2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

പി.എസ്.സിക്കാര്യത്തിലെ ഹക്‌സ്‌ലിക്കാര്യം

വി. അബ്ദുല്‍ മജീദ്‌

കേരള പി.എസ്.സിയെക്കുറിച്ചു സംസാരിക്കാന്‍ ആല്‍ഡസ് ഹക്‌സ്‌ലിയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നുണ്ടോ? അറിഞ്ഞിരിക്കണമെന്ന് അത്ര നിര്‍ബന്ധമൊന്നുമില്ലെന്നൊക്കെ ആര്‍ക്കെങ്കിലും തോന്നിയാലും കെ.യു അരുണന്‍ മാഷ് അതു സമ്മതിച്ചു തരില്ല. സാങ്കേതിക സര്‍വകലാശാലാ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത കെ.എന്‍.എ ഖാദര്‍ പി.എസ്.സിയുടെ കാര്യങ്ങളിലേക്കു കടന്ന് സരസമായി കത്തിക്കയറുന്നതിനിടയിലാണ് ഈ ചോദ്യമെടുത്തിട്ട് ഖാദറിനെ ഒന്നു വിരട്ടാന്‍ ശ്രമിച്ചത്. കിട്ടാന്‍ പോകുന്ന ഉദ്യോഗവുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ഉദ്യോഗാര്‍ഥികളെ പി.എസ്.സി ഇന്റര്‍വ്യൂ ബോര്‍ഡ് ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു ഖാദര്‍. ഇന്റര്‍വ്യൂവില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഭംഗിയായി ഉത്തരം പറഞ്ഞ ഒരു ഉദ്യോഗാര്‍ഥിക്കു നേരെ അവസാനമായി ഒരു ചോദ്യം വന്നു. അല്‍ക്കാപുല്‍ക്കോയെക്കുറിച്ച് എന്തറിയാമെന്ന്. നിയമനം നല്‍കാതിരിക്കാന്‍ കരുതിക്കൂട്ടി ചെയ്യുന്നതാണിതെന്ന് ഖാദര്‍. ഇങ്ങനെ പി.എസ്.സിയുടെ ക്രൂരകൃത്യങ്ങള്‍ വിവരിച്ച് ഖാദര്‍ മുന്നേറുമ്പോള്‍ അരുണന്‍ മാഷിലെ മുന്‍ പി.എസ്.സി മെംബര്‍ പ്രകോപിതനായതുകൊണ്ടോ എന്തോ ഒരു ചോദ്യം വന്നു. ആല്‍ഡസ് ഹക്‌സ്‌ലിയുടെ ‘ ബ്രേവ് ന്യൂ വേള്‍ഡ് ‘ വായിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ‘നിഷേധത്തിന്റെ നിഷേധം’ പോലുള്ള കടുകടുപ്പന്‍ മാര്‍ക്‌സിയന്‍ ദര്‍ശനങ്ങള്‍ വരെ വായിച്ചുപഠിച്ച ഖാദര്‍ ഓര്‍ത്തെടുക്കുന്നതിനിടയില്‍ അടുത്ത ചോദ്യവും വന്നു. ‘ബ്രേവ് ന്യൂ വേള്‍ഡ് റീ വിസിറ്റഡ്’വായിച്ചിട്ടുണ്ടോ എന്ന്. 

