2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

‘രാഹുല്‍യുഗ’ത്തില്‍ കോണ്‍ഗ്രസുകാര്‍ പ്രതീക്ഷിക്കുന്നത്

മാത്യു കുഴല്‍നാടന്‍ 9495974044

രാഹുല്‍ഗാന്ധി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷപ്പദമേല്‍ക്കുന്നത് നേതൃത്വത്തിലെ തലമുറ മാറ്റമായാണു രാജ്യം വിലയിരുത്തുന്നത്. നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരന്‍ നേതൃത്വത്തിലെത്തുന്നുവെന്നതിനപ്പുറം, യുവരക്തം കോണ്‍ഗ്രസിന്റെ ഭാരവാഹിത്വമേല്‍ക്കുന്നുവെന്ന വിലയിരുത്തലാണെങ്ങും. പുതിയ നേതൃത്വത്തില്‍നിന്നു പാര്‍ട്ടിയിലെ സാധാരണക്കാരും യുവാക്കളും വനിതകളുമെല്ലാം ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
ഭാരവാഹികളെയും സ്ഥാനാര്‍ഥികളെയും തെരഞ്ഞെടുക്കുന്ന പാര്‍ട്ടിയുടെ പരമ്പരാഗതരീതിക്കപ്പുറം, ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് എല്ലാം വീതംവച്ചു പോകുന്നതിനപ്പുറം, അര്‍ഹതയ്ക്കും പ്രയത്‌നത്തിനുമുള്ള അംഗീകാരമാകും ഇനി ഭാരവാഹിത്വവും മല്‍സരിക്കാനുള്ള അവസരവുമെന്ന പ്രതീക്ഷയാണു പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക്. ഇന്ന് എത്തിപ്പെട്ടിരിക്കുന്ന സാമൂഹിക-സാമ്പത്തികപ്രതിസന്ധികളില്‍നിന്നു രാജ്യത്തെ കരകയറ്റാനുള്ള പ്രതീക്ഷയുടെ മുഖമായാണു പാര്‍ട്ടിക്കു പുറത്തുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ നേതൃമാറ്റത്തെ കാണുന്നത്.
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ തലമുറമാറ്റം രാഷ്ട്രീയരംഗത്തു സൃഷ്ടിക്കാന്‍ സാധ്യതയുള്ള പുതിയ ചലനങ്ങള്‍ സംബന്ധിച്ച് യുവനേതാവും പ്രൊഫഷനല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനാധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയുമായ മാത്യു കുഴല്‍നാടന്‍ ‘സുപ്രഭാത’ത്തോടു സംസാരിക്കുന്നു.

 കോണ്‍ഗ്രസ് നേതൃമാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?
ഏറെക്കാലമായി കോണ്‍ഗ്രസിലെ ചെറുപ്പക്കാര്‍ ആഗ്രഹിച്ച മാറ്റമാണിത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വം സമ്പൂര്‍ണമായ മാറ്റത്തിന്റെ തുടക്കമായിരിക്കും. തീര്‍ച്ചയായും കാലം മാറുന്നതനുസരിച്ച്, രാജ്യം മാറുന്നതനുസരിച്ച് ഒരു മാറ്റം കോണ്‍ഗ്രസ്സിനും അനിവാര്യമാണ്.

 രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലൂടെ എന്തു മുന്നേറ്റമാണു പ്രതീക്ഷിക്കുന്നത്?
കോണ്‍ഗ്രസ് വലിയ വെല്ലുവിളികളെ നേരിടുന്ന സമയത്താണ് രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്തേക്കു കടന്നുവരുന്നത്. പാര്‍ട്ടിയുടെ പരമ്പരാഗതശക്തികേന്ദ്രങ്ങളായിരുന്ന നിരവധി സംസ്ഥാനങ്ങള്‍ നഷ്ടമായ കാലമാണിത്. സംഘടനാപരമായ ദൗര്‍ബല്യം നേരിടുന്നുണ്ട്. ഈ ഘട്ടത്തില്‍ അനിവാര്യമായ പുനരുജ്ജീവനം രാഹുല്‍ഗാന്ധിയിലൂടെ സാധ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കപ്പുറത്തു പാര്‍ട്ടിക്കു ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടംകൈവരിക്കണമെങ്കില്‍ ഘടനാപരമായും ആശയപരമായും താത്വികമായും കാഴ്ചപ്പാടിലും സമീപനത്തിലും പ്രവര്‍ത്തകരുടെ സ്വഭാവത്തിലുമൊക്കെ മാറ്റംവരണം. പുതിയ യുഗത്തിലേക്ക് ഇന്ത്യ പ്രവേശിക്കുകയാണ്. ഇന്നലവരെ രാജ്യത്തിനുണ്ടായിരുന്ന പദവിയല്ല ലോകത്ത് ഇന്നുള്ളത്. ഇന്നലവരെയുണ്ടായിരുന്ന ജനസംഖ്യയല്ല ഇന്ന് ഇന്ത്യക്കുള്ളത്.
ഇന്ത്യയുടെ ചിന്തകളും മാറിയിരിക്കുന്നു. ഈ മാറ്റങ്ങള്‍ക്കനുസരിച്ചു കോണ്‍ഗ്രസിനെ മാറ്റുക അല്ലെങ്കില്‍ പുതിയ കോണ്‍ഗ്രസിനെ സൃഷ്ടിക്കുക എന്ന ദൗത്യമാണു രാഹുല്‍ഗാന്ധിക്കു മുന്നിലുള്ളത്. അദ്ദേഹത്തിന് അതു സാധിക്കുമെന്നുള്ള ഉത്തമപ്രതീക്ഷയാണ് എനിക്കുള്ളത്.

  ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് ഈ അവസ്ഥയിലെത്തിച്ചതെന്നു പറയാനാകുമോ?
ഏതെങ്കിലുമൊരു പൊതുഘടകത്തെ ഇതിന്റെ കാരണമായി കാണുന്നതിലോ കുറ്റപ്പെടുത്തുന്നതിലോ അര്‍ഥമില്ല. ഒരു രാഷ്ട്രീയവിദ്യാര്‍ഥിയെന്ന നിലയില്‍ പറഞ്ഞാല്‍, കാലാനുസൃതമായ മാറ്റത്തിനു തയാറാകാതിരുന്നതാണ് കോണ്‍ഗ്രസിനു ദൗര്‍ബല്യമുണ്ടാക്കിയത്.
പ്രവര്‍ത്തനത്തിലെ പരമ്പരാഗതശൈലിയും സമീപനവും ചിന്താഗതിയും പരമ്പരാഗതമായ നേതൃരീതിയും മാറേണ്ടതുണ്ട്. മുതിര്‍ന്നവരെയെല്ലാം മാറ്റിനിര്‍ത്തണമെന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. മുതിര്‍ന്നവരുടെ മാര്‍ഗനിര്‍ദേശം പാര്‍ട്ടിക്കാവശ്യമുണ്ട്. വിപ്ലവകരമായ മറ്റമല്ല, ഘടനാപരമായ മാറ്റമാണു നേതൃത്വത്തിലും ആവശ്യം.

