2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ഇതാ.., രാഹുല്‍ വരുന്നൂ ജനഹൃദയങ്ങളിലേയ്ക്ക്

നവാസ് പൂനൂര്‍ 8589984455

നെഹ്‌റു കുടുംബം മതേതര ഇന്ത്യക്കു നല്‍കിയ സംഭാവന നമ്മള്‍ ഓര്‍ക്കുന്നതിപ്പോഴാണ്. മതേതരത്വം പൂര്‍ണമായും തകര്‍ക്കപ്പെടുകയും ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യന്‍ മനസ്സ് വിഭജിക്കുകയും ചെയ്യുന്ന ഇക്കാലം സ്വതന്ത്രഭാരതം കണ്ട ഏറ്റവും കറുത്ത നാളുകളാണ്. ഇന്ത്യന്‍ ജനതയെ ഒന്നായിക്കാണുകയും മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്തുകയും ചെയ്ത ഒരു സംവിധാനത്തില്‍ വിഷം കലര്‍ത്തുന്ന കാഴ്ച കണ്ടു നമ്മുടെ നെഞ്ചകം പിടയുന്നു.
ഇവിടെ നമ്മള്‍ നെഹ്‌റു കുടുംബത്തിന്റെ മഹത്വം തിരിച്ചറിയുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ തലയെടുപ്പും ഇന്ദിരാഗാന്ധിയുടെ ഊര്‍ജസ്വലതയും രാജീവ് ഗാന്ധിയുടെ സൗമ്യഭാവവും ആവാഹിച്ചെടുത്ത് ആ കുടുംബത്തിലെ ഇളമുറക്കാരന്‍ രാഹുല്‍ഗാന്ധി ഇന്ത്യന്‍ മനസ്സില്‍ ചേക്കേറിയിരിക്കുന്നു. കേരളജനതയെ സ്വന്തം നെഞ്ചോടു ചേര്‍ത്തുവച്ചിരിക്കുന്നു. ഒരുദിവസം മാത്രം നീണ്ട കേരളപര്യടനത്തില്‍ രാഹുല്‍ നമ്മെ കീഴടക്കിക്കളഞ്ഞു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തുതന്നെ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷപ്പദവിയില്‍പ്പോലും ഇന്ദിരാഗാന്ധിയെത്തി. പണ്ഡിറ്റ്ജിയുടെ പരിശീലനം അവരെ ഏറ്റവും മികച്ച രാഷ്ട്രീയനേതാവാക്കി, കഴിവുറ്റ ഭരണാധികാരിയാക്കി മാറ്റി. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിപദത്തില്‍ അച്ഛനെപ്പോലെ ലോകശ്രദ്ധനേടിയ ഭരണാധികാരിയായി അവര്‍.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍, രാഷ്ട്രീയവുമായി ബന്ധമൊന്നുമില്ലാതിരുന്ന രാജീവ് ഗാന്ധി, രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതശരീരം സാക്ഷിനിര്‍ത്തി ഒരു പ്രതിജ്ഞ എടുത്തു, അമ്മയെപ്പോലെ ഈ രാജ്യത്തെ സേവിക്കാനും സ്‌നേഹിക്കാനും താന്‍ തയ്യാറാണെന്ന്. അതുപോലെത്തന്നെ രാഹുല്‍ പ്രവര്‍ത്തിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതസാഹോദര്യവും നിലനിര്‍ത്താന്‍ അദ്ദേഹം അഹോരാത്രം ശ്രമിച്ചു. പക്ഷേ, രാജ്യത്തെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരുന്ന ശക്തികള്‍ അമ്മയെ ഇല്ലാതാക്കിയപോലെ മകനെയും വകവരുത്തി. പ്രധാനമന്ത്രിപദത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണു രാജീവ് കൊല്ലപ്പെടുന്നത്.