പെട്ടെന്നൊരുത്തരം ഈ ചോദ്യത്തിനും ഖാദറിനുണ്ടായില്ല. അടുത്ത തവണ സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ ഹൂ ഈസ് ഹൂ വായിച്ചിട്ടു വരാമെന്ന് ഖാദര്‍. മാഷ് പി.എസ്.സി അംഗമായിരുന്ന കാര്യം മനസാവാചാ കര്‍മണാ അറിയില്ലെന്നും ഖാദര്‍ പറഞ്ഞുനോക്കിയിട്ടും അരുണന്‍ അടങ്ങിയില്ല. ഹക്‌സ്‌ലിയെക്കുറിച്ചും മറ്റും അദ്ദേഹം ചിലതു പറയുക തന്നെ ചെയ്തു.
പ്രസംഗത്തില്‍ ഇടപെട്ട പുതിയ അംഗം സജി ചെറിയാന് ഖാദര്‍ സംസാരിക്കാന്‍ അവസരം നല്‍കി. അതിനൊരു ‘വര്‍ഗപരമായ’ കാരണവും ഖാദര്‍ പറഞ്ഞു. സജി ചെറിയാനെപ്പോലെ ഖാദറും ഒരു ഉപതെരഞ്ഞെടുപ്പിന്റെ ഉല്‍പ്പന്നമാണ്. അപ്പോള്‍ പിന്നെ അനുഭാവം കാട്ടണം. എന്നാല്‍ കിട്ടിയ അവസരത്തില്‍ സജി ചെറിയാന്‍ ഖാദറിനും യു.ഡി.എഫിനുമെതിരേ പറയാനുള്ളതു പറഞ്ഞു. ആധുനിക ശാസ്ത്ര, സാങ്കേതിക വിദ്യകള്‍ക്കൊപ്പം സഞ്ചരിക്കുന്നയാള്‍ കൂടിയാണ് ഖാദര്‍. അതുകൊണ്ട് പുതിയ വിദ്യകളുടെ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സൂക്ഷ്മജീവികള്‍ക്കു പേറ്റന്റ് നല്‍കുകയാണെങ്കില്‍ ചില സ്ഥാപനങ്ങള്‍ നല്ല കുട്ടികളുടെ വിത്തുകള്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കും. അതുകൂടി വന്നാല്‍ അദ്ധ്വാനം തീര്‍ത്തും ഇല്ലാതാകുമെന്നും എല്ലാം മിച്ചമൂല്യമാകുമെന്നും പണ്ട് അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ മാത്രം ആളായിരുന്ന ഖാദറിന്റെ സിദ്ധാന്തം.
കേരള കോണ്‍ഗ്രസെന്നാല്‍ റബര്‍ രാഷ്ട്രീയമാണന്നാണ് നമ്മളൊക്കെ കേട്ടുപഠിച്ചത്. പണ്ടൊക്കെ അവര്‍ രണ്ടു മുന്നണികളിലായി നിന്നാലും റബറിന്റെ കാര്യം വന്നാല്‍ റബര്‍ ഷീറ്റിന്റെ കെട്ടുപോലെ ചേര്‍ന്ന് ഒറ്റക്കെട്ടായി നില്‍ക്കുമായിരുന്നു. എന്നാല്‍ കാലം മാറുമ്പോള്‍ കേരള കോണ്‍ഗ്രസും മാറുമല്ലോ. പ്രത്യേകിച്ച് കെ.എം മാണിയുടെ പാര്‍ട്ടി ഒരുവശത്തും പി.സി ജോര്‍ജ് മറുവശത്തുമാകുമ്പോള്‍. റബറിനും റബര്‍ കര്‍ഷകര്‍ക്കും വേണ്ടി മോന്‍സ് ജോസഫ് വാദിക്കുമ്പോള്‍ തനിക്കിപ്പോള്‍ റബര്‍ കണ്ടുകൂടെന്ന് ജോര്‍ജ്. റബറൊക്കെ വെട്ടിമാറ്റി ഉപകാരമുള്ള മറ്റെന്തെങ്കിലും കൃഷി ചെയ്യുന്നതാണ് നല്ലതെന്നാണ് ജോര്‍ജിന്റെ അഭിപ്രായം. ചോദ്യോത്തരവേളയില്‍ അവയവദാനം ചര്‍ച്ചാവിഷയമായപ്പോള്‍, രാഷ്ട്രീയത്തില്‍ അവയവം കട്ടുകൊണ്ടുപോകുന്നത് കൂടിവരികയാണെന്ന് ജോര്‍ജ്. വലിയ പാര്‍ട്ടികളുടെ അവയവം ചെറിയ പാര്‍ട്ടികള്‍ തട്ടിക്കൊണ്ടുപോകുന്നുണ്ടെന്നും ജോര്‍ജ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.