2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

തൊഴിലില്ലായ്മയും കര്‍ഷക പ്രതിസന്ധിയും പരിഹരിക്കാതെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല: യു.എ.ഇയില്‍ വിദ്യാര്‍ഥികളുമായി സംവദിച്ച് രാഹുല്‍ഗാന്ധി

#ആഷിർ മതിലകം

ദുബൈ: യു.എ.ഇയിലെ വിദ്യാര്‍ഥികളുമായി സംവദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഐ.എം.ടി ദുബൈയില്‍ സംഘടിപ്പിച്ച സംവാദത്തിലാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആശയങ്ങളെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും നേരിട്ട് ചോദിച്ച് മനസ്സിലാക്കിയത്. ചോദ്യങ്ങളെന്തുമാകട്ടേ ഉത്തരം നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്നു പറഞ്ഞു തുടങ്ങിയ രാഹുല്‍ വിദ്യാര്‍ഥികളുമായ വിശദമായി ആശയസംവാദം നടത്തി.

തൊഴിലില്ലായ്മയും കര്‍ഷക പ്രതിസന്ധിയും പരിഹരിക്കാതെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വികസനത്തിന് പ്രവാസികളുടെ സംഭവാന വളരെ വലുതാണെന്നും ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. ദശാബ്ദത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇന്ന് ഇന്ത്യ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

പ്രവാസികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യത്തെക്കുറിച്ച് പുരോഗമനപരമായ ചിന്തയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെന്നത് ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങതല്ലായെന്നും ഇന്ത്യയെന്നത് ഒരു ആശയമാണെന്നും രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു. ഒരു ആശയം മാത്രം ശരിയെന്നും മറ്റുള്ളവ തെറ്റാണെന്നുള്ള കാഴ്ച്ചപ്പാട് രാജ്യത്തെ മുന്നോട്ട് നയിക്കില്ല. രാജ്യത്തെ വിദ്യാഭ്യാസമേഖലയില്‍ മാറ്റമുണ്ടാകണം. കൂടുതല്‍ സ്ഥാപനങ്ങളും അതിന്റെ കടമകള്‍ നിര്‍വ്വഹിക്കുന്നില്ലാ എന്ന് പറയേണ്ടിവരുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയില്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും യു.പി, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ് തുടങ്ങി സംസ്ഥാനങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടതുണ്ട്.

സഹിഷ്ണുത നമ്മുടെ സംസ്‌കാരത്തില്‍ അന്തര്‍ലീനമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സഹിഷ്ണുതക്കുറവുള്ള ഒരു സമൂഹമായി മാറുന്നു. നേതൃത്വത്തിന്റെ അസഹിഷ്ണുത സമൂഹത്തിലേക്കും പടരുകയാണ്. അസഹിഷ്ണുവായ നേതാവിന്റെ ഭരണകൂടവും അസഹിഷ്ണുതയുള്ളതായിരിക്കും. ആശയങ്ങളെ സ്വാംശീകരിക്കുന്നതിലൂടെയാണ് ഇന്ത്യയുടെ മുന്നോട്ടുപോക്ക് സാധ്യമാകുന്നത്. സഹിഷ്ണുതക്കുവേണ്ടിയുള്ള പോരാട്ടത്തിലാണെന്നും രാഹുല്‍ഗാന്ധി വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു


 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News