2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പ്രളയം പടിയിറങ്ങി; ഇനി പകര്‍ച്ചവ്യാധിയെ സൂക്ഷിക്കുക

ഡോ. കെ.ജി സജിത്ത് കുമാര്‍ (സൂപ്രണ്ട്, കോഴിക്കോട് മെഡിക്കല്‍ കോളജ് )

ഡോ. കെ.ജി സജിത്ത് കുമാര്‍ (സൂപ്രണ്ട്, കോഴിക്കോട് മെഡിക്കല്‍ കോളജ് )

കൂട്ടായ പരിശ്രമത്തിലൂടെ നമ്മള്‍ മഹാ പ്രളയത്തെ അതിജീവിച്ചിരിക്കുന്നു. ഇനി കരുതിയിരിക്കേണ്ടത് പകര്‍ച്ചവ്യാധികളെയാണ്. ആവശ്യമായ മുന്‍ കരുതലെടുത്തില്ലെങ്കില്‍ ഒരുപക്ഷെ പ്രളയത്തെക്കാള്‍ രൂക്ഷമായ മഹാ മാരിയെ നമ്മള്‍ക്ക് നേരിടേണ്ടി വന്നേക്കാം. ശക്തമായ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് വീടുകളിലെ മാലിന്യ ടാങ്കുകളും കക്കൂസ് ടാങ്കുകളും ഡ്രൈനേജുമാണ് വെള്ളത്തോടൊപ്പം പരന്നൊഴുകിയത്. ഇത് കിണര്‍ വെള്ളത്തില്‍ കലര്‍ന്നത് രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈവെള്ളം കുടിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും പച്ചക്കറികള്‍ കഴുകാനുപയോഗിക്കുന്നതും പലവിധ രോഗങ്ങള്‍ക്കും കാരണമാകും. വെള്ളം പിന്‍വാങ്ങുമ്പോള്‍ ഏറെ കരുതിയിരിക്കേണ്ടത് എലിപ്പനിയെതന്നെയാണ്. 

അഴുക്ക് വെള്ളത്തില്‍ ഇറങ്ങിയവരും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടവരും ദുരിതാശ്വാസ ക്യാംപില്‍ കഴിന്നവരും നിര്‍ബന്ധമായി പ്രതിരോധ മരുന്ന് കഴിക്കണം. പ്രതിരോധത്തിനായി 200മില്ലിഗ്രാമിന്റെ ഡോക്‌സിസൈക്ലിന്‍ ആഴ്ചയില്‍ ഒരു തവണയാണ് കഴിക്കേണ്ടത്. എലിപ്പനിയെ തടഞ്ഞുനിര്‍ത്താന്‍ ഈ പ്രതിരോധ മരുന്ന് ഏറെ ഗുണം ചെയ്തതായി തായ്‌ലാന്റിലെ ഒരു പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കും എട്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഡോക്‌സിസൈക്ലിന്‍ നല്‍കാന്‍ പാടില്ല. ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് ശിശുരോഗ വിദഗ്ധന്റെ അനുമതിയോടെ 250മില്ലിഗ്രാമിന്റെ അസിത്രോമൈസിന്‍ നല്‍കാം.
പനി, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍, കണ്ണിന് ചുവപ്പ്, കടുത്ത ശരീര വേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. സംശയം തോന്നിയാലുടന്‍ ഡോക്ടറുടെ സഹായം തേടണം. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ഗുരുതരമായ ഹെപ്പറ്ററ്റിസ് എ ഹെപ്പറ്ററ്റിസ് ഇ പോലുള്ള രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. വയറിളക്കവും ടൈഫോയ്ഡും മറ്റ് കൊതുക് ജന്യ രോഗങ്ങളുംപടര്‍ന്ന് പിടിക്കാനുള്ള സാധ്യതയും തകളിക്കളയാനാവില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കിണര്‍ വെള്ളം പരിശോധിച്ച് അണുമുക്തമാക്കുകയും വേണം. തണുത്തതുംതുറന്നു വെച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഇത് കൂടാതെ ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്രളയ ബാധിത പ്രദേശത്ത് താമസിക്കുന്നവരുടെ വീടുകളും കെട്ടിടങ്ങളുമാണ്. ദിവസങ്ങളോളം വെള്ളം കെട്ടിനിന്ന് ജീര്‍ണ്ണിച്ച അവസ്ഥയിലുള്ള കെട്ടിടത്തില്‍ വെള്ളം പിന്‍വാങ്ങുമ്പോള്‍ താമസിക്കുന്നത് അപകടകരമാണ്.പ്രളയത്തിന് ശേഷം ഇത്തരം നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീര്‍ണാവസ്ഥയിലുള്ള വീടുകളിലെ താമസം അപകടം വരുത്തിവെക്കും.സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷമേ ഇത്തരം കെട്ടിടങ്ങളില്‍ താമസിക്കാവൂ. ഇത്തരം അപകടങ്ങളുമായി ആശുപത്രിയിലെത്തുമ്പോള്‍ അവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ മെഡിക്കല്‍ കോളേജുകളടക്കം എല്ലാ ആശുപത്രികളിലും സജ്ജീകരണമൊരുക്കിയിട്ടുണ്ട്. ദുരിതത്തില്‍ പെട്ടെത്തുന്നവര്‍ക്ക് സൗജന്യ ചികിത്സയാണ് നല്‍കുന്നത്. പണം ഈടാക്കിയവര്‍ക്ക് അത് തിരിച്ചു നല്‍കാന്‍ വികസന സമിതി തീരുമാനമെടുത്തിട്ടുണ്ട്.നിപ്പാക്ക് ശേഷം വലിയൊരു പ്രതിസന്ധിയെയാണ് നമ്മള്‍ കൂട്ടായ്മയിലൂടെ തരണം ചെയ്തത്.ഇതിന്റെ തുടര്‍ച്ചയായി ഉണ്ടായേക്കാവുന്ന പകര്‍ച്ച വ്യാധിയെന്ന മഹാവിപത്തിനെതിരെയും നമുക്ക് കൈകോര്‍ക്കാം.
തയാറാക്കിയത്: സലീം മൂഴിക്കല്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.