2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പ്രിയതരമായ് എഴുതുമ്പോള്‍

രോഗക്കിടക്കയിലുള്ളവരെ അതും കാന്‍സറുകാരെ ചുറ്റുമുള്ളവര്‍ എങ്ങനെയാകും നോക്കിക്കാണുക? ഉറപ്പായിട്ടും സഹതാപത്തോടെയായിരിക്കും. മാനസികമായും ശാരീരികമായും തളര്‍ന്നവര്‍ക്കു നാം സഹതാപം നല്‍കി വീണ്ടും വീണ്ടും തളര്‍ത്തിക്കളയും. എന്നാല്‍, ചുറ്റിലുമുള്ള അരോഗദൃഢഗാത്രര്‍ക്കു പോലും ഊര്‍ജം പകരുന്ന ഒരാളുണ്ട് കുറ്റിപ്പുറത്ത്. പേര് പ്രിയ ജി. വാര്യര്‍. മുന്‍പ് കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറുടെ വേഷത്തിലായിരുന്നു. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയില്‍. ഇടക്ക് കാന്‍സര്‍ വന്നു കൂടെക്കൂടി. അവളതു പുഞ്ചിരിയോടെ ഉടലില്‍ വഹിച്ചു. പ്രിയ ഇപ്പോള്‍ എഴുതിക്കൊണ്ടേയിരിക്കുകയാണ്. മുഖപുസ്തകം തുറന്നിട്ട ജാലകങ്ങളിലൂടെ ആ എഴുത്തുകള്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്നുണ്ട്. തളര്‍ന്നുകിടക്കുന്നവരില്‍ കൂടി അത് എഴുന്നേല്‍ക്കാനുള്ള ഊര്‍ജം നിറയ്ക്കും. പാതിവഴിയില്‍ വീണുപോയവര്‍ തങ്ങളുടെ ലോകം അവസാനിച്ചിട്ടില്ലെന്നു തിരിച്ചറിയും

 

 

 

കുറ്റിപ്പുറത്തുകാരിയാണ്, പുഴവാസിയാണ്, അമ്പലവാസിയായ വാര്യത്തെ കുട്ടിയാണ്, പരിസ്ഥിതിപ്രേമിയാണ്, ജീവകാരുണ്യപ്രവര്‍ത്തകയാണ് എന്നൊക്കെ പലപേരുകളില്‍ ആളുകള്‍ പരിചയപ്പെടുത്തുമെങ്കിലും പ്രിയ ഏവര്‍ക്കും പ്രിയപ്പെട്ടവളാണ് എന്ന ഒറ്റവിലാസത്തില്‍ മറ്റു വിശേഷണങ്ങളുടെ ഉടുപ്പുകളൊക്കെ അഴിഞ്ഞുവീഴും

 

അലിഫ് ഷാഹ്

 

രണ്ടൂസായി മൂപ്പര്‍ (കാന്‍സര്‍) വന്നുചോയ്ക്കാ പഴയകാല കാമുകനെപ്പോലെ…
അല്ലാ…. ഇയ്യെന്നെ മറന്നോന്ന്
‘അന്നെയൊക്കെ ആരോര്‍ക്കാന്‍… ഇവിടെ ജീവനാ വലുത്.. കൂടെയുള്ളവരുടെ ജീവന്‍’

