2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് പ്രതിഷേധമിരമ്പി; ഇന്ത്യയെന്ന ആശയത്തെ ശിഥിലമാക്കാന്‍ അനുവദിക്കില്ലെന്ന് കാന്തപുരം

 

മലപ്പുറം: പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ മുസ്ലിംകളുടെ അസ്തിത്വം ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. കാന്തപുരം വിഭാഗം എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കെന്ന ആശയത്തിന് പൗരത്വ ഭേദഗതി നിയമം എതിരാണ്. നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണിത്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല. അതിനാല്‍ മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ പൗരത്വം നല്‍കേണ്ടത്. ജനാധിപത്യത്തില്‍നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ നാം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വം സംബന്ധിച്ച ഒരു നിയമനിര്‍മാണത്തിന് മുസ്ലിം അല്ലാതിരിക്കുക എന്നത് മാനദണ്ഡമാക്കുന്നത് ഞെട്ടലുളവാക്കുന്നതാണ്. മുസ്‌ലിംകളുടെ വേരറുക്കുന്ന ഔദ്യോഗിക രേഖയായി ഈ നിയമം മാറുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ പുനരാലോചന നടത്തണം. പൗരത്വ പട്ടികയുടെ പേരില്‍ ഒരുവിഭാഗത്തെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. മതപരമായ ഈ വിഭജനം ഇന്ത്യയുടെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയെ അപ്രസക്തമാക്കാന്‍ ആരും ശ്രമിക്കരുത്. ഇന്ത്യയെ ഇന്ത്യയാക്കിയ ഏതെല്ലാം മൂല്യങ്ങളുണ്ടോ അതിനെ മുഴുവനും തകര്‍ക്കുന്ന ആക്ടാണിത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒന്നിച്ചുനിന്നുള്ള ബഹുസ്വര പ്രക്ഷോഭ മുന്നേറ്റമാണ് നമുക്ക് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ത്വാഹാ തങ്ങള്‍ അധ്യക്ഷനായി. ഇ. സുലൈമാന്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, സി. മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ. സെബാസ്റ്റ്യന്‍ പോള്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, ഇ.എന്‍ മോഹന്‍ദാസ്, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, സി.കെ റാഷിദ് ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എ.പി മുഹമ്മദ് അബ്ദുല്‍കരീം അസ്ഹരി, അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ഷോല, മുഹമ്മദ് പറവൂര്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം.എം ഇബ്റാഹിം, ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.