2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഖന്‍ദീലിനെ കൊലപ്പെടുത്തിയത് കുടുംബത്തിന്റെ മാനംരക്ഷിക്കാനെന്ന് സഹോദരന്‍

ഇസ്‌ലാമാബാദ്: പാകിസ്താന്‍ നടിയും മോഡലുമായ ഖന്‍ദീല്‍ ബലോച്ചിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. ഖന്‍ദീലിന്റെ ഇളയസഹോദരന്‍ വസീം ആണ് പിടിയിലായത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിവാദ വിഡിയോയിലൂടെയും പ്രസ്താവനകളിലൂടെയും ഏറെ പ്രശസ്തയായിരുന്നു 26കാരിയായ ഖന്‍ദീല്‍. കുടുംബത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ കാരണമാണ് ഖന്‍ദീലിനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായ ഇളയ സഹോദരന്‍ വസീം പൊലിസിനോട് പറഞ്ഞു.
മുള്‍ട്ടാനിലെ കരീംബാദ് പ്രവിശ്യയിലുള്ള വീട്ടില്‍ വച്ചാണ് ഖന്‍ദീലിനെ സഹോദരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കുടുംബവുമായി ഈദ് ആഘോഷിക്കാനായിരുന്നു അവര്‍ കറാച്ചിയില്‍ നിന്ന് എത്തിയത്. സഹോദരി നടിയും മോഡലുമൊക്കെയായി പ്രവര്‍ത്തിക്കുന്നത് സഹോദരനായ വസീം എതിര്‍ത്തിരുന്നതായി പിതാവ് മുഹമ്മദ് അസീം പറഞ്ഞു. അതിനിടെ തനിക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ഖന്‍ദീല്‍ അധികൃതര്‍ക്ക് കത്തെഴുതിയതായി പാകിസ്താന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിവാദ സെല്‍ഫികളാണ് ഖന്‍ദീലിനെ ഏറെ പ്രശസ്തയാക്കിയത്. ഈയിടെ മുഫ്തി അബ്ദുല്‍ ഖ്വാവിയുമൊത്തുള്ള ഖന്‍ദീലിന്റെ സെല്‍ഫികള്‍ ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് റുഈത്തെ ഹിലാല്‍ കമ്മിറ്റിയില്‍ നിന്നും മുഫ്തി അബ്ദുല്‍ ഖ്വാവിയെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതും കൊലയ്ക്ക് കാരണങ്ങളിലൊന്നാണെന്ന് സഹോദരന്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.