രോഗപീഡകളോട് ബൈ പറഞ്ഞ് ലോകത്തെ അലിവോടെ നോക്കി ഇത്ര പ്രിയതരമായി എഴുതുന്നതാരാണ്. അവള്‍ക്കു പേര് പ്രിയ. പ്രിയ ജി. വാര്യര്‍ എന്നു മുഴുവന്‍ പേര്.
കുറ്റിപ്പുറത്തുകാരിയാണ്, പുഴവാസിയാണ്, അമ്പലവാസിയായ വാര്യത്തെ കുട്ടിയാണ്, പരിസ്ഥിതിപ്രേമിയാണ്, ജീവകാരുണ്യപ്രവര്‍ത്തകയാണ് എന്നൊക്കെ പലപേരുകളില്‍ ആളുകള്‍ പരിചയപ്പെടുത്തുമെങ്കിലും പ്രിയ ഏവര്‍ക്കും പ്രിയപ്പെട്ടവളാണ് എന്ന ഒറ്റവിലാസത്തില്‍ മറ്റു വിശേഷണങ്ങളുടെ ഉടുപ്പുകളൊക്കെ അഴിഞ്ഞുവീഴും.
മുന്‍പ് കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറുടെ വേഷത്തിലായിരുന്നു. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയില്‍ ജോലി ചെയ്യുന്നു. അതിനിടക്ക് കാന്‍സര്‍ വന്ന് താനും കൂടെ വരികയാണെന്നു പറഞ്ഞു. പ്രിയ പുഞ്ചിരിയോടെ അത് ഉടലില്‍ വഹിച്ചു. രോഗത്തിന്റെ ചില കുസൃതികള്‍, കീമോകാലം, ആശുപത്രിവാസം, യാത്രകള്‍… പ്രിയ എല്ലാം ആസ്വദിക്കുകയായിരുന്നു. വേദനകളെ ആനന്ദമാക്കുന്ന ഒരു മാന്ത്രികസിദ്ധിയുണ്ടായിരുന്നു പ്രിയയുടെ കൈയില്‍. അതിനാല്‍ എഴുത്തിന്റെ പൂത്തുമ്പികളെ തുറന്നുവിട്ടു ചുറ്റുമുള്ളവരെ വിസ്മയിപ്പിച്ച് പ്രിയ സ്വയം ഒരു ചിത്രവര്‍ണപ്പൂത്തുമ്പിയായി മാറി.
തോറ്റുകൊടുക്കാന്‍ കൂട്ടാക്കാത്ത ചില മനസുകളുണ്ട്. അവര്‍ പ്രളയകാലത്തും പുല്‍ക്കൊടിയായി ഉണര്‍ന്നുനിന്ന് സൂര്യനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മൊഴിയും, ഞാന്‍ ഇവിടെയുണ്ടെന്ന്. നഷ്ടപ്പെട്ട ദിനങ്ങളെ കുറിച്ചല്ല, നേടാനുള്ള നാളുകളെ കുറിച്ച് അവര്‍ വാതോരാതെ സംസാരിക്കും. ഉടലിന്റെ വേദനകള്‍ മറന്ന് അവര്‍ മറ്റുള്ളവര്‍ക്കായി ഒരു പുഞ്ചിരിപ്പൂവായി വിരിഞ്ഞുനില്‍ക്കും. തോല്‍വി ജാതകങ്ങളോട് ഇച്ഛാശക്തികൊണ്ടു പൊരുതും. വീണവരെ എഴുന്നേല്‍പ്പിച്ചുനിര്‍ത്തി കൂടെ യാത്രപോരൂ എന്നു ക്ഷണിക്കും. പുതിയ കിനാവുകളിലേക്കും പുതിയ ലോകത്തേക്കും ആനയിക്കും. രോഗം ഉടലിന്റെ ഒരു അവസ്ഥ മാത്രമാണെന്നും മനസാണു മുന്നിലേക്കുള്ള ചാലകശക്തിയെന്നും സ്വജീവിതത്തിലൂടെ ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും. എത്രകാലം ഭൂമിയില്‍ ജീവിക്കുന്നു എന്നതല്ല എത്രമേല്‍ ചുറ്റിലും വെളിച്ചമേകാന്‍ കഴിഞ്ഞു എന്നതിലാണ് ഓരോ ജീവിതവും പൂര്‍ണമാകുന്നത് എന്നു ജീവിച്ചു കാണിച്ചുകൊടുക്കും.

 

