞങ്ങള്‍ രാജ്യത്തോട് പറഞ്ഞു. മൂന്നു മാസം കൊണ്ട് 50,000 രൂപ എട്ടു കോടിയാക്കി മാറ്റി. പക്ഷെ, നമ്മുടെ പ്രധാനമന്ത്രിക്ക് ഇതില്‍ ഒരു വാക്ക് പോലും പറയാനില്ല.

അതുകൊണ്ടും അവസാനിക്കുന്നില്ല. പ്രധാനമന്ത്രി റാഫേല്‍ ഇടപാടിനെക്കുറിച്ചും സംസാരിക്കുന്നില്ല. ഇന്ത്യയില്‍ 136 റാഫേല്‍ വിമാന ഇടപാട് ഇടപാട് ഉണ്ടായിരുന്നു. ഈ ഉടമ്പടിയനുസരിച്ച് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സാണ് വിമാനം വാങ്ങേണ്ടിയിരുന്നത്. എന്നാല്‍ അതു റദ്ദു ചെയ്യുകയുണ്ടായി. പിന്നീട് പ്രധാനമന്ത്രി ഫ്രാന്‍സില്‍ പോയി. അതേസമയത്തു തന്നെ രാജ്യത്തെ ഒരു വ്യവസായിയും അവിടെ പോയി. എന്നാല്‍ നമ്മുടെ പ്രധിരോധ മന്ത്രി ഗോവലിയെ മീന്‍ മാര്‍ക്കറ്റിലായിരുന്നു.

കരാറില്‍ പ്രധാനമന്ത്രി യു ടേണ്‍ എടുത്തിരിക്കുകയാണ്. ഏകപക്ഷീയമായി ഒരു ഉടമ്പടി ഇല്ലാതാക്കി. ഇതേക്കുറിച്ച് അദ്ദേഹത്തോട് മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു. ഒന്ന്, ഈ ഉടമ്പടി അനുസരിച്ച് വിമാനങ്ങളുടെ വില കൂടുതലാണോ കുറവാണോ?, പ്രതിരോധ മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് ഇതിന് മറുപടി തരാന്‍ തയ്യാറായില്ല. രണ്ട്, എന്തുകൊണ്ട് വളരെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിനെ ഉടമ്പടിയില്‍ നിന്ന് ഒഴിവാക്കി? പിന്നെ എന്തിന് വ്യവസായിക്ക് ഉടമ്പടി നല്‍കി?, മൂന്ന്, എയര്‍ഫോഴ്‌സിന്റെയും നേവിയുടെയും സുരക്ഷാ അനുമതി വേണം, ഈ ഉടമ്പടിയില്‍ എന്തുകൊണ്ട് അതുണ്ടായില്ല. ഒന്നിനെക്കുറിച്ചും പ്രധാനമന്ത്രിയോ സര്‍ക്കാരോ ഉത്തരം പറഞ്ഞില്ല. നമ്മുടെ പ്രധാനമന്ത്രി അഴിമതി എന്ന ഒരു വാക്ക് പോലും പറയുന്നില്ല.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.