2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഖത്തറില്‍ വിദേശികള്‍ക്ക് സ്ഥിരം താമസാനുമതി: നിയമത്തിന് അംഗീകാരം

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: ഖത്തറില്‍ വിദേശികള്‍ക്ക് സ്ഥിരം താമസാനുമതി നല്‍കുന്ന നിയമത്തിന് ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കി. പെര്‍മനന്റ് റസിഡന്‍സി ലോ എന്ന പേരില്‍ അറിയപ്പെടുന്ന നിയമം ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിനു ശേഷം പ്രാബല്യത്തില്‍ വരും. 

സ്ഥിരം താമസാനുമതി ലഭിക്കുന്നതിനു വേണ്ട നിബന്ധനകളും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. സ്ഥിരം താമസാനുമതിക്ക് അപേക്ഷിക്കുന്നവര്‍ വിദേശത്ത് ജനിക്കുകയും ഖത്തറില്‍ റസിഡന്‍സി പെര്‍മിറ്റ് 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയും വേണം. എന്നാല്‍ ഖത്തറില്‍ ജനിച്ചവരാണെങ്കില്‍ 10 വര്‍ഷത്തെ റസിഡന്‍സി പെര്‍മിറ്റ് തികഞ്ഞാല്‍ മതി.
പ്രസ്തുത കാലയളവ് തുടര്‍ച്ചയായി പൂര്‍ത്തിയായിരിക്കണമെന്ന് നിയമത്തിലുണ്ട്. എന്നാല്‍ സ്ഥിരം താമസത്തിനിടയില്‍ 60 ദിവസത്തില്‍ കൂടുതല്‍ ഖത്തറിന് പുറത്തു പോകാന്‍ പാടില്ലെന്നും പുറത്തു താമസിച്ച കാലയളവും സ്ഥിരം താമസ കാലയളവില്‍ നിന്നും കുറക്കുമെന്നും നിയമത്തില്‍ പറയുന്നുണ്ട്. സ്ഥിരം താമസാനുമതിക്ക് അപേക്ഷിച്ച ശേഷം ആറുമാസത്തില്‍ കൂടുതല്‍ കാലം ഖത്തറില്‍ നിന്നും പുറത്തു പോയാല്‍ അപേക്ഷകന്റെ മുന്‍ താമസാനുമതി തള്ളിക്കളയാനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിനുണ്ട്.
തന്റേയും കുടുംബത്തിന്റേയും ജീവിതച്ചെലവു വഹിക്കാനുള്ള വരുമാനം അപേക്ഷകനുണ്ടായിരിക്കണം. വരുമാനം സംബന്ധിച്ച വിശദ വിവരങ്ങള്‍ തുടര്‍ന്നു വ്യക്തമാക്കും.
അപേക്ഷകന്റെ സ്വഭാവം, ക്രിമിനല്‍ പശ്ചാത്തലം, അറബി ഭാഷയിലുള്ള നൈപുണ്യം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. വിദേശികളെ വിവാഹം ചെയ്ത ഖത്തരി സ്ത്രീകളില്‍ ജനിച്ച കുട്ടികള്‍, ഖത്തര്‍ വനിതകളുടെ വിദേശിയായ ഭര്‍ത്താവ് , ഖത്തരികളുടെ വിദേശ ഭാര്യ, രാജ്യത്തിന് ഉപയോഗപ്പെടുത്താന്‍ കഴിവും പ്രാപ്തിയുമുള്ള വ്യക്തികള്‍ തുടങ്ങിയവര്‍ക്കും നിയമത്തില്‍ ഇളവു ലഭിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.