2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

ട്രംപിന്റെ വംശീയവെറി തെരഞ്ഞെടുപ്പ് തന്ത്രം


 

 

പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി പ്രയോഗിച്ച അതേ തന്ത്രമാണ് വംശീയ വെറിമൂത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് പയറ്റിതുടങ്ങിയിരിക്കുന്നത്. ‘ദ സ്‌ക്വാഡ്’ എന്നപേരില്‍ അറിയപ്പെടുന്ന ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ നാല് വനിതാ നേതാക്കളെ ദിവസങ്ങള്‍ക്ക് മുന്‍പ് വംശീയമായി അധിക്ഷേപിച്ച ട്രംപ് ഇന്നലെയും അതാവര്‍ത്തിച്ചു. വന്നിടത്തേക്ക് പോകാനാണ് അവരോട് വീണ്ടും ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരിക്കല്‍കൂടി പ്രസിഡന്റാവുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ചെറുയുദ്ധങ്ങള്‍പോലും കപട ദേശീയതയുടെ പേരില്‍ സംഘടിപ്പിക്കാന്‍ മടിക്കില്ലെന്ന രാഷ്ട്രീയ തന്ത്രജ്ഞരുടെ നിഗമനങ്ങളെ ശരിവയ്ക്കുന്നതാണ് ഇന്ത്യയില്‍ മോദിയുടെയും അമേരിക്കയില്‍ ട്രംപിന്റെയും നിലപാടുകള്‍. ബാലാകോട്ട് ആക്രമണവും ട്രംപ് ഇറാന് നേരെ നടത്തികൊണ്ടിരിക്കുന്ന യുദ്ധഭീഷണിയും ഈ പ്രതലത്തിലൂടെ വേണം കാണാന്‍.
മനുഷ്യരെ നിറത്തിന്റെയും മതത്തിന്റെയും പേരില്‍ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഏക ഭരണാധികാരിയാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കവിട്ട്, ആക്രമണങ്ങളാല്‍ പൊറുതിമുട്ടുന്ന സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാനായിരുന്നു ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ നാല് വനിതാ നേതാക്കളായ ഇല്‍ഹാന്‍ ഉമര്‍ (മിനസോട്ട), അയാന പ്രസ്‌ലി (മാസച്യൂസിറ്റ്‌സ്), റഷീദ താലിബ് (മിഷിഗന്‍),അലക്‌സാഡ്രിയ ഒക്കാസിയോ കോര്‍ട്‌സ് (ന്യൂയോര്‍ക്ക്) എന്നിവരോട് ട്രംപ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. കുടിയേറ്റ കുടുംബങ്ങളിലെ അംഗങ്ങളാണിവര്‍. ഇവര്‍ക്ക് നേരെ ട്രംപ് നടത്തിയ വംശീയാധിക്ഷേപങ്ങള്‍ക്കെതിരേ അമേരിയ്ക്കക്കകത്തും പുറത്തും പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെയാണ് അധിക്ഷേപങ്ങള്‍ ട്രംപ് ആവര്‍ത്തിച്ചത്.
വെളുപ്പിന്റെ മഹാത്മ്യത്തെ പുകഴ്ത്തിയും കറുത്ത വര്‍ഗക്കാര്‍ക്കെതിരേ വംശീയാധിക്ഷേപ പ്രസംഗങ്ങള്‍ നടത്തിയുമാണ് കഴിഞ്ഞ തവണ ട്രംപ് ഹിലരി ക്ലിന്റനെ തോല്‍പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ഉടനെതന്നെ കുടിയേറ്റക്കാരെ തടയുന്നതിന് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നും ഇതിനായിവരുന്ന ചെലവ് മെക്‌സിക്കന്‍ സര്‍ക്കാരില്‍നിന്നും ഈടാക്കുമെന്നുമുള്ള വിവാദ പ്രസ്താവനയായിരുന്നു ട്രംപ് ആദ്യമായി നടത്തിയത്. ഇതിനെതിരേയും അന്ന് വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
അമേരിക്ക കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മോശവും അഴിമതിക്കാരനുമായ പ്രസിഡന്റാണ് ട്രംപ് എന്നായിരുന്നു ഇല്‍ഹാന്‍ ഉമര്‍ ട്രംപിനെ വിശേഷിപ്പിച്ചത്. ദ സ്‌ക്വാഡിലെ നാല് വനിതാ അംഗങ്ങളും ട്രംപിന്റെ കടുത്ത എതിരാളികളും വിമര്‍ശകരുമാണ്. അതിനാല്‍ തന്നെയായിരിക്കണം ഇവരെ വംശീയമായി അധിക്ഷേപിക്കാന്‍ ട്രംപ് മുതിര്‍ന്നത്. ട്രംപിനോടുള്ള എതിര്‍പ്പ് കാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നും പുറത്ത്‌പോയ ജസ്റ്റിന്‍ അമാഷ് മിഷിഗണില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ വെറുപ്പ് ഉളവാക്കുന്നതാണെന്ന് ജസ്റ്റിന്‍ അമാഷ് പ്രതികരിക്കുകയുണ്ടായി.
