2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

പ്രകൃതി ദുരന്തത്തില്‍ നാട്ടിലുള്ള സര്‍വ്വതും നഷ്ടപ്പെട്ടു; കണ്ണീരുമായി മുഹമ്മദ് റാഫി നാട്ടിലേക്ക് മടങ്ങി

ദമാം: കനത്ത ദുരന്തത്തില്‍ നാട്ടിലുള്ള ഉറ്റവരും വീടും സ്ഥലവുമടക്കം സര്‍വ്വവും നഷ്ടപ്പെട്ട മുഹമ്മദ് റാഫി കണ്ണീരോടെ നാട്ടിലേക്ക് മടങ്ങി. അല്‍ഖോബാറിലെ ബേക്കറി ജീവനക്കാരനായ മുഹമ്മദ് റാഫി (24) ക്ക് വയനാടുണ്ടായ ഉരുള്‍പൊട്ടലിലാണ് സര്‍വ്വവും നഷ്ടമായത്. പിതാവ് അയ്യൂബ് (48), വലിയുമ്മ നഫീസ (60), അമ്മാവന്‍ ഖാലിദ് (48), ഖാലിദിന്റെ മകന്‍ ജുനൈദ് (18) എന്നിവരാണ് റാഫിയുടെ കുടുംബത്തില്‍ നിന്നും മരണമടഞ്ഞത്. വലിയുമ്മയുടെ മയ്യിത്ത് ഇത് വരെ കണ്ടെത്തിയിട്ടില്ല.

താന്‍ ഗള്‍ഫിലേക്ക് വരുമ്പോള്‍ യാത്രയാക്കിയ ഇവരുടെ മുഖം പോലും കാണാന്‍ കഴിയില്ലെന്ന വിങ്ങലിലാണ് റാഫി വിമാനം കയറിയത്. ഇദ്ദേഹത്തിന്റെ ഉമ്മ രാമനാട്ടുകരയില്‍ ചികത്സയിലാണ്. ഏറെ കടമ്പകള്‍ കടന്നാണ് മുഹമ്മദ് റാഫിയുടെ നാട്ടിലേക്കുള്ള യാത്ര രേഖകള്‍ ശരിയാക്കിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ കരിപ്പൂരില്‍ ഇറങ്ങിയ യുവാവ് മാതാവിനെയും കൂട്ടി മേപ്പാടിയിലേക്ക് തിരിക്കുമെന്നറിയിച്ചാണ് വിമാനം കയറിയത്. അവധി ദിനമായ വെള്ളിയാഴ്ച തന്നെ റാഫിയുടെ സ്‌പോണ്‍സര്‍ ആനുകൂല്യങ്ങളും എക്‌സിറ്റ് നടപടികളും പൂര്‍ത്തിയാക്കി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറി. കെ.എം.സി.സി നേതാക്കളാണ് റാഫിയെ ആശ്വസിപ്പിക്കാനും സ്‌പോണ്‍സറുമായി സംസാരിച്ചു കാര്യങ്ങള്‍ നീക്കുവാനുമായി രംഗത്തുണ്ടായിരുന്നത്.

ഈ മാസാവസാനം ഇഖാമ കാലാവധി കഴിയുന്നതോടെ ജോലി മതിയാക്കി കുടുംബത്തിലേക്ക് തിരിച്ചു പോകണമെന്നു കരുതിയതായിരുന്നു റാഫി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News