2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഗവര്‍ണറുടെ ആ ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിച്ചു: നേരറിയാന്‍ ശനിയാഴ്ച  കശ്മീരിലേക്ക്: സീതാറാം യെച്ചൂരി, ഡി. രാജ,ഗുലാം നബി, ആനന്ദ് ശര്‍മ തുടങ്ങിയവരും സംഘത്തില്‍

ന്യൂഡല്‍ഹി: കശ്മിര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കണമെന്ന ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച കശ്മീരിലേക്ക്. ഭരണഘടനയില്‍ ജമ്മുകശ്മിരിന് നല്‍കുന്ന പ്രത്യേക അധികാരം എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് അവിടത്തെ സ്ഥിതിഗതികള്‍ മോശമാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് വസ്തുത നേരിട്ട് മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിയെ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് ക്ഷണിച്ചത്. കഴിഞ്ഞ ദിവസം ക്ഷണം സ്വീകരിച്ച അദ്ദേഹം ശനിയാഴ്ച കശ്മിര്‍ സന്ദര്‍ശിക്കും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സി.പി.ഐ ജന.സെക്രട്ടറി ഡി. രാജ, സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും രാഹുലിനൊപ്പം കശ്മിര്‍ സന്ദര്‍ശിക്കും.

കശ്മിരില്‍ രാഷ്ട്രീയ നേതാക്കളുമായും പ്രദേശ വാസികളുമായും പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ച നടത്തും. കശ്മിര്‍ സന്ദര്‍ശിക്കാന്‍ രാഹുലിന് പ്രത്യേക വിമാനം അയച്ചുതരാമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് പറഞ്ഞിരുന്നു. കശ്മിരില്‍ ഒരു തരത്തിലുള്ള അക്രമവും ഇല്ലെന്ന് അവകാശപ്പെട്ട കേന്ദ്രത്തിന്റെയും ഗവര്‍ണറുടെയും നിലപാടിനെ വിമര്‍ശിച്ചതോടെയാണ് സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കാന്‍ കശ്മിരിലേക്ക് വരണമെന്നും ആവശ്യമെങ്കില്‍ വിമാനം അയച്ചുതരാമെന്നും സത്യപാല്‍ മാലിക് അറിയിച്ചത്.

കശ്മിരിലെ അവസ്ഥയില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്ന രീതിയില്‍ സുതാര്യതയില്ലെന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി പറയുന്ന തരത്തില്‍ സുതാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
370ാം വകുപ്പ് എടുത്തു കളയുകയും ജമ്മു കശ്മിര്‍ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്ത ശേഷം ആദ്യമായാണ് പ്രതിപക്ഷ പ്രതിനിധി സംഘം കശ്മിരിലേക്ക് പോകുന്നത്. നേരത്തെ ഗുലാംനബി ആസാദ്, സീതാറാം യെച്ചൂരി, ഡി.രാജ എന്നിവര്‍ കശ്മിരിലേക്ക് പോയെങ്കിലും ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ അവിടെ നിന്ന് തിരിച്ചയക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News