2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പുല്‍വാമ: മോദിയുടെ അതിജീവനയുദ്ധം

#കെ.എ സലിം
8848001385

പുല്‍വാമ ആക്രമണത്തിനു പിന്നാലെയുണ്ടായ ഉന്നതതല യോഗത്തിനു ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിലും തൊട്ടടുത്ത ദിവസമുണ്ടായ സര്‍വകക്ഷിയോഗ പ്രമേയത്തിലും പാകിസ്താന്റെയോ ജെയ്‌ഷെ മുഹമ്മദിന്റെയോ പേരുകള്‍ എന്തുകൊണ്ടാണ് അപ്രത്യക്ഷമായത്.
നിര്‍ണായകഘട്ടത്തില്‍ നടക്കുന്ന സര്‍വകക്ഷിയോഗത്തിന് നേതൃത്വം കൊടുക്കേണ്ടത് പ്രധാനമന്ത്രി തന്നെയാണ്. എന്നാല്‍, ആ യോഗത്തില്‍ സാന്നിധ്യമുണ്ടെന്നു വരുത്തിത്തീര്‍ക്കുക പോലും ചെയ്യാതെ മോദി മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കാന്‍ പോകുകയാണു ചെയ്തത്. അതെന്തുകൊണ്ടാണ്.
എന്തുകൊണ്ടാണ് മോദി പ്രസംഗങ്ങളില്‍ പാകിസ്താന്റെയോ ജെയ്‌ഷെ മുഹമ്മദിന്റെയോ പേരെടുത്തു പറയാന്‍ ഇപ്പോഴും തയ്യാറാകാത്തത്. കുറ്റക്കാരെ സഹായിക്കുന്നത് ഒരു അയല്‍രാജ്യമെന്നു മാത്രമാണ് അദ്ദേഹം പറയുന്നത്. എന്തുകൊണ്ട് അത്തരമൊരു വിശേഷണത്തില്‍ മാത്രം ഒതുങ്ങുന്നു.
അവിടെയാണു സര്‍ക്കാരിന് പുല്‍വാമ ആക്രമണം വീണു കിട്ടിയ നറുക്കാകുന്നത്. മോദിക്കു ജയിക്കേണ്ടതു നിയന്ത്രണരേഖയ്ക്കപ്പുറത്തെ യുദ്ധത്തിലല്ല, ഇന്ത്യക്കുള്ളിലെ തെരഞ്ഞെടുപ്പു പോരാട്ടത്തിലാണ്.
അദ്ദേഹത്തിന്റെ ശത്രുക്കള്‍ പാകിസ്താനെന്ന രാജ്യമോ അവിടത്തെ ജനങ്ങളോ അല്ല, ഇന്ത്യന്‍ മുസ്‌ലിംകളാണ്. കശ്മിരില്‍ ജെയ്‌ഷെ മുഹമ്മദ് എപ്പോഴൊക്കെ ചോരയൊഴുക്കിയിട്ടുണ്ടോ അതിലെല്ലാം ബി.ജെ.പിക്കു നേരിട്ടു പങ്കുണ്ട്. 1999ല്‍ അന്നത്തെ വാജ്‌പേയി സര്‍ക്കാര്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിനു പിന്നാലെ മസൂദ് അസ്ഹറിനെ മോചിപ്പിക്കുന്നതോടെയാണ് ജെയ്‌ഷെ മുഹമ്മദിന്റെ ചരിത്രം തുടങ്ങുന്നത്.