രാജീവിന്റെ വിയോഗം സൃഷ്ടിച്ച അനാഥത്വത്തില്‍ അദ്ദേഹത്തിന്റെ പ്രിയപത്‌നിയെ, ഇന്ത്യക്കാരി പോലുമല്ലാത്ത സോണിയയെ, സ്‌നേഹ സമ്മര്‍ദത്തിലൂടെ നേതൃത്വത്തിന്റെ കടിഞ്ഞാണേല്‍പ്പിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നെഹ്‌റു കുടുംബത്തിന്റെ ഈ മരുമകള്‍ മടിച്ചുമടിച്ചാണു രാഷട്രീയത്തിലിറങ്ങിയതെങ്കിലും ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അവര്‍ ഇതില്‍ മുഴുകി. കുടുംബത്തിന്റെ മഹത്തായ പൈതൃകം കാത്തുസൂക്ഷിക്കുന്ന രീതിയിലായിരുന്നു അവരുടെ പ്രവര്‍ത്തനം.
പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ അവര്‍ വളര്‍ന്നു. ഏകകക്ഷി ഭരണമെന്ന അജന്‍ഡ മാറ്റിവച്ചു. മുന്നണി സംവിധാനം നടപ്പാക്കി. യു.പി.എ രൂപീകരിച്ചു. ഇന്ത്യയാകെ ഓടിനടന്ന് ആയിരക്കണക്കിനു റാലികളില്‍ പങ്കെടുത്തു കഠിനാധ്വാനത്തിലൂടെ കോണ്‍ഗ്രസ്സിനെയും സഖ്യകക്ഷികളെയും തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചു. അധികാരം കൈപ്പിടിയില്‍ എത്തിയപ്പോഴും നിറഞ്ഞമനസ്സോടെ അവര്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്.
പ്രധാനമന്ത്രിപദത്തില്‍ മന്‍മോഹന്‍സിങ്ങിനെ ‘അവതരിപ്പിച്ച് ‘ വിദേശവനിതയെ പ്രധാനമന്ത്രിയാക്കുന്നുവെന്ന എതിരാളികളുടെ വിമര്‍ശനത്തിന്റെ മുനയൊടിച്ചു. രാഹുല്‍ഗാന്ധിപോലും ആ മന്ത്രിസഭയില്‍ അംഗമായില്ല. ആരോഗ്യപരമായ കാരണങ്ങള്‍ സോണിയാഗാന്ധിയെ തളര്‍ത്തിയപ്പോള്‍ തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ കൈപ്പുനീര്‍ അറിഞ്ഞു. മുന്നണി ശിഥിലമായി, കോണ്‍ഗ്രസ് ദുര്‍ബലമായി.
ആ ഘട്ടത്തിലാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ഗാന്ധിയെ പ്രസിഡന്റ് പദത്തിലേയ്ക്കു നിര്‍ബന്ധിച്ചെത്തിക്കുന്നത്. തെരഞ്ഞെടുപ്പു നേരിടാന്‍ സമയമായപ്പോള്‍ സഹായത്തിന് ഇന്ത്യ കാത്തിരുന്ന പ്രിയങ്കയും രംഗത്തിറങ്ങി. സോണിയാഗാന്ധിക്ക് അറിയാമായിരുന്നു ഒരിക്കലൂടെ ഈ രാജ്യത്തിന്റെ ഭാവി ബി.ജെ.പിയുടെ കരങ്ങളില്‍ എത്തിപ്പെട്ടാല്‍ രാജ്യം ശിഥിലമാകുമെന്ന്.
രാഹുല്‍ഗാന്ധിയെന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖത്തെ എത്ര ആവേശത്തോടെയാണു രാജ്യത്തെ ജനത ഏറ്റെടുത്തത്. കഴിഞ്ഞദിവസം കേരളത്തിലേയ്ക്കുള്ള വഴിയില്‍ ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെത്തിയ രാഹുല്‍ മൂവായിരത്തോളം പെണ്‍കുട്ടികളുടെ മുമ്പില്‍ നിന്ന് അവരുമായി സംവദിച്ചു. യുവതലമുറയുടെ വികാര വിചാരങ്ങള്‍ ആവാഹിച്ചെടുത്ത രാഹുല്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണെത്തിയത്.
