
ബ്രസീലിയ: കോപ്പ അമേരിക്ക ഗ്രൂപ്പ് പോരാട്ടത്തില്‍ ഏഷ്യന്‍ ശക്തികളായ ഖത്തറിനെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍. ലൗറ്റാറോ മാര്‍ട്ടിനസും സെര്‍ജിയോ അഗ്യൂറോയുമാണ് അര്‍ജന്റീനയുടെ സ്കോറര്‍മാര്‍. ഖത്തര്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ലൗറ്റാറോ മാര്‍ട്ടിനസിലൂടെ നാലാം മിനിറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. 82ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീന ഗോള്‍ പട്ടിക തികച്ചു.
മുന്‍ ചാംപ്യന്മാരും കിരീട ഫേവറിറ്റ് ടീമും ആണെന്ന ‘ബഹുമാനം’ വകവച്ചുകൊടുക്കാതെ ഖത്തര്‍ പൊരുതിയാണ് അര്‍ജന്റിനയോട് വീണത്. അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഖത്തറിന് അവ ലക്ഷ്യത്തിലെത്തിക്കാനായില്ല. അര്‍ജന്റീന 500 പാസുകള്‍ നല്കിയപ്പോള് 437 പാസുകളാണ് ഖത്തര്‍ കളിക്കാര്‍ ഒരുക്കിയത്. പാസിങ്ങില്‍ അര്‍ജന്റീന 86 ശതമാനവും ഖത്തര്‍ 82 ശതമാനവും കൃത്യത പുലര്‍ത്തുകയും ചെയ്തു.
ഈ ടൂര്‍ണമെന്റിലെ അര്‍ജന്റീനയുടെ ആദ്യ ജയം കൂടിയാണിത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വയെ തോല്പിച്ചതോടെ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് അര്‍ജന്റീന അവസാന എട്ടില്‍ കയറിക്കൂടിയത്. കൊളംബിയയാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്. ആദ്യ മത്സരം തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ സമനില വഴങ്ങുകയും ചെയ്ത അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറിലെത്താന്‍ വിജയം അനിവാര്യമായിരുന്നു. ഗ്രൂപ്പ് ബിയിലെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരോ ജയവും സമനിലയും തോല്‍വിയുമായാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നത്. ക്വാര്‍ട്ടറില്‍ വെനിസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
Qatar 0-2 Argentina: Sergio Aguero and Lautaro Martinez score in crunch group game to set up Copa America quarter-final with Venezuela