2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

Editorial

റഫേല്‍ കരാര്‍ സത്യാവസ്ഥ പുറത്ത് വരണം


റഫേല്‍ യുദ്ധവിമാന കരാര്‍ സംബന്ധിച്ച് പരസ്യ സംവാദത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചത്. രണ്ട് തവണയും നരേന്ദ്രമോദി പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജയ്പ്പൂരില്‍ നടന്ന കോണ്‍ഗ്രസ് റാലിയിലും രാഹുല്‍ഗാന്ധി റഫേല്‍ ഇടപാടിലെ അഴിമതി ആവര്‍ത്തിച്ചിരിക്കുകയാണ്. നരേന്ദ്രമോദിയുടെ അതിസമ്പന്ന സുഹൃത്തുക്കളില്‍ ഒരാളായ അനില്‍ അംബാനിയുടെ ഡിഫന്‍സ് കമ്പനിക്ക് വഴിവിട്ട് നല്‍കിയ കരാറില്‍ അഴിമതിയുണ്ടെന്നാണ് അദ്ദേഹം വീണ്ടും ആരോപിച്ചിരിക്കുന്നത്. 

2012ലെ യു.പി.എ ഭരണകാലത്ത് ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് 126 യുദ്ധവിമാനങ്ങള്‍ 50,000 കോടി രൂപക്ക് ഫ്രാന്‍സില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍, അത് നടന്നില്ല. തുടര്‍ന്നുവന്ന നരേന്ദ്രമോദി സര്‍ക്കാര്‍ കരാറില്‍ മാറ്റം വരുത്തി 60,000 കോടി രൂപക്ക് 36 വിമാനങ്ങള്‍ വാങ്ങുന്നതിലേക്ക് അത് ചുരുക്കി. യു.പി.എ സര്‍ക്കാര്‍ കരാറില്‍നിന്ന് ഒഴിയുവാന്‍ വേറെയും കാരണങ്ങളുണ്ടായിരുന്നു. ആയുഷ്‌കാല പരിപാലന ചെലവും കൂടി കരാറില്‍ ഉള്‍പ്പെടുത്തണമെന്ന വ്യോമസേനയുടെ ആവശ്യം അഴിമതിക്ക് വഴിവെക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി കരാറിന് സ്‌റ്റേ പ്രഖ്യാപിച്ചത്.
ഫ്രാന്‍സില്‍ നിന്ന് 126 യുദ്ധവിമാനങ്ങള്‍ വാങ്ങുവാനും അതില്‍ 108 എണ്ണം ടി.ഒ.ടി (സാങ്കേതിക വിദ്യാ കൈമാറ്റ) വ്യവസ്ഥപ്രകാരം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സില്‍ (എച്ച്.എ.എല്‍) നിര്‍മിക്കുവാനുമായിരുന്നു യു.പി.എ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, തുടര്‍ന്നുവന്ന ബി.ജെ.പി സര്‍ക്കാര്‍ കരാറില്‍ തിരുത്തലുകള്‍ വരുത്തി. 2015ല്‍ ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങുവാന്‍ നരേന്ദ്രമോദി സ്വയം തീരുമാനിക്കുകയായിരുന്നു. തീരുമാനം പുറത്തുവന്നതിന് ശേഷമാണ് പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ വിവരം അറിയുന്നത്.
എച്ച്.എ.എലിന് നല്‍കാന്‍ യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ച വിമാന നിര്‍മാണ ചുമതല പ്രധാനമന്ത്രിയുടെ സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കാനും അദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു.
പരിപാലനവും ആയുധങ്ങളും ഉള്‍പ്പെടെ ഓരോ വിമാനത്തിനും 1800 കോടിയിലേറെ രൂപയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കരാറില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, യു.പി.എ സര്‍ക്കാര്‍ ഫ്രാന്‍സുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു റഫേല്‍ വിമാനത്തിന് 526 കോടിയായിരുന്നു. ഇവിടെയും അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മെയ്ക്ക് ഇന്ത്യാ പദ്ധതിയില്‍ പെടുത്തിയാണ് ഈ വമ്പന്‍ അഴിമതിക്ക് കളമൊരുക്കിയത്. ഇന്ത്യ നിര്‍മിക്കുവാന്‍ ഉദ്ദേശിച്ചിരുന്ന ഒറ്റ എന്‍ജിനുള്ള ‘തേജസ്’ വിമാനത്തിന് ശേഷിപോരെന്ന് പറഞ്ഞ് ഒഴിവാക്കിയതും ബി.