ഒരേയൊരു സ്വപ്നം

എല്ലാം പോസിറ്റിവായി കാണാന്‍ കഴിയുന്നിടത്താണ് പ്രിയ സമൂഹത്തിനു വായിക്കാനുള്ള ഒരു ജീവിതപുസ്തകമാകുന്നത്. കാന്‍സര്‍ വന്നു തൊട്ടുവിളിച്ചപ്പോഴാണു തനിക്കു ചുറ്റുമുള്ളവരുടെ സ്‌നേഹം എത്ര തീവ്രമാണെന്നു തിരിച്ചറിഞ്ഞതെന്ന് എഴുതാന്‍ കഴിയുന്നത് കാന്‍സറിനെ ഒരു രോഗമായി കാണാത്തതുകൊണ്ടാണ്. എഴുത്തില്‍ നിറയെ കുസൃതിക്കാരനായ ഒരു കൊച്ചുകുട്ടി മാത്രമാണ് പ്രിയക്ക് കാന്‍സര്‍. മരണം പോലും അവര്‍ക്കു മുന്നിലൊരു ഭീതിയല്ല. അത് ആര്‍ക്കും സംഭവിക്കുന്ന ഒരു സ്വാഭാവിക പരിണാമം മാത്രം. ജീവിച്ചിരിക്കുമ്പോള്‍ എങ്ങനെയാവുക എന്നുള്ളതില്‍ മാത്രമാണു കാര്യം. അതിനാല്‍ പ്രിയ ഇങ്ങനെ കുറിക്കുന്നു:
എനിക്കൊരു സ്വപ്നമുണ്ട്… ഇതു മാത്രമാണെന്റെ സ്വപ്നം എന്നല്ല… അതെനിക്കു കാണാന്‍ കഴിയില്ല… ന്നാലും അവസാന ശ്വാസം ഈ സ്വപ്നത്തിലൂടെ ആയിരിക്കും… ഇവര്‍ക്കെല്ലാമതു കാണാം…
മുസല്ലക്കു മീതെ വീഴുന്ന ആത്മശുദ്ധിയുടെ കണ്ണീരിന്.. മതിലുകളില്‍ അതിര്‍ത്തി വേണ്ടാത്ത സീയൂസി ദേവന്.. തൊട്ടുപ്രാര്‍ഥിക്കുന്നത് എന്തിനെന്നറിയാത്ത സ്വര്‍ണഗോപുരത്തിന്… പ്രാണനില്‍ പ്രാണനാം ഓരത്തുനില്‍ക്കുന്ന കൂട്ടാളികള്‍ക്ക്.. കള്ളക്കര്‍ക്കിടകത്തെ വരവേല്‍ക്കുന്ന കല്‍വിളക്കിന്..
‘അവളെവിടെ’ എന്നു തിരക്കുന്നോര്‍ക്ക്.. ‘അവളൊരു ദുഷ്ട, അവളൊരു പാവം’ എന്നു പറയുന്നോര്‍ക്ക്.. പാതിരാത്രിയും കൂട്ടിരിക്കുന്ന നക്ഷത്രങ്ങള്‍ക്ക്.. ‘ചുംബിച്ച ചുണ്ടുകള്‍ക്കു വിടതരിക’ എന്നു പറഞ്ഞ ലോലയുള്‍പ്പെടുന്ന പുസ്തകക്കെട്ടുകള്‍ക്ക്.. നാണയങ്ങള്‍ക്കു പകരം നാണ്യങ്ങള്‍ തിന്നുന്ന പക്ഷികള്‍ക്ക്.. അകിടു നിറയവെ കിടാവിനെ തിരയുന്ന തള്ളപ്പയ്യിന്… ദക്ഷിണ കൊടുത്താലും വേണ്ടാത്ത ‘മ്പ്രാന്തിരി’മാര്‍ക്ക്..
‘കാരണവരങ്ങനെയായാല്‍ കുഞ്ഞുങ്ങളിങ്ങനെ’ എന്നു ചൊല്ലുന്ന വഴിതെറ്റിയ കീടങ്ങള്‍ക്ക്.. ചളിവരമ്പില്‍നിന്നു വഴുതി വീണ മഴത്തുള്ളികള്‍ക്ക്.. വയറിങ്ങിനും അട്ടത്തുനിന്നും കരിയെടുക്കുന്ന വയര്‍ നിറയാത്ത ജന്മങ്ങള്‍ക്ക്.. എഴുതിത്തീരാത്ത മെഴുകുതിരി പോലുള്ള ജപമണികള്‍ക്ക്.. കാത്തിരിപ്പ് സഹിക്കാന്‍ വയ്യാതെ നിക്കുന്ന വെട്ടിക്കൂട്ടിയ ചന്ദനമരങ്ങള്‍ക്ക്.. ‘മഴ പോല്‍ സ്‌നേഹം’ എന്നോതുന്ന സുഹൃത്തുക്കള്‍ക്ക്..
ഇനിയെന്റെ സ്വപ്നം പറയാം…. ഇതു മാത്രമാണ് ഒരേയൊരു സ്വപ്നം..
ഒരൊറ്റ വാഴയില്‍ എന്നെ കിടത്തി ന്റെ ശരീരം തൂവെള്ള തുണിയില്‍ പുഞ്ചിരിയുള്ള മുഖവും മനസുമായി കിടക്കുമ്പോള്‍ ആകാശത്തേക്കു വെടിയുതിര്‍ക്കണം… ആചാരവെടി… എന്നിട്ടേ അവസാന ശ്വാസമെടുക്കൂ.. ഇനി അതെങ്ങാന്‍ കേള്‍ക്കാന്‍ പറ്റീല്ലെങ്കില്‍ അടുത്തടുത്തുള്ള പീക്കിരി ഗജ പോക്കിരി പിള്ളേരെക്കൊണ്ട് തിരപ്പടക്കം ങ്കിലും പൊട്ടിക്കും’