1999 ഡിസംബര്‍ 24ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814 വിമാനം ഒരുസംഘം റാഞ്ചിക്കൊണ്ടു പോകുന്നു. അമൃത്‌സറിലും ലാഹോറിലും ദുബൈയിലും ഇറക്കിയ വിമാനം ഒടുവില്‍ കാണ്ഡഹാറിലെത്തുന്നു. റാഞ്ചികളുടെ ആവശ്യപ്രകാരം ഇന്ത്യന്‍ ജയിലിലുള്ള മസൂദ് അസ്ഹര്‍, മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍, അഹ്മദ് ഉമര്‍ സഈദ് ഷെയ്ഖ് എന്നിവരെ ബി.ജെ.പി സര്‍ക്കാര്‍ അധികം വിലപേശലിനു നില്‍ക്കാതെ വിട്ടുനല്‍കി.
റാഞ്ചിയ വിമാനത്തില്‍ യു.കെയിലെ കറന്‍സി അച്ചടിക്കുന്ന ഏറ്റവും വലിയ കമ്പനിയായ തോമസ് ഡിലാ റുവിന്റെ ഉടമ റോബര്‍ട്ടോ ഗിയോറിയുമുണ്ടായിരുന്നു. റാഞ്ചപ്പെടുമ്പോള്‍ 150 രാജ്യങ്ങളുടെ വിദേശകറന്‍സികള്‍ അച്ചടിക്കാനുള്ള ചുമതല ഡിലാറുവിനായിരുന്നു. അമ്പതുകാരനായ ഗിയോറിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വിസ് വിദേശകാര്യമന്ത്രി ജോസഫ് ഡെയിസ് ജസ്വന്ത് സിങിനെ ഫോണില്‍ വിളിച്ചു. ഹാന്‍സ് സ്റ്റാന്‍ഡര്‍ എന്ന പ്രത്യേക പ്രതിനിധിയെ കാണ്ഡഹാറിലേക്കയച്ചു. സ്വിസ് സര്‍ക്കാരിന്റെ സുരക്ഷയില്‍ ഗിയോറി സ്വിറ്റ്‌സര്‍ലന്‍ഡില്‍ തിരിച്ചെത്തി.
ഇക്കാര്യമെല്ലാം അന്നു സ്വിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്നു സ്വിസ് മാധ്യമങ്ങള്‍ പറയാതിരുന്നൊരു കാര്യം പിന്നീടു പറഞ്ഞു. ഗിയോറിയെ മോചിപ്പിക്കാന്‍ റാഞ്ചികള്‍ക്കു കോടിക്കണക്കിനു രൂപ നല്‍കിയെന്ന്. ജെയ്‌ഷെ മുഹമ്മദിന്റെ സാമ്പത്തികാടിത്തറ ഈ പണമാണെന്നാണു കരുതപ്പെടുന്നത്. അതായത് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ നേരിട്ടോ, അവരുടെ സഹായത്താലോ നല്‍കിയ പണമാണ് ഇന്ന് ഇന്ത്യക്കാരെ കൊല്ലുന്നത്.

പാകിസ്താനില്‍ തിരിച്ചെത്തിയ മസൂദ് അസ്ഹര്‍ 2000ത്തിലാണ് ജെയ്‌ഷെ മുഹമ്മദ് രൂപീകരിക്കുന്നത്. തുടര്‍ന്നങ്ങോട്ട് കശ്മിരിലെ സായുധസംഘടനകള്‍ക്കിടയില്‍ ജെയ്‌ഷെ മുഹമ്മദ് നേടിയ വളര്‍ച്ച അതിവേഗത്തിലാണ്. പ്രവര്‍ത്തകരുടെ എണ്ണത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്‌കറെ ത്വയ്യിബയ്ക്കും പിന്നാലെ മൂന്നാം സ്ഥാനത്താണ് ജെയ്‌ഷെ മുഹമ്മദ്. എന്നാല്‍, സമീപകാലത്ത് രാജ്യത്തു നടന്ന ഏറ്റവും കടുത്ത ആക്രമണങ്ങള്‍ക്കു പിന്നിലെല്ലാം ജെയ്‌ഷെ മുഹമ്മദിന്റെ പേരുണ്ടായിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം, ഉറി ആക്രമണം തുടങ്ങി അങ്ങനെ നിരവധിയുണ്ട്.
കശ്മിരില്‍ നിരവധി സംഘടനകളുണ്ടെങ്കിലും താഴ്‌വരയില്‍ ചാവേര്‍ ആക്രമണങ്ങള്‍ കൊണ്ടുവന്നതു ജെയ്ഷാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ജെയ്ഷിന്റെ പ്രധാനപ്പെട്ട നേതാക്കളെയെല്ലാം സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. ജെയ്ഷ് പൂര്‍ണമായും ഇല്ലാതായെന്നു വിശ്വസിച്ചിരിക്കുമ്പോള്‍ വീണ്ടും ആക്രമണവുമായെത്തും. കശ്മിരില്‍ സമീപകാലത്ത് ഏറ്റവും നാശമുണ്ടാക്കിയ ആക്രമണങ്ങളെല്ലാം നടത്തിയത് ജെയ്‌ഷെ മുഹമ്മദാണ്.
പൊലിസിന്റെ രേഖ പ്രകാരം കശ്മിരില്‍ നിലവില്‍ 56 സായുധസംഘാംഗങ്ങളേയുള്ളൂ. ഇതില്‍ 33 പേര്‍ പാകിസ്താനില്‍ നിന്നെത്തിയവരും ബാക്കി പ്രദേശവാസികളുമാണ്. ദക്ഷിണകശ്മിരില്‍ 35 ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരുണ്ട്. അതില്‍ 21 പേര്‍ നാട്ടുകാരാണ്. മധ്യകശ്മിരിലെ ശ്രീനഗര്‍, ബദ്ഗാം, ഗാന്ദെര്‍ബാല്‍ ജില്ലകളില്‍ ജെയ്ഷിന് പ്രവര്‍ത്തകരേയില്ലെന്നാണു പൊലിസ് കണക്ക്.

