2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ട്രംപ് ബങ്കറില്‍ ഒളിക്കുന്ന കാലത്ത്

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

 

എല്ലാവരുടെ ഭാഗത്തും സംയമനം ഇപ്പോള്‍ അനിവാര്യമാണെന്ന് ഈയിടെ അമേരിക്കയില്‍നിന്ന് പറഞ്ഞത് ഹെന്‍ട്രി കിസിഞ്ചറാണ്. ലോക സമാധാനത്തിന്റെയും നയതന്ത്രത്തിന്റെയും ജീവിച്ചിരിക്കുന്ന ഇതിഹാസമായ കിസിഞ്ചര്‍. കൊവിഡ് മഹാമാരിയുടെ ആഗോളാവസ്ഥ ചൂണ്ടിക്കാണിച്ച് ആഭ്യന്തര രാഷ്ട്രീയത്തിലും അന്താരാഷ്ട്ര നയതന്ത്രത്തിലും കൊവിഡ് കാലത്ത് എല്ലാവരും സംയമനം പാലിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ ലോകത്തിനു തീപിടിപ്പിക്കുന്നതിലേക്കാണ് അത് നയിക്കുകയെന്ന്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ആ മുന്നറിയിപ്പ് കണക്കാക്കിയിട്ടില്ല. കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊതുനിരത്തിലിട്ട് അമേരിക്കന്‍ പൊലിസ് ഭീകരമായി ശ്വാസംമുട്ടിച്ചു കൊന്നതില്‍ വൈറ്റ് ഹൗസിനു മുന്‍പിലേക്ക് ആയിരങ്ങളുടെ പ്രതിഷേധം ഇരമ്പിയെത്തിയത് അതുകൊണ്ടാണ്. ഭയന്നുപോയ ട്രംപിന് ഭീകരാക്രമണ ഘട്ടത്തില്‍ ഒളിക്കാന്‍ നിര്‍മിച്ച വൈറ്റ് ഹൗസിലെ സൈനിക സുരക്ഷാ ബങ്കറിനകത്ത് ഒളിക്കേണ്ടി വന്നു.

കൊവിഡ് കാലം ആഫ്രിക്കന്‍- അമേരിക്കന്‍ വംശജര്‍ക്കെതിരേ വംശീയ ആക്രമണത്തിന് ഉപയോഗിക്കുകയാണെന്ന് ട്രംപിനെതിരേ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പരസ്യവിമര്‍ശനം നടത്തിയിരുന്നു. 75 ലേറെ അമേരിക്കന്‍ നഗരങ്ങളില്‍ ഇപ്പോള്‍ തുടരുന്ന പ്രതിഷേധം ബ്രിട്ടനടക്കം ലോകമാകെ ശ്വാസംമുട്ടിക്കുന്ന പ്രതിഷേധ കടല്‍ തീര്‍ക്കുകയാണ്. അമേരിക്കയിലെ സ്ഥിതി ഇതാണെങ്കില്‍ ബ്രസീലില്‍ കൊവിഡ്-19 പതിനായിരങ്ങളുടെ മരണക്കുതിപ്പ് ഉയര്‍ത്തുക മാത്രമല്ല, പ്രസിഡന്റ് ജെയിര്‍ ബോര്‍സൊനാരോയുടെ തീവ്രവാദ- വികസന നയവും ആരോഗ്യമന്ത്രിയടക്കം മന്ത്രിമാര്‍ ഉയര്‍ത്തുന്ന പൊതുജനാരോഗ്യ നയവും തമ്മിലുള്ള ഏറ്റുമുട്ടലാണ് അവിടെ. ജനങ്ങളെ രണ്ടു ചേരികളാക്കി തെരുവില്‍ അത് തുടരുന്നു. മഹാമാരിയുടെ ചങ്ങല പൊട്ടിക്കാനുള്ള സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ണായക പ്രതിരോധ നിലപാടിനെ അമേരിക്കയടക്കമുള്ള പല ഭരണകര്‍ത്താക്കളും തകര്‍ക്കുന്നതിന്റെ പല രൂപത്തിലുള്ള പൊട്ടിത്തെറികളാണ് ഇന്ത്യയിലടക്കം അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ ഘട്ടത്തില്‍ പ്രകടമാകുന്നത്.