 

ആത്മാവിന്റെ അക്ഷരങ്ങള്‍

ഏതൊരു എഴുത്തിനെയും വിശുദ്ധമാക്കുന്ന ഒരു ആധ്യാത്മികതയുണ്ട് പ്രിയയുടെ എഴുത്തുകളില്‍. ചിലപ്പോള്‍ ദൈവവുമായി കലഹിക്കുന്ന വിപ്ലവകാരി. മറ്റു ചിലപ്പോള്‍ ആത്മാവിനെ ചേര്‍ന്നു പുണരുന്ന കാമുകഭാവം. ചിലനേരം ദൈവമാകും പ്രിയക്കുമുന്നിലെ രോഗി. അന്നേരം അവള്‍ ദൈവത്തെ പരിചരിക്കുന്നവളാകും. മറ്റുചിലപ്പോള്‍ തന്നെ പരിചരിക്കുന്ന ആത്മീയസാന്നിധ്യമായി വന്നു നിറയുന്ന അദൃശ്യശക്തി..

അന്നേരം പ്രിയ ഇങ്ങനെയെഴുതും:
‘മഴത്തുള്ളികള്‍ ഇറ്റിറ്റ് എന്നിലേക്കിറങ്ങുമ്പോള്‍ കാര്‍മേഘങ്ങളുടെ ഇരുണ്ട വാതിലുകള്‍ തുറന്ന് നനുത്ത തൂവല്‍ കെട്ടുപോലെ ഭൂമിയുടെ മടിത്തട്ടിലേക്കിറങ്ങുന്ന നിന്നില്‍ കളങ്കമില്ലാത്ത ചൈതന്യം എന്നിലേക്കടുക്കുന്നുണ്ടോ… നീയിങ്ങടുത്ത് വരുമ്പോള്‍ മന്ത്രിക്കുന്നത് എന്തു രഹസ്യമാണ്. നിന്നെ കാണാന്‍ മാത്രമാണ് ഞാന്‍ വന്നതെന്നോ.. ഓര്‍മകള്‍ക്കു മഴവില്ലിന്റെ നിറം നല്‍കാന്‍ നിന്നെ പ്രണയിക്കുന്ന എന്റെ മുറിവുകള്‍ ഉണക്കാന്‍ സഹായിക്കുന്ന പാഴ്‌ചെടിയായ ‘അപ്പ’ക്കും ജീവന്‍ നല്‍കുന്നത് നീയല്ലേ.. വാര്‍ധക്യത്തിന്റെ സഹിക്കാന്‍ പറ്റാത്ത മരണഭയത്തിന്റെ ചൂടിന് തണുപ്പേകാന്‍ കഴിയുന്നത് നിനക്കു മാത്രമല്ലേ… മുറ്റത്തെ തുളസിക്കും മോഹണ്ടാവും നിന്നെ പുണര്‍ന്നു തൊട്ടടുത്ത മെഴുകിത്തീര്‍ത്ത മണ്ണിലേക്കു കുതിക്കാന്‍.. എത്ര പിണക്കമുണ്ടായാലും കാലം തെറ്റിയാണെങ്കിലും എന്നിലേക്കെത്തുന്ന നീ പ്രണയമഴ തന്നെയാണ്…
ഇനി യാഥാര്‍ഥ്യം പറയാം..
