2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

Editorial

റാഫേലിനു പിന്നാലെ സ്‌പെക്ട്രം അഴിമതിയും


 

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ പതനത്തിനും ബി.ജെ.പിയുടെ അധികാരാരോഹണത്തിനും കാരണമായിതീര്‍ന്ന ടു ജി സ്‌പെക്ട്രം അഴിമതിയെ അനുസ്മരിപ്പിക്കുംവിധം ബി.ജെ.പി സര്‍ക്കാരിനെതിരേയും മറ്റൊരു ടെലികോം അഴിമതി ഉയര്‍ന്നുവന്നിരിക്കുന്നു. റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി സര്‍ക്കാരും അഴിമതിയാരോപണം നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് സ്‌പെക്ട്രം അഴിമതികൂടി പുറത്തുവന്നിരിക്കുന്നത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കഴിഞ്ഞയാഴ്ച പാര്‍ലമെന്റിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം, ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും സിസ്റ്റെമെ ശ്യാം കമ്പനിക്കും നല്‍കിയത്. ഇതുവഴി 69,381 കോടി രൂപ ഖജനാവിനു നഷ്ടം വന്നിരിക്കുകയാണ്.
രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ടെലികോം മന്ത്രിയായിരുന്ന എ. രാജ നടപ്പാക്കിയ ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതി ബി.ജെ.പിയും പിന്തുടരുകയായിരുന്നു. ഈ രീതി സുപ്രിംകോടതി വിലക്കിയതാണ്. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുന്ന സി.എ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു നല്‍കിക്കൊണ്ടാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര അഴിമതിയാരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെയും ഡി.എം.കെയുടെയും തകര്‍ച്ചയ്ക്കു കാരണമായ ടു ജി സ്‌പെക്ട്രം അഴിമതിയെ വാട്ടര്‍ഗേറ്റ് അഴിമതിയോടാണ് ടൈം മാഗസിന്‍ അന്നു വിശേഷിപ്പിച്ചത്. ഇപ്പോഴും കോണ്‍ഗ്രസും ഡി.എം.കെയും ആ പതനത്തില്‍നിന്ന് പൂര്‍ണമായും കരകയറിയിട്ടില്ല. അത്തരമൊരു വിധി തന്നെയായിരിക്കും ബി.ജെ.പിയെയും കാത്തിരിക്കുന്നുണ്ടാവുക.
2015ലാണ് മോദി സര്‍ക്കാര്‍ ചട്ടംലംഘിച്ച് സ്‌പെക്ട്രം ഇടപാട് നടത്തിയത്. 2012ല്‍ ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സുപ്രിംകോടതി നല്‍കിയ വിധിക്കെതിരാണ് ബി.ജെ.പി സര്‍ക്കാര്‍ പിന്തുടരുന്ന ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നയം. ടെലികോം നിയന്ത്രണത്തിലുള്ള ഏത് സ്‌പെക്ട്രവും ലേലത്തിലൂടെ മാത്രമേ നല്‍കാവൂ എന്നും ലേലത്തിനു വ്യാപക പ്രചാരണം നല്‍കണമെന്നും കോടതി വിധിയുണ്ട്. എന്നാല്‍, ഇതവഗണിച്ച് ബി.ജെ.പി സര്‍ക്കാര്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും സിസ്റ്റെമെ ശ്യാം കമ്പനിക്കും കരാര്‍ നല്‍കുകയായിരുന്നു. ടവറുകളെ മൊബൈല്‍ ഫോണുകളുമായി ബന്ധിപ്പിക്കുന്ന സ്‌പെക്ട്രമായ ആക്‌സസ് സ്‌പെക്ട്രം മാത്രമേ ലേലം ചെയ്യേണ്ടതുള്ളൂവെന്നും ടവറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ലേലം ചെയ്യേണ്ടതില്ലെന്നുമുള്ള വിചിത്ര വാദവുമായാണ് കുത്തകകള്‍ക്കു സ്‌പെക്ട്രം നല്‍കിയിരിക്കുന്നത്.