കശ്മിരിലെ ഏറ്റവും വലിയ സായുധസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനും പിന്നാലെയുള്ള ലഷ്‌കറെ ത്വയ്യിബയും ഇപ്പോള്‍ കാര്യമായ സായുധാക്രമണങ്ങളൊന്നും നടത്തുന്നില്ല. ഇരു സംഘടനകളുടെയും പ്രധാനപ്പെട്ട കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതിനാലാണിത്. ഈ ഒഴിവിലേക്കാണ് ജെയ്ഷ് വരുന്നത്.
അഫ്ഗാനിസ്താനില്‍ റഷ്യയ്‌ക്കെതിരേ പോരാടിയ ഹര്‍ക്കത്തുല്‍ അന്‍സാറിന്റെ ഭാഗമായിരുന്നു പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഭവല്‍പൂരില്‍ ജനിച്ച മസൂദ് അസ്ഹര്‍. അതുകൊണ്ടു തന്നെ താലിബാനുമായായിരുന്നു അസ്ഹറിനു ബന്ധം. ഹര്‍ക്കത്ത് അംഗങ്ങള്‍ തന്നെയായിരുന്നു ജെയ്ഷിന്റെ ആദ്യകാല പ്രവര്‍ത്തകര്‍.
1994ല്‍ കശ്മിരിലെത്തിയ അസ്ഹര്‍ സുരക്ഷാസൈനികരുടെ പിടിയിലായി. തുടര്‍ന്നാണ് കാണ്ഡഹാര്‍ സംഭവമുണ്ടാകുന്നത്. 2000ത്തില്‍ ശ്രീനഗറിലെ സൈനിക ക്യാംപിലേയ്ക്കു കാറില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ചാവേര്‍ ആക്രമണം നടത്തിയാണു ജെയ്ഷ് കശ്മിരില്‍ സാന്നിധ്യമറിയിക്കുന്നത്. 17 വയസ്സുകാരനായ ബാലനായിരുന്നു കാറോടിച്ചത്. കാര്‍ ഗേറ്റില്‍ എത്തുംമുമ്പ് തന്നെ പൊട്ടിത്തെറിച്ചതിനാല്‍ മറ്റു നാശമൊന്നുമുണ്ടായില്ല. അതേവര്‍ഷം ക്രിസ്മസ് ദിനത്തില്‍ സമാനമായ മറ്റൊരാക്രമണവുമുണ്ടായി. വാഹനമോടിച്ചിരുന്നത് 25കാരനായ ബ്രിട്ടിഷ് പൗരന്‍. അന്ന് അഞ്ചു സൈനികരുള്‍പ്പടെ 11 പേര്‍ മരിച്ചു.