മഴക്കാലത്ത് മുണ്ടുകള്‍ ഉണങ്ങാതെ കരിമ്പന പിടിച്ച് അയയില്‍ തൂങ്ങിക്കിടക്കുമ്പോള്‍ തലേ ദിവസത്തെ മഴവെള്ളം ചോര്‍ന്നൊലിച്ചു കുളമായി കിടക്കുന്നതു തുണികള്‍ കൊണ്ടു പിഴിഞ്ഞ് ഒഴിക്കായിരിക്കും കുടുംബനാഥ. അതിരാവിലെ വിളക്ക് കത്തിക്കുന്നതിനുമുന്‍പുള്ള സ്ഥിരം കാഴ്ചയായിരുന്നു ഇത്. തലേദിവസം പറമ്പില്‍ പോയി പെറുക്കിയെടുത്ത മഞ്ചാടിക്കുരു വെള്ളത്തില്‍ അവിടവിടെയായി ഒലിച്ചുനടക്കുന്നതു കാണാം വെള്ളം തളംകെട്ടി നില്‍ക്കുന്ന എടനാഴികയില്‍. മണ്ണെണ്ണ വിളക്കിന്റെ തിരിനാളത്തില്‍ വെള്ളം അകത്തുനിന്നു പുറത്തേക്ക് ‘പൊട്ടി’യെ പുറത്താക്കുന്നതുപോലെ പുറത്തെറിയുമ്പോള്‍ തെളിഞ്ഞുനില്‍ക്കുന്ന വിളക്കിന്റെ അരികിലുള്ള മഷിക്കട്ട കൂടി തെറിച്ചുപോയിട്ടുണ്ടാവും. പാവം… വെളിച്ചം പകര്‍ന്നുതന്നിട്ട് അവസാനം ഒരു കാരണവുമില്ലാതെ. വിറകുകൊള്ളി കത്താതെ പുകഞ്ഞുകൊണ്ടിരിക്കുന്ന അടുപ്പില്‍ പോലും അന്ന് അരിയിട്ടിരുന്നത് അടുപ്പിനു ചുറ്റും മൂന്നുവട്ടം വലംവച്ച കുഞ്ഞരിമണികള്‍ അടുപ്പിലേക്കിട്ട് പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു… ‘ന്തിനാ ങ്ങനെ ചെയ്യുന്നത് ‘ ന്ന് ചോദിച്ചാല്‍ മുന്നില്‍ വിശന്നുവരുന്ന ആര്‍ക്കും ഭക്ഷണം കൊടുക്കണമെന്നായിരുന്നു. അത് അഗ്നിക്കായാലും. മഴക്കാലമായതുകൊണ്ട് മുറ്റത്തുനിന്നു കരിക്കുന്നന്‍ വരാന്തക്കടുത്തുള്ള ചെറുനാളങ്ങളില്‍ കേറിയൊളിച്ച് എന്നെ പേടിപ്പിക്കാറുണ്ട്. എത്ര മഴ പെയ്താലും വാര്യത്തിന്റെ ഉമ്മറപ്പടി കഴുകാന്‍ മറക്കാറില്ല. പഴയകാലം മറക്കരുതെന്ന് ഓര്‍മിക്കുന്നതുപോലെ. ഓരോ നിമിഷവും ഒരുപാട് അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്ന ബാല്യകാലം…
യാഥാര്‍ഥ്യം ങ്ങനെയാണ്… ചില മനുഷ്യരെപ്പോലെ..

