2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പുത്തുമലക്കാര്‍ ഇനി മേപ്പാടിയുടെ ദത്തുപുത്രര്‍

നിസാം കെ. അബ്ദുല്ല

മേപ്പാടി: മനംനിറയെ സ്വപ്നങ്ങളുണ്ടായിരുന്നു, മേപ്പാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡായ പുത്തുമലയിലും പച്ചക്കാടും ഉണ്ടായിരുന്നവര്‍ക്ക്. രൗദ്രഭാവം പൂണ്ട പ്രകൃതി ഒരുനിമിഷം കൊണ്ടാണ് അതൊക്കെ തട്ടിത്തെറിപ്പിച്ചത്. ഒരായുസ് മുഴുവന്‍ അന്നാട്ടുകാരൊഴുക്കിയ വിയര്‍പ്പിന്റെ ആകെത്തുകയാണ് മണ്‍മറഞ്ഞത്. ആഘാതത്തില്‍ നിന്ന് ആരും മോചിതരായിട്ടില്ല. അതിജീവനത്തിന്റെ പാതയില്‍ അവരെ കൈപിടിച്ചുയര്‍ത്താന്‍ ഇനി മേപ്പാടി പഞ്ചായത്തുണ്ട്.

സമ്പാദ്യവും ഉറ്റവരെയും നഷ്ടമായ പുത്തുമലക്കാരെ കൈവിടാതെ കൂടെകൂട്ടുകയാണവര്‍. ദുരന്തം തുടച്ച് നീക്കിയ പുത്തുമലയില്‍ ജീവിതം തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമങ്ങളിലാണ് മേപ്പാടി പഞ്ചായത്തും ജില്ലാ ഭരണകൂടവും.
ഇതിന്റെ ആദ്യപടിയായി മേപ്പാടി പഞ്ചായത്ത് ആ ഗ്രാമത്തെ ദത്തെടുത്തു. പുത്തുമലയിലും പരിസരങ്ങളിലുമുള്ള 100 കുടുംബങ്ങളെയാണ് ദത്തെടുക്കുക. ഇവര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാര്‍പ്പിട സൗകര്യങ്ങളടക്കം ജീവിത ചുറ്റുപാടൊരുക്കും.

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദിന്റെ മനസിലെ ആശയമാണ് ഈ കുടുംബങ്ങളെ പഞ്ചായത്ത് ദത്തെടുക്കുക എന്നത്. ഇതിന് എം.എല്‍.എ സി.കെ ശശീന്ദ്രനും ജില്ലാ ഭരണാധികാരികളും സഹായം വാഗ്ദാനം ചെയ്തതോടെ പുത്തുമലക്കാര്‍ക്ക് വീടുകളൊരുങ്ങുകയാണ്. പഞ്ചായത്തില്‍ ഒഴിഞ്ഞ വീടുകളും ക്വാര്‍ട്ടേഴ്‌സുകളും വാടകയ്‌ക്കെടുത്ത് അവിടങ്ങളില്‍ ഇവരെ താമസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വീട്ടുവാടക, ഭക്ഷണസാമഗ്രികള്‍, ജീവിതോപാധികള്‍, കുട്ടികളുടെ സ്‌കൂള്‍, മദ്‌റസ പഠനം തുടങ്ങിയ മുഴുവന്‍ ആവശ്യങ്ങള്‍ക്കും ഇനി രക്ഷിതാവ് പഞ്ചായത്തായിരിക്കും.

കുടുംബങ്ങളെ വീടുകളിലേക്ക് എത്തിക്കുന്നതിന് മുന്‍പ് സകല സാധനങ്ങളും പഞ്ചായത്ത് സജ്ജീകരിക്കും. ഇതിന് സുമനസുകളുടെ സഹായവും പഞ്ചായത്ത് തേടുന്നുണ്ട്. പാത്രങ്ങള്‍, കട്ടില്‍, കിടക്ക അടക്കം എല്ലാം ഇത്തരത്തില്‍ സംഘടിപ്പിക്കാനാണ് ശ്രമം. പഞ്ചായത്തിന്റെ ശ്രമം അറിഞ്ഞവരില്‍ നിന്നെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇത് വിജയിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സഹദ് സുപ്രഭാതത്തോട് പറഞ്ഞു.

ആറുമാസത്തിനുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇതിന് പഞ്ചായത്ത് പരിധിയില്‍ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു. ദുരന്ത ഭീഷണികളില്ലാത്തിടത്ത് ഇവര്‍ക്ക് വീടൊരുക്കി പുനരധിവസിപ്പിക്കും. ഇതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൊതുസമൂഹവും മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷ. നിരവധി സുമനസുകള്‍ സ്ഥലം നല്‍കാമെന്നും വീട് നിര്‍മിച്ച് നല്‍കാമെന്നും അറിയിച്ച് ഇപ്പോള്‍ തന്നെ എത്തിയിട്ടുണ്ട്. ഇവരെയൊക്കെ ഒപ്പം കൂട്ടി പുത്തുമലക്കാരുടെ സങ്കടക്കണ്ണീര്‍ അല്‍പമെങ്കിലും തുടയ്ക്കാമെന്നാണ് പ്രതീക്ഷയെന്നും സഹദ് പറഞ്ഞു.

ആറുമാസം കൊണ്ട് മറ്റൊരിടത്ത് ഇവരുടെ സ്വന്തം പുത്തുമലയെ പടുത്തുയര്‍ത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തും അധികൃതരും സുമനസുകളും. അതിജീവനത്തിന് ഈ കൈത്താങ്ങ് കൂടിയേ തീരൂ.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News