മോദിയുടെ തീവ്രദേശീയ നയം രണ്ട് രൂപത്തിലാണ് ഇന്ത്യയില്‍ അത് അഴിച്ചുവിട്ടിരിക്കുന്നത്. ജമ്മു കശ്മിര്‍ നയവും പൗരത്വ നിയമ ഭേദഗതിയും നടപ്പാക്കിയതിന്റെ തുടര്‍ച്ച എന്ന നിലയില്‍ പൗരത്വ നിയമത്തിനെതിരേ ഡല്‍ഹിയില്‍ സമരം നടത്തിയിരുന്നവരെ വേട്ടയാടി ജയിലിലടച്ചും കേസെടുത്തും. രണ്ടാമത്, കൊറോണക്കാലത്ത് നിലനിന്ന ശാന്തതയും നിശബ്ദതയും തകര്‍ത്ത് സൈനിക ഏറ്റുമുട്ടലിന്റെ പാത ഒരുക്കിക്കൊണ്ട് ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ ലംഘനങ്ങളുടെയും ഏറ്റുമുട്ടലിന്റെയും തുടര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന പ്രതീതിപോലും സൃഷ്ടിച്ചു. അതൊഴിവാക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ താന്‍ തയാറാണെന്നും നരേന്ദ്രമോദിയുമായി അക്കാര്യം സംസാരിച്ചതായും ട്രംപ് തന്നെ വെളിപ്പെടുത്തി.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം അന്‍പതുകളില്‍ തുടങ്ങിയതും 1962 ലെ യുദ്ധത്തില്‍ കലാശിച്ചതുമാണ്. അതിനുശേഷം ഇക്കാലമത്രയും തര്‍ക്കങ്ങള്‍ സമാധാനപരമായ കൂടിയാലോചനയിലൂടെ പരിഹരിച്ചു പോന്നതാണ്. അതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തും സംയുക്ത സൈനിക ബന്ധുവും കൂടിയായ നേപ്പാളുമായി അതിര്‍ത്തി സംഘര്‍ഷത്തിനിടയാകുന്നത്. ഹോങ്കോങ്ങുമായി ബന്ധപ്പെട്ട് ചൈന ഉള്‍പ്പെടുന്ന മറ്റൊരു സംഘര്‍ഷവും രൂക്ഷമാകുന്നുണ്ട്. നേപ്പാളിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ചൈനയാണ് ഏഷ്യയിലെ സംഘര്‍ഷങ്ങളില്‍ ഒരു കക്ഷി. എന്നാല്‍ മറുപക്ഷത്തുള്ളവരെയെല്ലാം ചൈനയ്‌ക്കെതിരേ നീക്കുന്നതില്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണെന്ന വസ്തുത എടുത്ത് പറയേണ്ടതുണ്ട്. സിക്കിം, ലഡാക്ക്, ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ഒരുവശത്ത് ചൈനയുമായും മറുവശത്ത് ഹിമാലയന്‍ സുഹൃത്ത് രാജ്യമായ നേപ്പാളുമായും ഇന്ത്യ ഒരേ സമയം സംഘര്‍ഷ പാതയിലാണ് എന്ന സവിശേഷതയും ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷം ജമ്മുകശ്മിര്‍ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മോദി സര്‍ക്കാര്‍ മാറ്റിയപ്പോള്‍ ഇന്ത്യയുടെ ഔദ്യോഗിക ഭൂപടം മാറ്റി പ്രസിദ്ധീകരിച്ചു. അതില്‍ ഹിമാലയത്തില്‍നിന്നൊഴുകുന്ന കാളീനദിയുടെ തീരപ്രദേശമായ കാലാപാനി ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പിത്തോറാഗഡ് ജില്ലയുടെ ഭാഗമായാണ് കാണിച്ചത്. നേപ്പാള്‍ ഇതില്‍ പ്രതിഷേധിച്ച് നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും ന്യൂഡല്‍ഹി അവഗണിച്ചു. ചൈനാ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യ അടച്ചിട്ടിരുന്ന ലിപുലേഖ് ചുരം 1997 ല്‍ ചൈനയുമായി ഉടമ്പടിയുണ്ടാക്കി ഇന്ത്യ തുറന്നുകൊടുത്തു. മാനസരോവര്‍ തീര്‍ഥാടകര്‍ക്കുവേണ്ടി ഇന്ത്യ പണിത പുതിയ പാത ഈ പ്രദേശത്തു കൂടെയാണ്. ഇത് ഉദ്ഘാടനം ചെയ്തതോടെ വീണ്ടും തര്‍ക്കം രൂക്ഷമായി.