 

പുഴയൊരു കൂട്ടുകാരി

പുഴ വല്ലാത്തോരു ബിംബമാണ് പ്രിയയുടെ എഴുത്തുകളില്‍. അല്ലെങ്കിലും നിളയുടെ അക്കരെനിന്ന് ഇക്കരെയിലേക്കു പുതുപെണ്ണായി വന്നവള്‍ക്ക് ഉള്ളില്‍ ഒരു പുഴ ഇല്ലാതിരിക്കുവതെങ്ങിനെ! പുഴയുടെ അക്കരയിലെ കുമ്പിടിക്കടുത്തുനിന്നാണ് കുറ്റിപ്പുറത്തേക്ക് പ്രിയ വരുന്നത്.
നിറഞ്ഞൊഴുകുന്ന പുഴയേ… കാലം കാത്തുരക്ഷകാ… ‘നിക്ക് വേണ്ടി അല്‍പനേരം തരാമോ..’
‘ല്ല്യ നില്‍ക്കാന്‍ സമയമില്ല’
‘കുറച്ചുനേരം മതി.. കണ്ടില്ലേ, നിന്റെ ഒഴുക്കിനെക്കാള്‍ വേഗത്തില്‍ ന്റെ കണ്ണീര്‍ വീഴുന്നത്..’
‘നിനക്കിന്ന് ആരേം കിട്ടിയില്ലേ… തടഞ്ഞുനിര്‍ത്തി സംസാരിക്കാന്‍..’
‘ന്നാ വേണ്ട ങ്ങള് പൊയ്‌ക്കോളിം.. ഞാനിവിടെ നിന്നരികിലുള്ള ദൈവത്തോട് സംസാരിക്കാം..’
‘നിനക്ക് മനുഷ്യരാരും കൂട്ടില്ലേ….’
‘ന്തിന് കൂട്ടുകൂടണം… അവസാനം ഞാനലിയേണ്ടത് നിന്റെ മടിയിലല്ലേ..’
‘ഞാന്‍ വറ്റിവരണ്ടിരിക്കുമ്പോള്‍ എന്നോട് നീ കൂട്ടുകൂടിയിട്ടില്ലല്ലോ..’
‘ല്യാ.. മനുഷ്യരങ്ങനെയാ… ശ്മശാനത്തിനു കൂട്ടുനില്‍ക്കാറില്ല..’
‘ഞാനാരേം ദഹിപ്പിച്ചിട്ടില്ലല്ലോ, ശ്മശാനമാകാന്‍…!!’
‘ഹ ഹ.. അപ്പൊ ങ്ങള്‍ക്ക് ആഗ്രഹംണ്ടല്ലേ ആരേങ്കിലും പുഴയില്‍ എരിഞ്ഞടക്കണമെന്ന്… നടക്കൂല്ല.. ഒട്ടും നടക്കൂല്ല… ഞങ്ങള്‍ക്കിഷ്ടല്ല ഞങ്ങള്‍ക്ക് വേണ്ട മണലില്‍ അഗ്നിയുടെ ചൂടുപടര്‍ത്താന്‍..’
‘നിങ്ങളെന്തിനാ മണലെടുത്ത് എന്നെ നശിപ്പിക്കുന്നത്..?’
‘അയ്യേ… ങ്ങള് ങ്ങനെ കരയല്ലീം.. ങ്ങളെന്താ നിക്ക് പഠിക്കാണോ..’
‘എന്നെ പഠിപ്പിക്കാന്‍ ആരും ണ്ടായിരുന്നില്ല… എവിടേക്ക് ഒഴുകണമെന്നോ… എങ്ങനെ പോണമെന്നോ.. എനിക്കുമാത്രം ആരൂല്യ ഒന്നും പറഞ്ഞുതരാന്‍..’
‘അല്ല ങ്ങള് ഒഴുകിക്കോളിം.. വൃക്ഷങ്ങളുടെ തണല്‍പറ്റി ശാന്തമായി ഒഴുകിക്കോളിം’
‘പറ്റില്ല…. എനിക്കിപ്പോള്‍ സംസാരിക്കണം… എന്റെ സങ്കടങ്ങള്‍ പറഞ്ഞുതീര്‍ത്ത് ശാന്തമായി ഒഴുകണം..’
തൊട്ടടുത്തുള്ള പ്രാര്‍ഥനാലയത്തിലേക്കു നോക്കി മനസില്‍ പറഞ്ഞു: ‘ഒന്നിങ്ങട്ട് ഇറങ്ങിവന്ന് ഇവിടൊന്ന് കൂട്ടിരിക്കൂ…’ അല്ലേല്‍ വേണ്ട… പരിഹാരമുള്ള കാര്യത്തിനും പരിഹാരമില്ലാത്ത കാര്യത്തിനും മനസിന്റെ ശാന്തതയ്ക്കു കൂട്ടുനില്‍ക്കുന്നയാളെ വിളിച്ചുവരുത്തുന്നത് ശരിയല്ലല്ലോ…
ഇറ്റിറ്റുവീഴുന്ന ഓരോ മഴത്തുള്ളികളും കാടിറങ്ങിവരുന്ന ചോലകളും പരസ്പരം കൂട്ടുകൂടി പരിഭവമോ പരാതിയോ പറയാതെ താളംവച്ച് ഓളത്തില്‍ കടലമ്മയെ പുണരുന്നതു സ്വസ്ഥമായി മയങ്ങാനാണ്. മനുഷ്യന്റെ വാര്‍ധക്യം പോലെ. നമ്മളില്‍ ഓരോരുത്തരും ഓരോ മഴത്തുള്ളികള്‍ ആയിരിക്കുമ്പോള്‍ മത്സ്യങ്ങളെ തൊട്ടറിഞ്ഞും പുല്‍നാമ്പുകളെ ചുംബിച്ചും വെള്ളാരങ്കല്ലുകളുടെ ഭംഗി ആസ്വദിച്ചും പാറക്കെട്ടുകള്‍ക്കിടയിലൂടെ ശരീരമാകെ മുറിഞ്ഞു കയറിയിറങ്ങിയും പൂക്കളോടു സല്ലപിച്ചും പ്രകൃതിയെ തൊട്ടറിഞ്ഞ് ങ്ങനങ്ങനെ കടലിന്റെ അടിത്തട്ടിലെ വര്‍ണക്കാഴ്ചകളുടെ മനോഹാരിതയില്‍ ‘ഞാന്‍’ എന്ന ഭാവമില്ലാതെ നമ്മള്‍ എന്ന അറിവിലേക്കായിരിക്കാം എത്തിച്ചേരുന്നത്…’

