2018 November 13 Tuesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെക്കൊണ്ടു തീറ്റിക്കുകയുമില്ല

തോമസ് ഐസക്

 

 

കേരളം അടിയന്തിരസഹായമായി കേന്ദ്രസര്‍ക്കാരിനോട് 2,000 കോടി രൂപ ചോദിച്ചു. വളരെപ്പിശുക്കി 600 കോടി രൂപ അനുവദിച്ചു. കേരളസര്‍ക്കാര്‍ വിദേശരാജ്യങ്ങളോടു സഹായമഭ്യര്‍ഥിച്ചിട്ടില്ല. എന്നിട്ടും, യു.എ.ഇ മഹാമനസ്‌കതയോടെ 700 കോടി രൂപ നല്‍കാമെന്നു വാഗ്ദാനം ചെയ്തു. തങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടിയ തുക ഒരു വിദേശരാജ്യം നല്‍കുന്നതു കുറച്ചിലായി മോദിക്കു തോന്നിയിരിക്കണം. അതുകൊണ്ടു പെട്ടെന്നു പറഞ്ഞു, സംഭാവന വേണ്ടെന്ന്.
പട്ടി പുല്ലു തിന്നുകേമില്ല, പശൂനെക്കൊണ്ടു തീറ്റിക്കുകേമില്ലെന്ന ചൊല്ലു കേട്ടിട്ടില്ലേ. അതു തന്നെ. ഇത്തരത്തില്‍ വിദേശസംഭാവന വാങ്ങുന്നതു ദേശീയനയത്തിനു വിരുദ്ധമാണെന്നാണു കേന്ദ്രനിലപാട്. വിദേശസഹായത്തിനു പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഏറ്റവും ജാഗ്രത പുലര്‍ത്തി വന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം.
സഹായങ്ങള്‍ക്കൊപ്പം വരുന്ന കാണാച്ചരടുകളും നിബന്ധനകളുമാണതിനു കാരണം. പക്ഷേ, എല്ലാ വിദേശനിക്ഷേപങ്ങളെയും സഹായങ്ങളെയും ഇടതുപക്ഷം അടച്ചെതിര്‍ത്തിട്ടില്ല. ചരടുകളില്ലാത്ത സഹായം സ്വീകരിക്കാം.
ഇവിടെ യു.എ.ഇ സ്വമേധയാ നല്‍കുന്ന സംഭാവനയാണത്. തിരിച്ചു കൊടുക്കേണ്ടതില്ല. ഇന്ന രീതിയില്‍ വിനിയോഗിക്കണമെന്ന നിബന്ധനയില്ല.
ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും നമ്മുക്കാവശ്യമുള്ള രീതിയില്‍ ഉപയോഗിക്കാം. യു.എ.ഇയിലെ വിദേശജോലിക്കാരില്‍ ഭൂരിപക്ഷവും മലയാളികളായതുകൊണ്ടാകാം അവര്‍ ഈ കാരുണ്യം കാണിച്ചത്. പ്രവാസിക്ഷേമം മുന്‍നിര്‍ത്തി ഇടതുപക്ഷസര്‍ക്കാര്‍ സ്വീകരിക്കുന്ന സൗഹൃദസമീപനവും കാരണമാവാം. ദുരന്തമുഖത്തു കേരളീയജനത ഒരുമിച്ചുയുര്‍ത്തിയ പ്രതിരോധവും അവരുടെ മനസ്സിനെ പിടിച്ചുലച്ചിട്ടുണ്ടാകാം. കാരണമെന്തുമാവട്ടെ, ഇത്തരം ഒരു സംഭാവന സ്വീകരിക്കുന്നതില്‍ എന്താണു കുഴപ്പം.
ആദ്യം വാജ്‌പേയി സര്‍ക്കാരും പിന്നീട് യു.പി.എ സര്‍ക്കാരും വിദേശസഹായത്തോടു മുഖംതിരിച്ചതു കാണാച്ചരടു പേടിച്ചല്ല. അങ്ങനെയെങ്കില്‍ അമേരിക്ക, റഷ്യ, ജര്‍മ്മനി, ഇംഗ്ലണ്ട്, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സഹായം അനുവദനീയമാക്കിയതെന്തിന്. ഇതില്‍ ജപ്പാനൊഴികെയുള്ള പാശ്ചാത്യ സാമ്പത്തികശക്തികള്‍ നിക്ഷിപ്തതാല്‍പ്പര്യങ്ങളുള്ളവയാണ്. അതേസമയം, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ താരതമ്യേന ചരടുകളില്ലാത്ത സഹായം വാഗ്ദാനം ചെയ്യുന്നവയാണ്. അവരോടായിരുന്നു ഇന്ത്യക്ക് എതിര്‍പ്പ്.
ഇന്ത്യ വലിയ സാമ്പത്തിക ശക്തിയാവുകയാണ്, അതുകൊണ്ടു ചെറിയരാജ്യങ്ങളുടെ സഹായം വാങ്ങുന്നതു സ്റ്റാറ്റസിനു യോജിക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത്രമാത്രം സമ്പന്നമാണ് ഇന്ത്യയെങ്കില്‍ കേരളത്തിലെ ദുരന്തം നേരിടാന്‍ യു.എ.ഇ പ്രഖ്യാപിച്ച തുകയെങ്കിലും നല്‍കാന്‍ കഴിയാതിരുന്നതെന്തുകൊണ്ട്.
യു.എ.ഇയുടെ ധനസഹായം വാങ്ങുന്നതിനു നിയമപരമോ നയപരമോ ആയ തടസവുമില്ല. കാരണം, ഇതു വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവനയാണ് .
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായം കേന്ദ്രസര്‍ക്കാരിന്റെ അനുവാദത്തോടെ സ്വീകരിക്കാമെന്നു ‘ദേശീയ ദുരന്തനിവാരണ പദ്ധതി 2016’ ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ രേഖയിലെ ഒന്‍പതാം അധ്യാത്തില്‍ ദുരന്തനിവാരണത്തിനായുള്ള ‘ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍’ എന്ന അധ്യായത്തില്‍ ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. തടസ്സം നിയമമല്ല, രാഷ്ട്രീയവിവേചനമാണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളെയും ഇത്തരത്തില്‍ ദുരന്തകാലത്തു വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മിഥ്യാബോധവും ജാള്യതയും മാറ്റിവച്ചു കേരളത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ സഹായകമായ നിലപാടു സ്വീകരിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.