 രാഹുല്‍ നേതൃത്വത്തിലെത്തുന്നതോടെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കു കൂടുതല്‍ അവസരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടോ?
നേതൃത്വത്തില്‍ രാഹുല്‍ഗാന്ധി വന്നശേഷം നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളിയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. സംഘ്പരിവാര്‍ രാജ്യത്തു കൊണ്ടുവന്ന പ്രതിലോമരാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ട കടമയും ദൗത്യവും കോണ്‍ഗ്രസ്സിനുണ്ട്. മതേതരരാഷ്ട്രീയത്തിനുവേണ്ടിയാണു കോണ്‍ഗ്രസ് നിലകൊള്ളുന്നത്.
ഗുജറാത്തില്‍പ്പോലും ഇപ്പോള്‍ നരേന്ദ്രമോദിയെക്കാള്‍ യുവാക്കളോടു സംവദിക്കാന്‍ രാഹുല്‍ഗാന്ധിക്കു കഴിയുന്നുണ്ട്. യുവാക്കളുടെ ചിന്തകള്‍ക്കൊപ്പം നില്‍ക്കാനും അദ്ദേഹത്തിനു സാധിക്കുന്നു. കഴിഞ്ഞകാലത്തു മൂന്നു യുവനേതാക്കളാണ് ഗുജറാത്തില്‍ ബി.ജെ.പിയുടെ തെറ്റായ രാഷ്ട്രീയനയങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്നത്, ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് ഠാക്കൂര്‍ എന്നിവര്‍.
ഈ മൂന്നുപേര്‍ക്കും രാഹുല്‍ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാന്‍ കഴിഞ്ഞതു ദിശാസൂചനയാണ്. രാജ്യത്തെ ചെറുപ്പക്കാരുടെ വികാരത്തിനൊത്തു നില്‍ക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെ വനിതകള്‍ക്കും ഇതുവരെ ലഭിക്കാത്ത പ്രാതിനിധ്യം ഉണ്ടാകുമെന്നാണു പ്രതീക്ഷ.

  പുതിയ നേതൃത്വം പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണമെന്നാണു പ്രതീക്ഷിക്കുന്നത്?
എ.ഐ.സി.സി അധ്യക്ഷസ്ഥാനമാറ്റം മാത്രമല്ല, സമ്പൂര്‍ണമായ സംഘടനാ തെരഞ്ഞെടുപ്പാണു രാജ്യത്തു നടക്കുന്നത്. കേരളത്തിലുള്‍പ്പെടെ കെ.പി.സി.സി പുനഃസംഘടനയുണ്ടാകും. ഡി.സി.സികളിലും മാറ്റമുണ്ടാകും. കോണ്‍ഗ്രസ് നേതൃത്വത്തിലേയ്ക്ക് എല്ലാ സംസ്ഥാനങ്ങളിലും പുതുതലമുറയെ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവരും എന്നതില്‍ സംശയമില്ല. ചെറുപ്പക്കാരെ മുന്‍നിരയിലെത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം രാഹുല്‍ഗാന്ധി നടത്തിയിട്ടുണ്ട്. അതു വരുന്ന തെരഞ്ഞെടുപ്പുകളിലും ഉണ്ടാകുമെന്നാണു പ്രതീക്ഷ. മണ്ഡലം കമ്മിറ്റി മുതല്‍ തന്നെ അഴിച്ചുപണിയുണ്ടാകും.

 ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു രാഹുല്‍ പ്രതിച്ഛായ ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതു പാര്‍ട്ടിക്ക് എങ്ങനെ ഗുണം ചെയ്യുമെന്നാണു കരുതുന്നത്?
നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നാടാണു ഗുജറാത്ത്. ഏറ്റവും കൂടുതല്‍ സാമുദായിക ധ്രുവീകരണത്തിനു വിധേയമായ സംസ്ഥാനവുമാണ്. ഹിന്ദു കാര്‍ഡിലൂടെ ബി.ജെപി അനുകൂലമാക്കിയ സംസ്ഥാനം. അവിടെപ്പോലും രാഹുല്‍ഗാന്ധി മുന്നില്‍നിന്നു നയിക്കുമ്പോള്‍ പ്രകടമായ മാറ്റം കാണുന്നു.
ജാതിക്കും മതത്തിനുമപ്പുറം സ്ത്രീകളും ആദിവാസികളും ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നു. മോദിയുടെ ഉദയം ഗുജറാത്തില്‍ നിന്നാണെങ്കില്‍ മോദിയുടെ അസ്തമയവും ഗുജറാത്തില്‍ നിന്നാണെന്നപോലെയാണു കാര്യങ്ങള്‍ പോകുന്നത്.
 ബി.ജെ.പിക്ക് എതിരായി പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാന്‍ രാഹുലിനു കഴിയുമോ?
ബി.ജെ.പിയും സംഘ്പരിവാറും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടി മതേതരരാഷ്ട്രീയം കാത്തുസൂക്ഷിക്കണമെങ്കില്‍ സമാനമനസ്‌കരെക്കൂടി ഒപ്പംകൂട്ടുകയാണ് ഉത്തമം. അക്കാര്യത്തില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്നതിനു തെളിവാണു ചില സംസ്ഥാനങ്ങളില്‍ നാം കണ്ടത്.

