2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പുതിയ കേരളത്തിന് രാഷ്ട്രീയശൈലി മാറണം

ഒരൊറ്റ ജനത, ഒരൊറ്റ കേരളം

രാഷ്ട്രീയ അതിപ്രസരം കൂടാതെ കേരളത്തോടൊപ്പം നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. യാഥാര്‍ഥ്യ ബോധത്തോടെ കേരളത്തെ സഹായിക്കാന്‍ കേന്ദ്രം മുന്നോട്ട് വരേണ്ട സന്ദര്‍ഭമാണിത്. രാഷ്ട്രീയം ജനനന്മയ്ക്ക് വേണ്ടിയാണ് എന്ന അടിസ്ഥാന തത്വം ഉള്‍ക്കൊണ്ട് രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും എല്ലാ കേരളീയരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്.

വി.എം.സുധീരന്‍

വി.എം.സുധീരന്‍

 

മഹാദുരന്തത്തെ നേരിടുന്നതിനും ജനങ്ങളെ രക്ഷിക്കുന്നതിനും ആശ്വാസമെത്തിക്കുന്നതിനും സമസ്ത കേരളീയരും അനിതരസാധാരണമായ ഒരുമയോടെ അണിചേര്‍ന്നത് തികഞ്ഞ മതിപ്പോടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍ നോക്കിക്കാണുന്നത്.തുടര്‍ന്നുള്ള ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്.
സംസ്ഥാന സര്‍ക്കാരും എല്ലാ രാഷ്ട്രീയ നേതൃത്വവും സമൂഹത്തിന്റെ സര്‍വ്വ തലത്തിലുള്ള ജനവിഭാഗങ്ങളും ഒരേ മനസോടെ ഒന്നിച്ചു നിന്ന് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്ന ദൗത്യം ഏറ്റെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കേരളം നേരിടുന്ന വെല്ലുവിളി തരണം ചെയ്യുന്നതിന് ലോകരാഷ്ട്രങ്ങളുടെ പിന്തുണ നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. എന്തിലും ഏതിലും ഇന്ത്യയെ എതിര്‍ക്കുന്നതിന് അവസരം നോക്കിയിരിക്കുന്ന പാകിസ്താന്‍ ഭരണകൂടം തന്നെ കേരളത്തിന്റെ ദുരവസ്ഥയില്‍ സഹായ വാഗ്ദാനം നല്‍കിയത് കുളിര്‍മയുള്ള ഒരനുഭവം തന്നെയാണ്.
ലോകം കേരളത്തിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഭിന്നിച്ച് പോകുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത എല്ലാ ഭാഗത്തുനിന്നും ഉണ്ടായേ മതിയാകൂ.
അതിന് ആവശ്യമായ മുന്‍കൈ ഉണ്ടാകേണ്ടത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെയാണ്. സര്‍ക്കാരിന്റെയോ ഔദ്യോഗിക സംവിധാനങ്ങളുടെയോ ഭാഗത്തുനിന്നും വന്നതായി പറയുന്ന പാളിച്ചകളോ വീഴ്ചകളോ സംബന്ധിച്ച് ഏതു ഭാഗത്തുനിന്നും വിമര്‍ശനങ്ങളോ പ്രതികരണങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടായാലും തുറന്ന മനസോടെ തന്നെ അതെല്ലാം പരിശോധിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകേണ്ടത് ആവശ്യമാണ്.
ഡാം മാനേജ്‌മെന്റ് സംബന്ധിച്ച് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. അതോടൊപ്പം തന്നെ കാലാകാലങ്ങളില്‍ മാറിമാറി വന്ന കേരളത്തിലെ ഭരണകൂടങ്ങളുടെ നടപടികളുടെ ഫലമായി പ്രകൃതിക്കേറ്റ ആഘാതങ്ങള്‍ എത്രമാത്രം ഈ ദുരന്തത്തില്‍ പ്രതിഫലിക്കപ്പെട്ടു എന്നതും വിലയിരുത്തപ്പെടേണ്ടതാണ്.
അതേ രീതിയില്‍ തന്നെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിലും മാലിന്യ നിര്‍മ്മാര്‍ജനത്തിലും അനിയന്ത്രിതവും നിയമവിരുദ്ധവുമായ നിര്‍മാണങ്ങളും ഖന പ്രവര്‍ത്തനങ്ങളും തടയുന്നതിലും വന്നിട്ടുള്ള വീഴ്ചകളുടെ ഫലമായി പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്കേറ്റ മാരകമായ ക്ഷതങ്ങള്‍ ഈ ദുരന്തത്തിന്റെ ആക്കം കൂട്ടിയോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഇതെല്ലാം വിലയിരുത്തുന്നതിന് ഒരു ഉന്നതാധികാര കമ്മിഷനെ എത്രയും പെട്ടെന്ന് നിയോഗിക്കുന്നത് ഉചിതമായിരിക്കും.
ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ അധ്യക്ഷതയില്‍ ഇപ്രകാരമൊരു കമ്മിഷന്‍ വരുന്നതായിരിക്കും നല്ലത്. ഡാം സുരക്ഷ, വാട്ടര്‍ മാനേജ്‌മെന്റ്, ഫ്‌ലഡ് മാപ്പിങ്, ഭൗമശാസ്ത്രം, ലാന്‍ഡ് മാനേജ്‌മെന്റ്, പരിസ്ഥിതി സംരക്ഷണം, വേസ്റ്റ് മാനേജ്‌മെന്റ്, നിര്‍മാണമേഖല, പുനരധിവാസം, സാമൂഹ്യശാസ്ത്രം, നിയമം എന്നീ മേഖലകളിലെ വിദഗ്ധരും മറ്റു ബന്ധപ്പെട്ട ശാസ്ത്രജ്ഞരും ഈ കമ്മിഷനില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും മറ്റ് ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പൊതുസ്വീകാര്യതയുള്ള നിലയില്‍ ഈ കമ്മിഷന് രൂപം കൊടുക്കാവുന്നതാണ്.
സാധാരണ സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷനുകളുടെ പ്രവര്‍ത്തന ശൈലിയും നടപടിക്രമങ്ങളും മാറ്റിവച്ച് കൃത്യമായും ഒരു ഫാക്ട് ഫൈന്‍ഡിങ് സംവിധാനമായി അത് മാറണം. നിലവിലുള്ള സംവിധാനത്തിലെ പാളിച്ചകള്‍ കണ്ടെത്തി ആവശ്യമായ തിരുത്തല്‍ വരുത്തുക എന്നതാണ് കമ്മിഷന്റെ ലക്ഷ്യമായി മാറേണ്ടത്. കമ്മിഷനെ ഏല്‍പ്പിക്കുന്ന ചുമതല സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമാകണം.
പ്രസ്തുത കമ്മിഷന്‍ റിപ്പോര്‍ട്ട് ബന്ധപ്പെട്ട വിദഗ്ധരെയും ജനപ്രതിനിധികളെയും പങ്കാളികളാക്കി വിപുലമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും യാതൊരു നിക്ഷിപ്ത താല്‍പര്യങ്ങളും ഇല്ലാതെ തികച്ചും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം തുടര്‍നടപടികള്‍ നടപ്പിലാക്കുകയും വേണം.
ദുരന്തം വരുത്തിയ വന്‍ നാശനഷ്ടങ്ങളെ കുറിച്ച് അന്തിമ വിലയിരുത്തല്‍ പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോള്‍ കണക്കാക്കിയതിലും എത്രയോ മടങ്ങ് വര്‍ധിച്ചതായിരിക്കും അത് എന്നതില്‍ സംശയമില്ല. വിദേശസഹായം സ്വീകരിക്കുന്നതില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട സമീപനം പൊളിച്ചെഴുതണം. ലോക രാഷ്ട്രങ്ങളുടെയും യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായം പൂര്‍ണമായും കേരളത്തിന് ലഭ്യമാക്കാന്‍ കഴിയുന്ന രീതിയില്‍ തീരുമാനങ്ങള്‍ ഉണ്ടാകണം. സാമ്പത്തിക സഹായം മാത്രമല്ല ലോകരാജ്യങ്ങളിലെ സാങ്കേതിക വൈദഗ്ധ്യവും ലഭ്യമാക്കുന്നത് പ്രധാന കാര്യമാണ്.
രാഷ്ട്രീയ അതിപ്രസരം കൂടാതെ കേരളത്തോടൊപ്പം നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. യാഥാര്‍ഥ്യ ബോധത്തോടെ കേരളത്തെ സഹായിക്കാന്‍ കേന്ദ്രം മുന്നോട്ട് വരേണ്ട സന്ദര്‍ഭമാണിത്. രാഷ്ട്രീയം ജനനന്മയ്ക്ക് വേണ്ടിയാണ് എന്ന അടിസ്ഥാന തത്വം ഉള്‍ക്കൊണ്ട് രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും എല്ലാ കേരളീയരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്. അതിനായി അനാവശ്യ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും നമുക്ക് വിട നല്‍കാം.
‘ഒരൊറ്റ ജനത ഒരൊറ്റ കേരളം’ എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച് ദുരന്തത്തില്‍പ്പെട്ട മുഴുവന്‍ സഹോദരങ്ങളെയും പൂര്‍ഇമായും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക. നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം ആ ദിശയില്‍ മാത്രമാകട്ടെ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.