 

ഫെമിനിസ്റ്റ്

പൂവിനെ കുറിച്ചും മഞ്ഞുകാലത്തെ കുറിച്ചും ആര്‍ദ്രമായ മഴചുംബനങ്ങളെ കുറിച്ചും എഴുതുന്ന പ്രിയയെ മറ്റു ചിലപ്പോള്‍ സമൂഹത്തിന്റെ പുരുഷാധിപത്യ മനോഭാവങ്ങള്‍ക്കുനേരെ ചമ്മട്ടിയുമായി ഇറങ്ങുന്ന വിപ്ലവകാരിയായും കാണാം. മുഖ്യധാര നമുക്ക് പരിചയപ്പെടുത്തിയ ‘വാനിറ്റി ഫെമിനിസ്റ്റ് ‘ എന്ന് അതിനെ ഒതുക്കിക്കെട്ടാനാവില്ല. കുലസ്ത്രീ പട്ടങ്ങളെ പൊട്ടിച്ചെറിഞ്ഞ് അന്നേരം പ്രിയ മറ്റൊരാളായി മാറും.
‘അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞു നിലപാടുകളെ മുറുകെപ്പിടിച്ചു മുന്നേറുന്ന സ്ത്രീത്വത്തെ സ്വന്തം വ്യക്തിതാല്‍പര്യങ്ങള്‍ക്കനുസരിച്ചു വിലകുറച്ചു കാണുക എന്നതു പുതിയൊരു ലഹരിയാണ്… ലഹരിക്കെതിരേയും സ്ത്രീകളെ ബഹുമാനിക്കുന്നതിനും അടിത്തറപാകി മര്യാദയുടെ പാഠം തുടങ്ങേണ്ടത് വീട്ടില്‍നിന്നു തന്നെയാണ്. വീട്ടിലൊരു അന്യസ്ത്രീയെ പറ്റി മോശം വാക്കുകള്‍ പറഞ്ഞാല്‍ അവിടെ തന്നെ നാവടപ്പിക്കണം. അതെന്തു വിഷയമായാലും. വീട്ടില്‍ പ്രോത്സാഹനം കൊടുത്താല്‍ അതു ചെറിയ ഗ്രൂപ്പുകളിലേക്കും പിന്നീട് വലിയൊരു സമൂഹത്തിലേക്കും എത്തിച്ചേര്‍ന്നിരിക്കും. പ്രതികരിക്കുന്നവരെ എതിര്‍ത്തുസംസാരിക്കാന്‍ എന്തധികാരവും കാണിക്കുന്നവര്‍… ഖേദകരം തന്നെ.
വിഹിതമല്ലാത്ത ഏതൊരു ബന്ധത്തിന്റെയും തുടക്കം ‘നീ എന്റെ മോളെ പോലെയാണെന്നും’ ഒടുക്കം ‘നീ നിന്റെ മോളെ ഓര്‍ക്കണമായിരുന്നില്ലേ’ എന്നുമായിരിക്കും. ഇതുമൊരു ലഹരിയാണ്. അന്ത്യമിടേണ്ടതും അവസാനിപ്പിക്കേണ്ടതുമായ ലഹരി. അവസാനിപ്പിക്കണം മനസിനെയും സമൂഹത്തെയും ദുഷിപ്പിക്കുന്ന ലഹരിയുടെ വിത്തുകള്‍. ഒരിക്കലും മുളക്കാത്ത വിത്തുകളെ പോലെ. ഈ ലോകം തന്നെ വീടെന്ന ചിന്ത വരേണ്ടിയിരിക്കുന്നു..’