തുടര്‍ന്നങ്ങോട്ടു നിരവധി ആക്രമണങ്ങള്‍ ജെയ്ഷ് നടത്തി. കശ്മിരില്‍ ആദ്യമായി സ്‌നൈപ്പര്‍ ആക്രമണം നടത്തിയതും ജെയ്‌ഷെ മുഹമ്മദാണ്. ജെയ്ഷിന്റെ സ്‌നൈപ്പര്‍ സ്‌ക്വാഡിനെ സൈന്യം കൊലപ്പെടുത്തിയതോടെയാണ് സ്‌നൈപ്പര്‍ ആക്രമണങ്ങള്‍ ഇല്ലാതായത്. മസൂദ് അസ്ഹറിന്റെ ബന്ധു ഉസ്മാന്‍ ഹൈദറായിരുന്നു സ്‌ക്വാഡിന്റെ തലവന്‍.
2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം ഇന്ത്യയുടെ വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്നു മസൂദ് അസ്ഹര്‍. എന്നാല്‍, മസൂദിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമമൊന്നുമുണ്ടായില്ല. അമേരിക്കയുടെ ലിസ്റ്റിലുമുണ്ട് മസൂദ്. അന്നു മസൂദിനൊപ്പം മോചിപ്പിച്ച അഹ്മദ് ഉമര്‍ സഈദ് ഷെയ്ഖ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്താനിലെ ജയിലില്‍ വധശിക്ഷ കാത്തു കഴിയുകയാണ്.
പുല്‍വാമ ആക്രമണശേഷം തെരഞ്ഞെടുപ്പ് റാലികളിലെ വീരസ്യമല്ലാതെ മോദി എന്തു ചെയ്തുവെന്ന കൂടി നോക്കൂ. പാകിസ്താനെ ഉറ്റ വാണിജ്യപങ്കാളിയെന്ന പട്ടികയില്‍ നിന്നൊഴിവാക്കിയതു മാത്രമാണ് ആകെയുണ്ടായത്. അതാകട്ടെ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതിയില്‍ ചില വസ്തുക്കള്‍ മാത്രം ഒഴിവാക്കപ്പെടുമെന്നത് മാത്രമാണ്. പാകിസ്താനില്‍ നിന്നെത്തുന്ന ഉള്ളിയും ഉരുളക്കിഴങ്ങും ഇതിലുള്‍പ്പെട്ടാല്‍ രാജ്യത്ത് ഇവയുടെ വിലക്കയറ്റം മാത്രമാണുണ്ടാകുക.
മോദിയുടെ പ്രശ്‌നം അതൊന്നുമല്ല, റാഫേല്‍ കരാര്‍ വിഷയത്തില്‍ നിലയില്ലാക്കയത്തിലാണു മോദി. മോദിയുടെ നിലവിലുള്ള നയങ്ങളില്‍ കുപിതരാണ് ആര്‍.എസ്.എസ് നേതൃത്വം. ഭരണപരാജയം ഹിന്ദുത്വ മധ്യവര്‍ഗത്തിനിടയില്‍ മോദിയുടെ പ്രതിച്ഛായയ്ക്കു കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്. നോട്ടുനിരോധനവും ജി.എസ്.ടിയുമുണ്ടാക്കിയ പ്രതിസന്ധി കാര്യമായി ബാധിച്ചതു മധ്യവര്‍ഗത്തിന്റെ വ്യവസായ താല്‍പ്പര്യങ്ങളെയാണ്.

2014ലെ തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി പദവിയിലേയ്ക്കു മോദിയേക്കാള്‍ ആര്‍.എസ്.എസ് താല്‍പര്യപ്പെട്ടിരുന്നതു ഗഡ്കരിയെയാണ്. മോദിയെപ്പോലെ സംഘടനയ്ക്കു മുകളില്‍ വളരാന്‍ ശ്രമിക്കുന്നൊരാളുടെ കാര്യത്തില്‍ ആര്‍.എസ്.എസിന് അത്ര താല്‍പ്പര്യമുണ്ടായിരുന്നില്ല. 2017ല്‍ മോദി നാഗ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ ഇങ്ങോട്ടു വന്നു കാണണമെന്നാവശ്യപ്പെട്ടു മോദി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനു സന്ദേശമയച്ചത് ആര്‍.എസ്.എസ് നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. മോദിയുടെ നിര്‍ദേശം മോഹന്‍ ഭാഗവത് തള്ളിയെന്നു മാത്രമല്ല മോദി നാഗ്പൂരിലുള്ള ദിവസം ഭാഗവതും മറ്റു ആര്‍.എസ്.എസ് നേതാക്കളും സ്ഥലത്തുനിന്നു മാറിനില്‍ക്കുകയും ചെയ്തു.
ബി.ജെ.പിക്കു സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം കിട്ടിയാലും മോദിയ്ക്ക് ഇനിയൊരവസരം നല്‍കേണ്ടെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. അതിനായി അവര്‍ ഗഡ്കരിയെ ഉയര്‍ത്തിക്കൊണ്ടുവന്നു. അതിനിടയിലാണ് മോദിക്ക് പുല്‍വാമയുടെ പുല്‍ത്തുരുമ്പു കിട്ടുന്നത്. വിദ്വേഷപ്രചാരണമല്ലാതെ മോദിക്ക് മുന്നില്‍ മറ്റൊരു വഴിയില്ല. പാകിസ്താനോടല്ല, കശ്മിരികളോടാണ് മോദി യുദ്ധം ചെയ്യുക. മോദിക്കിത് സ്വന്തം അതിജീവനത്തിനായുള്ള യുദ്ധമാണ്. അതിനിടയില്‍ രാജ്യതാല്‍പ്പര്യം ആരു നോക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.