കുട്ടികള്‍ ആവേശം കൊണ്ടു. ‘പ്രയാസമുള്ള ചോദ്യങ്ങള്‍ മാത്രം ചോദിക്കൂ’വെന്നു പറഞ്ഞു നിറപുഞ്ചിരിയുമായി രാഹുല്‍. കുട്ടികള്‍ ചോദ്യങ്ങള്‍ തുടങ്ങിയത് ‘സാര്‍’ എന്നു വിളിച്ചാണ്. രാഹുല്‍ അവരോടഭ്യര്‍ഥിച്ചു, ‘സാര്‍ എന്നതിനു പകരം രാഹുല്‍ എന്നു വിളിക്കാമോ.’ വിദ്യാര്‍ഥികള്‍ ആവേശഭരിതരായി.
വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞ അദ്ദേഹം ഒടുവില്‍ ചോദിച്ചു. ‘രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതുപോലെ മിടുക്കികളായ മൂവായിരം പെണ്‍കുട്ടികളോടു സംവദിക്കുമോ. അദ്ദേഹത്തിന്റെ നിലപാട് താന്‍ പറയുന്നതു ജനങ്ങള്‍ കേള്‍ക്കണമെന്നാണ്. ജനങ്ങള്‍ പറയുന്നത് അദ്ദേഹം കേള്‍ക്കില്ല.’
കേരളത്തില്‍ നടന്ന ചടങ്ങുകളിലും ഊന്നിപ്പറഞ്ഞത് മോദിയുടെ ഈ നയമായിരുന്നു. തൃപ്രയാറില്‍ നടന്ന മത്സ്യത്തൊഴിലാളികളുടെ ദേശീയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തശേഷമാണ് അദ്ദേഹം കണ്ണൂരിലേയ്ക്കു പോയത്. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് അദ്ദേഹം വാക്കു നല്‍കി. സി.പി.എം കൊലപ്പെടുത്തിയ ശുഹൈബിന്റെ കുടുംബത്തെ എയര്‍പോര്‍ട്ടില്‍വച്ചു കണ്ടു സാന്ത്വനിപ്പിച്ചു. പിതാവിനെ ആലിംഗനം ചെയ്തു. പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ കൂരയില്‍ അച്ഛന്‍ കൃഷ്ണനെ നെഞ്ചോട് ചേര്‍ത്തു. ശരത് ലാലിന്റെ വീടും സന്ദര്‍ശിച്ചു.
കാണുന്നവര്‍ക്ക് ബോധ്യമാകും ഇതു രാഷ്ട്രീയനേതാവിന്റെ കാപട്യം നിറഞ്ഞ മുഖമല്ലെന്ന്. സാധാരണക്കാരന്റെ വേദനയുള്‍ക്കൊള്ളുന്ന സാധാരണമനുഷ്യന്റെ അവസ്ഥയില്‍ത്തന്നെയാണു രാഹുല്‍. അതേ, രാഹുല്‍ നാട്യങ്ങളറിയാത്ത ജാടയില്ലാത്ത നമ്മില്‍ ഒരാളാണെന്ന് ഇന്ത്യന്‍ ജനത മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.
അത്ഭുതം അതല്ല, രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് നിര്‍ബന്ധസാഹചര്യത്തില്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തു. രാഹുല്‍ അന്ന് അന്തര്‍മുഖനായിരുന്നു. പ്രിയങ്ക ഊര്‍ജസ്വലയായിരുന്നുവെങ്കിലും രാഷ്ട്രീയത്തിലേക്ക് വരാന്‍ മടിച്ചു മാറി നിന്നു. പിന്നീട്, കോണ്‍ഗ്രസുകാരുടെ മാത്രമല്ല ഇന്ത്യന്‍ ജനതയുടെ അഭ്യര്‍ഥന മാനിച്ച് രംഗത്തെത്തിയെങ്കിലും ഒരു നേതാവിന്റെ തലയെടുപ്പും വാക്ചാതുരിയും രാഹുല്‍ ഗാന്ധിയില്‍ കാണാന്‍ കഴിഞ്ഞില്ല. ഇതോ ഇന്ദിരയുടെ പേരക്കുട്ടി, ഇതോ രാജീവിന്റെ പുത്രന്‍ എന്നുപോലും ശങ്കിച്ചുനിന്നു. ഇപ്പോള്‍ ആളാകെ മാറിയിരിക്കുന്നു. അന്തര്‍മുഖത്വം വലിച്ചെറിഞ്ഞു രാഹുല്‍ ജനഹൃദയത്തില്‍ അടിച്ചു കയറിയിരിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.