ഈ പശ്ചാത്തലത്തിലാണ് നേപ്പാള്‍ മെയ് 31 ന് പാര്‍ലമെന്റില്‍ പുതിയ ഭൂപടം സംബന്ധിച്ച് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. ഹിമാലയന്‍ പര്‍വത നിരകളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലിംപിയാധുര കാളീനദിയുടെ ഉത്ഭവസ്ഥാനമായി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിത്തോറാഗഡ് ജില്ലയില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയ ലിപുലേഖും കാലാപാനിയും നേപ്പാള്‍ ഭൂപടത്തില്‍ അവരുടേതാണ്. ഭരണഘടനാ ഭേദഗതിക്ക് പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി ഗവണ്‍മെന്റിന് പ്രധാന പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു. പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ അതിര്‍ത്തി തര്‍ക്കം പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങും. ഇന്ത്യയുമായി ചരിത്രപരമായി നിലനിന്ന നേപ്പാളുമായുള്ള സാഹോദര്യബന്ധം ഇന്ത്യ പെട്ടെന്ന് ഉപേക്ഷിച്ചു. നേപ്പാളിനെ ശത്രു പാളയത്തിലേക്ക് വലിച്ചെറിയുന്നതായി കരസേനാമേധാവി എം.എം നരവാനെ മെയ് 15ന് നടത്തിയ പ്രസ്താവന. ‘നേപ്പാളിനെ അസ്വസ്ഥമാക്കുന്നത് യഥാര്‍ഥത്തില്‍ എന്താണെന്ന് അറിയില്ല. മറ്റാരുടെയോ പ്രേരണകൊണ്ടാണെന്ന് വിശ്വസിക്കാന്‍ കാരണമുണ്ട്’ – കരസേനാ മേധാവി ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഇരുരാജ്യങ്ങളെ മാത്രമല്ല, ഇരുസൈന്യങ്ങളെയും ഞെട്ടിപ്പിക്കുന്നതായി ഈ പ്രസ്താവന. ഒരു സൈനിക മേധാവി ഒരിക്കലും നടത്താന്‍ പാടില്ലാത്ത രാഷ്ട്രീയ പ്രസ്താവന മാത്രമായിരുന്നില്ല അത്. ഏഴാമത് ഗൂര്‍ഖാ റജിമെന്റ് അടക്കം ഇന്ത്യന്‍ കരസേനയുടെ 30 യൂണിറ്റുകളില്‍ 30,000 ലേറെ നേപ്പാളി ഭടന്മാരുണ്ട്. ഇന്ത്യന്‍ സൈനിക മേധാവി നേപ്പാള്‍ കരസേനയുടെ ബഹുമാന്യ മേധാവികൂടിയാണ്.

അയല്‍പക്കത്തെ ചെറുരാജ്യങ്ങളുടെ വിശ്വാസവും വികാരവും മാനിക്കാതെ ഉടമ്പടിയും വിദേശ രാഷ്ട്രബന്ധങ്ങളുമായി മുന്നോട്ടുപോകുന്നതാണ് മുന്‍കാലങ്ങളില്‍നിന്ന് ഭിന്നമായി മോദിയുടെ നയം. ഇത് കരസേനാ മേധാവി പ്രകടിപ്പിച്ചത് ചൈനയുമായി നേപ്പാള്‍ അടുക്കുന്നു എന്ന ഭീതിയുടെ പ്രകടനമാണ്. നേപ്പാളിന്റെ പരമാധികാരത്തെ ഇന്ത്യ മാനിക്കണമെന്ന് ഉപപ്രധാനമന്ത്രിയും നേപ്പാള്‍ സേനാ മേധാവിയുമായ ഈശ്വര്‍ പൊക്രേല്‍ തിരിച്ചടിച്ചതിന്റെ സന്ദേശം വ്യക്തമാണ്.

കമ്മ്യൂണിസ്റ്റ് വിരുദ്ധ സഖ്യമെന്ന നിലയിലാണ് അമേരിക്ക ജി 7 കൂട്ടായ്മ മുന്‍പ് രൂപീകരിച്ചത്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ യെല്‍റ്റ്‌സിന്റെ റഷ്യയെ അതില്‍ ചേര്‍ത്തു. പിന്നീട് പുറത്താക്കി. ഇപ്പോള്‍ ചൈനക്കെതിരേ റഷ്യയെയും ഇന്ത്യയെയും ഉള്‍പ്പെടുത്തി ജി-7 വിപുലീകരിക്കാന്‍ ട്രംപ് ഏകപക്ഷീയമായി നീങ്ങുന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച പുതിയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ജി-7 ലെ ജര്‍മ്മനിയും ഫ്രാന്‍സും ട്രംപില്‍നിന്ന് അകന്നിരിക്കുകയാണ്. ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെയും വൈമുഖ്യം കാരണം മാറ്റിവെച്ച ജി-7 ഉച്ചകോടി തന്റെ തെരഞ്ഞെടുപ്പിനു മുന്‍പ് നടത്താനുള്ള ശ്രമത്തിലാണ് ട്രംപ്.

അറ്റകൈക്ക് ട്രംപ് പുറത്തെടുക്കുന്നതാണ് മധ്യസ്ഥത എന്ന ഒറ്റയാന്‍ നയതന്ത്രം. ദക്ഷിണ കൊറിയക്ക് പുറമെ കശ്മിര്‍ പ്രശ്‌നത്തിലും ഈയിടെ ട്രംപ് മധ്യസ്ഥത പ്രഖ്യാപിച്ചിരുന്നു. ചൈനയുമായുള്ള തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുമായി ട്രംപ് ടെലഫോണില്‍ സംസാരിച്ചിട്ടേയില്ലെന്ന് വിദേശവക്താവാണ് വിശദീകരിച്ചത്. പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ ട്രംപിന്റെ അവകാശവാദം നിഷേധിച്ചിട്ടില്ല. മോദിക്കും അമിത് ഷായ്ക്കും അനഭിമതനായ രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിങ് ഈ പ്രശ്‌നത്തില്‍ രംഗത്തുവന്നു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ നയതന്ത്രതല സംവിധാനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് മോദി ഗവണ്‍മെന്റിലും വിദേശ നയത്തോട് വൈരുദ്ധ്യം പുലര്‍ത്തുന്നവരുണ്ടെന്ന് രാജ്‌നാഥിന്റെ സ്വരം വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.