 രാജ്യം എത്തിപ്പെട്ട സാമ്പത്തിക,സാമൂഹിക പ്രതിസന്ധികള്‍ മറികടക്കാന്‍ കോണ്‍ഗ്രസിന് എന്തു ചെയ്യാന്‍ കഴിയും?
ഇന്നത്തെ പ്രതിസന്ധി സ്വയം ഉണ്ടായതല്ല, മോദി സര്‍ക്കാര്‍ വരുത്തിവച്ചതാണ്. ഇന്ത്യ ലോകത്തു കൈവരിച്ച നേട്ടം മുഴുവന്‍ ഈ സര്‍ക്കാര്‍ തച്ചുടച്ചു. വീണ്ടുവിചാരമില്ലാതെ നടത്തിയ നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ സമ്പൂര്‍ണമായി തകര്‍ത്തു. ഇതിന്റെ ദുരിതം ഏറ്റവും അനുഭവിച്ചതു സാധാരണക്കാരും പാവപ്പെട്ടവരുമാണ്.
ലോകത്തിലെ മൂന്നാമത്തെ സമ്പദ്ഘടനയായി ഇന്ത്യയെ മാറ്റിയതു കോണ്‍ഗ്രസിന്റെ പദ്ധതിയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള കാഴ്ചപ്പാടും വീക്ഷണവും പാര്‍ട്ടിക്കും നേതൃത്വം നല്‍കുന്ന രാഹുല്‍ഗാന്ധിക്കുമുണ്ട്.

133 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ പ്രസിഡന്റാണ് രാഹുല്‍ ഗാന്ധി. നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള അഞ്ചാമത്തെ പ്രസിഡന്റും. കോണ്‍ഗ്രസ് നേതൃത്വം നെഹ്‌റു കുടുംബത്തിന് അടിയറ വയ്ക്കുന്നു എന്ന ആരോപണത്തിന് എന്തു മറുപടി നല്‍കും?
എക്കാലത്തും കോണ്‍ഗ്രസ് അഭിമുഖീകരിച്ച ചോദ്യമാണിത്. കൈയൂക്കിന്റെ ബലത്തില്‍ ഒരു കുടുംബത്തില്‍ മാത്രം അധികാരം നിലനിര്‍ത്തുന്നതാണു കുടുംബാധിപത്യം. ഇവിടെ അങ്ങനെയുണ്ടായിട്ടില്ല. നെഹ്‌റു കുടുംബം കോണ്‍ഗ്രസിന്റെ, രാജ്യത്തിന്റെ തന്നെ താല്‍പര്യവും ഇച്ഛയുമായി മാറുകയായിരുന്നു.
രാജ്യത്തിനുവേണ്ടി ആ കുടുംബം നല്‍കിയ സംഭാവനകളും ത്യാഗങ്ങളുമാണതിനു കാരണം. രക്തസാക്ഷിത്വമുള്‍പ്പെടെയുള്ള ത്യാഗങ്ങളാണു നെഹ്‌റുകുടുംബം രാജ്യത്തിനു നല്‍കിയത്. ഇങ്ങനെയുള്ള കുടുംബത്തെ ലോകത്തെവിടെയെങ്കിലും കാണിക്കാനാകുമോ.

(തയാറാക്കിയത്: സുനി അല്‍ഹാദി)

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.