ഒരുസ്ഥലത്തെ ജനങ്ങള്‍ അവരുടെ സംസ്‌കാരത്തെ ഉപേക്ഷിച്ച് മറ്റ് സംസ്‌കാരത്തെ സ്വീകരിക്കുന്നത് അപൂര്‍വമല്ല. ജനത സ്വയം സ്വീകരിക്കുന്നത് മൂലമോ അധിനിവേശ സംസ്‌കാരം ബലംപ്രയോഗിക്കുന്നത് മൂലമോ ഇങ്ങിനെ സംഭവിക്കുന്നു. ഈ രണ്ട് രീതിയിലും അമേരിക്കന്‍ സംസ്‌കാരത്തോട് ഇഴുകിച്ചേരുകയും താദാത്മ്യം പ്രാപിക്കുകയും ചെയ്തവര്‍ നിരവധിയാണ്. അവരുടെ പൂര്‍വകാല അടിവേരുകള്‍ ചികഞ്ഞെടുത്ത് അധിക്ഷേപിക്കുന്നത് ഒരു രാഷ്ട്രനേതാവിന് ചേര്‍ന്നതല്ല. കോളനിവല്‍ക്കരണ കാലഘട്ടത്തോടെ പല പ്രാദേശിക സംസ്‌കാരങ്ങളും പാശ്ചാത്യ സംസ്‌കാരങ്ങള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ വഴിമാറി കൊടുത്തിട്ടുണ്ട്. അത്തരത്തില്‍പെട്ട ജനതയെ അവരുടെ ഭൂതകാലത്തെ ഓര്‍മപ്പെടുത്തി അപമാനിക്കുന്നത് സംസ്‌കാരമില്ലായ്മയാണ്.
ഇറാനുമായുണ്ടാക്കിയ ആണവകരാറില്‍നിന്നും ട്രംപ് ഏകപക്ഷീയമായി പിന്മാറിയത് മുന്‍പ്രസിഡന്റ് ബറാക്ക് ഒബാമയോടുണ്ടായിരുന്ന വംശീയ വിദ്വേഷം കാരണമാണെന്നത് ഇപ്പോള്‍ അമേരിക്കയില്‍ പ്രചരിക്കുന്ന വാര്‍ത്തയാണ്. ഒബാമ മുന്‍കൈ എടുത്ത് അത്തരമൊരു കരാറിലേക്ക് ആണവശക്തികളെ ഒരുമിച്ചുകൂട്ടി എന്ന പക മാത്രമാണ് കരാറില്‍നിന്നും പിന്മാറാനും ഇറാനെതിരേ ഇപ്പോള്‍ യുദ്ധകാഹളം മുഴക്കാനും ട്രംപിനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെതിരേ നേരത്തെ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ ട്രംപ് ഉ.കൊറിയയില്‍ കഴിഞ്ഞ മാസം സൗഹൃദ സന്ദര്‍ശനം നടത്തിയിരുന്നു. ഉത്തരകൊറിയയില്‍ കാലു കുത്തുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് എന്ന ചരിത്ര നേട്ടം കരസ്ഥമാക്കാനായിരുന്നില്ല ട്രംപിന്റെ ഈ യാത്ര. ഉ.കൊറിയ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക്ക് മിസൈല്‍ ഏത് നേരത്തും പെന്റഗണിലേക്ക് കുതിച്ചെത്തിയേക്കാമെന്ന ഭയംതന്നെയായിരുന്നു അതിന് പിന്നില്‍.
ട്രംപിന്റെ വംശീയാധിക്ഷേപങ്ങള്‍ക്കെതിരേ ഒടുവില്‍ യു.എസ് കോണ്‍ഗ്രസ് തന്നെ രംഗത്തിറങ്ങിയെങ്കിലും പിന്മാറുന്ന ലക്ഷണമില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങളില്‍നിന്നും വ്യക്തമാകുന്നത്. രണ്ട് ദിവസം മുന്‍പ് ചേര്‍ന്ന യു.എസ് പ്രതിനിധിസഭ കടുത്ത ഭാഷയിലാണ് ട്രംപിന്റെ വംശീയ ട്വീറ്റുകള്‍ക്കെതിരേ പ്രമേയം പാസാക്കിയത്. 187നെതിരേ 240 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രമേയം കോണ്‍ഗ്രസ് പാസാക്കിയത്. ട്രംപിന്റെ പാര്‍ട്ടിക്കാരായ നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു എന്നത് ശ്രദ്ധേയമായി.
അമേരിക്ക അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണ് വര്‍ഗീയവും വംശീയവുമായ പ്രചാരണങ്ങള്‍ക്ക് ട്രംപ് വീണ്ടും തിരികൊളുത്തിയിരിക്കുന്നത്. മോദിയും ഇത് തന്നെയായിരുന്നു ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അനുവര്‍ത്തിച്ചത്. ട്രംപിന്റെ പ്രസംഗങ്ങളല്ല അദ്ദേഹത്തിന്റെ നയങ്ങളെയാണ് ശ്രദ്ധിക്കേണ്ടതെന്ന ദ സ്‌ക്വാഡിന്റെ പ്രചാരണങ്ങള്‍ ട്രംപിന് തലവേദന തന്നെയാണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.