മൂന്നു തവണ ടെലികോം മന്ത്രാലയം അറിഞ്ഞുകൊണ്ട് നടത്തിയ ഈ അഴിമതിയെ മേല്‍പറഞ്ഞ കാരണം ചൂണ്ടിക്കാണിച്ച് ന്യായീകരിക്കുകയാണ് ടെലികോം മന്ത്രാലയം ഇപ്പോള്‍. ഇതിനാകട്ടെ നിയമബലം ഇല്ലതാനും. ചില സ്വകാര്യ ടെലികോം കമ്പനികള്‍ക്കു വഴിവിട്ട സഹായം നല്‍കിയതിലൂടെ 45,000 കോടിയും പിന്നീട് ലഭിക്കേണ്ടിയിരുന്ന 23,821 കോടിയും ബി.ജെ.പി സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
റാഫേല്‍ യുദ്ധവിമാനക്കരാറിലെ അഴിമതിയാരോപണങ്ങള്‍ക്കു വസ്തുനിഷ്ഠമായ മറുപടി നല്‍കാന്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനോ കഴിഞ്ഞിട്ടില്ല. റാഫേല്‍ ഇടപാടില്‍ 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് കരാര്‍ ലഭിച്ചുവെന്നും പിന്നീടുള്ള ആജീവനാന്ത പദ്ധതികളിലൂടെ ഒരു ലക്ഷം കോടി രൂപ ലഭിക്കുമെന്നും അനില്‍ അംബാനിയുടെ കമ്പനി സ്വയം അവകാശപ്പെട്ടതാണ്. ഇതിന്റെ നിജസ്ഥിതി ലോക്‌സഭയില്‍ നിര്‍മലാ സീതാരാമന്‍ പറഞ്ഞിട്ടില്ല. 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യു.പി.എ സര്‍ക്കാരിന്റെ നീക്കം റദ്ദാക്കി മോദി നേരിട്ട് 30 എണ്ണം വാങ്ങാന്‍ എന്തിനു തീരുമാനിച്ചു എന്ന ചോദ്യവും ഉത്തരംകിട്ടാതെ അവശേഷിക്കുന്നു. ഈ അഴിമതിയാരോപണം ബി.ജെ.പി സര്‍ക്കാരിനെ ഉലച്ചുകൊണ്ടിരിക്കുമ്പോഴാണ് 69,381 കോടിയുടെ സ്‌പെക്ട്രം അഴിമതികൂടി പുറത്തുവന്നിരിക്കുന്നത്.
രണ്ടാം യു.പി.എ ഭരണത്തിന്റെ പതനത്തിനു വഴിയൊരുക്കിയ ടു ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് വ്യാപകമായ പ്രചാരണമായിരുന്നു ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയിരുന്നത്. അതിന്റെ ഗുണഭോക്താക്കളായാണ് ബി.ജെ.പി അധികാരത്തില്‍ വന്നത്. അതേ അഴിമതിയാരോപണം ഇപ്പോള്‍ അവരെയും ചുഴറ്റിയടിച്ചുകൊണ്ടിരിക്കുന്നു. ടെലികോമിന്റെ ഇനിയുള്ള ലൈസന്‍സുകള്‍ ലേലത്തിലൂടെ മാത്രമേ നടപ്പിലാക്കൂ എന്ന് സുപ്രിംകോടതിക്ക് മോദി സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. അതാണിപ്പോള്‍ ലംഘിച്ചിരിക്കുന്നത്.
നീതി ആയോഗ് സി.ഇ.ഒ അമിതാഭ്കാന്ത്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി എസ്.സി ഗാര്‍ഗ്, ഐ.ടി സെക്രട്ടറി അരുണ സുന്ദര്‍രാജ് എന്നിവരെ നോക്കുകുത്തിയാക്കിയാണ് അഴിമതി തീരുമാനം ബി.ജെ.പി സര്‍ക്കാര്‍ കൈക്കൊണ്ടത്. അഴിമതി നടത്താനായി എം.ഡബ്ല്യു.എ.എം.ഡബ്ല്യു.ബി സ്‌പെക്ട്രം ആവശ്യമായി വരുന്ന കൊമേഴ്ഷ്യല്‍ ഉപയോക്താക്കള്‍ എന്നൊരു പുതിയ വിഭാഗത്തെ തന്നെ സൃഷ്ടിച്ചു ബി.ജെ.പി സര്‍ക്കാര്‍. ദേശീയ ഖജനാവില്‍ വരേണ്ടിയിരുന്ന 69,381 കോടി കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.