ജെ.പി സര്‍ക്കാരാണ്. വിമാന നിര്‍മാണ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറുകയില്ലെന്ന കരാറിലാണ് ഫ്രാന്‍സുമായി നരേന്ദ്രമോദി ഒപ്പിട്ടത്. ആറ് എയര്‍ ടു എയര്‍ മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളതും ഒരേസമയം വായുവില്‍നിന്ന് വായുവിലേക്കും കരയിലേക്കും ആക്രമണങ്ങള്‍ നടത്താന്‍ കഴിവുള്ളതും ലക്ഷ്യങ്ങള്‍ കണ്ടെത്തി ആക്രമിക്കുവാന്‍ കെല്‍പുള്ളതുമാണ് റേഫല്‍ യുദ്ധവിമാനങ്ങള്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. യു.പി.എ സര്‍ക്കാരിന്റെ കരാറാണ് നടപ്പിലായിരുന്നതെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ നമുക്ക്തന്നെ നിര്‍മിക്കാമായിരുന്നു. ഫ്രാന്‍സില്‍ നിന്നു വാങ്ങുന്ന 126ല്‍ 108 എണ്ണം ഇവിടെ നിര്‍മിക്കണമെന്ന വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തിയത് അതിനാലായിരുന്നു. ഈ ഉദ്ദേശ്യത്തോടെയായിരുന്നു 2007ല്‍ ആഗോള ടെണ്ടര്‍ വിളിച്ചത്. എന്നാല്‍, 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കരാറുകളെല്ലാം അട്ടിമറിക്കപ്പെട്ടു. മനോഹര്‍ പരീക്കറെ അറിയിക്കാതെ 2015 ഓഗസ്റ്റില്‍ ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായി തിരുത്തിയ കരാര്‍ നരേന്ദ്രമോദി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. സാങ്കേതികവിദ്യ കൈമാറ്റമില്ലെന്നും വിമാനഭാഗങ്ങള്‍ നിര്‍മിക്കുവാന്‍ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുമെന്നും ഈ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു. ഈ കരാറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചത് പ്രതിപക്ഷവും കോണ്‍ഗ്രസും മാത്രമല്ല. വാജ്‌പേയ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന യശ്വന്ത് സിന്‍ഹയും അരുണ്‍ഷൂരിയും കരാറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചു. റഫേല്‍കരാര്‍ ബൊഫേഴ്‌സ്‌തോക്ക് ഇടപാടുമായി തട്ടിച്ചുനോക്കുമ്പോള്‍ ബൊഫേഴ്‌സ് എത്ര നിസാരമെന്ന് വരെ ബി.ജെ.പി മന്ത്രിയായിരുന്ന അരുണ്‍ഷൂരി ആരോപിച്ചു. ബി.ജെ.പി എം.പിയായ ശത്രുഘ്‌നന്‍ സിന്‍ഹയും പ്രശാന്ത് ഭൂഷണും റഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചിരിക്കുകയാണ്. ഇടത് എം.പിമാര്‍ ഇത് സംബന്ധിച്ച് സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 35,000 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.
ശുദ്ധവും അഴിമതി രഹിത ഭരണവും കാഴ്ചവെക്കുവാന്‍ പ്രതിജ്ഞാബദ്ധരായി അധികാരത്തില്‍ കയറിയ ബി.ജെ.പി സര്‍ക്കാരിനുമേല്‍വന്നുപതിച്ച ഈ അഴിമതിയാരോപണത്തിന്റെ സത്യാവസ്ത പുറത്ത് പറയാനുള്ള ബാധ്യതയുണ്ട്. അതറിയുവാന്‍ പൊതുസമൂഹത്തിനവകാശവുമുണ്ട്. രാജ്യരക്ഷയെ മറയാക്കി പറഞ്ഞൊഴിയാനുള്ളതല്ല ഈ വമ്പന്‍ അഴിമതിയാരോപണം. തങ്ങളുടെ അഴിമതിരഹിത ഭരണ നിഷ്‌കളങ്കത പൊതുസമൂഹത്തെ അറിയിക്കാന്‍ കിട്ടിയ അവസരം എന്തിന് ബി.ജെ.പി പാഴാക്കണം.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.