 

പ്രളയഭൂമിയില്‍

ജീവിതത്തിലേക്ക് ഇടക്കു കയറിവന്ന അര്‍ബുദത്തെ കുറിച്ചു തന്നെ പ്രിയ എത്ര എഴുതിയിരിക്കുന്നു.
‘കീമോ ചെയ്യുന്നതിനിടയില്‍ മുടി പോകുന്ന ആനന്ദകരമായ നിമിഷത്തില്‍ എന്തു ചെയ്യും…?’
‘വിഗ് വെക്കും’
‘ന്തിന്…?’
‘അഭിനയിക്കാന്‍’
രോഗം ശരീരത്തില്‍ എവിടെയോ ഉണ്ടെന്ന ഒരു തോന്നല്‍ മാത്രമാണ് അവര്‍ക്ക്. കാന്‍സര്‍ രോഗത്തോടു കിന്നരിച്ചുനില്‍ക്കാന്‍ എവിടെ നേരം? പ്രളയക്കെടുതിയില്‍ നാട് ഓടുമ്പോള്‍ കൂടെയോടാന്‍ പ്രിയയുമുണ്ടായിരുന്നു. അപ്പോഴൊക്കെ കാന്‍സര്‍ ഒന്നു വഴിമാറിക്കൊടുക്കും. കാന്‍സറിനറിയാം അതിനു കീഴടക്കാന്‍ കഴിയുന്ന ഒരു ജീവിതമല്ല പ്രിയയുടേതെന്ന്.
പ്രിയ തന്നെ എഴുതുന്നു:
രാവിലെ മുതല്‍ പല ക്യാംപുകളിലും മറ്റു പ്രവര്‍ത്തനങ്ങളിലുമായി ങ്ങനെ നടക്കായിരുന്നു. ഒരു സ്ഥലത്തും ക്യാംപല്ല കണ്ടത്. നന്മയുള്ള കുറെ മനുഷ്യരെയാണ്.. എത്ര പേരാണെന്നറിയോ ഓരോരോ കാര്യങ്ങള്‍ക്കായി ഓടിനടക്കുന്നത്. എത്ര അനിയത്തിമാരും അനിയന്മാരുമാണെന്നറിയോ ഹൃദയത്തില്‍ തട്ടി വിഷമങ്ങള്‍ക്കിടയിലും പുഞ്ചിരി തൂകി പരസ്പരം സഹായിക്കുന്നത്. എത്രയെത്ര നന്മയുള്ള മനുഷ്യരാണെന്നറിയോ ക്യാംപുകളിലേക്ക് ഓടിവരുന്നത്, ഞാനെന്തു ചെയ്യണം എന്നു കണ്ണുകളിലൂടെ ചോദിച്ച്.
ക്യാംപുകളില്‍ കഴിയേണ്ടി വരുന്നത് നമ്മുടെ അതിഥികളാണ്. നമ്മളെ കൊണ്ടാവുന്നതു പോലെയൊക്കെ ഈ അതിഥികളെ നോക്കണം. ഇന്നു പോയിരുന്ന സ്ഥലത്തെല്ലാം ക്യാംപുകളിലേക്കു സഹായത്തിനായി വരുന്ന ഒരു വലിയ നന്മയുള്ള കൂട്ടത്തെയാണ് കണ്ടത്. നാളെ എന്റെ കൂടെയുണ്ടായിരുന്ന കണ്ടക്ടറുടെ കല്യാണമാണ്. ന്നാലും പോണില്ല. അവനറിയാം…. ന്നെ. നാളെയും രാവിലെ മുതല്‍ റെഡിയാണ് എന്നാലാവുന്നത് ചെയ്യാന്‍. എവിടേങ്കിലും വരണമെങ്കില്‍ അറീക്കുക..
രണ്ടൂസായി മൂപ്പര് (കാന്‍സര്‍) വന്നുചോയ്ക്കാ പഴയകാല കാമുകനെപ്പോലെ…
അല്ലാ… ഇയ്യെന്നെ മറന്നോന്ന്.
‘അന്നെയൊക്കെ ആരോര്‍ക്കാന്‍… ഇവിടെ ജീവനാ വലുത്.. കൂടെയുള്ളവരുടെ ജീവന്‍’
ഞാനും നിങ്ങളിലൊരാളാണ്…

 

സ്‌നേഹത്തണല്‍

കാന്‍സര്‍ പ്രിയക്ക് ലോകം കാണാനുള്ള ഒരു വാതില്‍ തുറന്നിടുകയായിരുന്നുവെന്നു പലയിടത്തും കുറിച്ചുവച്ചിട്ടുണ്ട്. പ്രിയക്കും പ്രിയപ്പെട്ടവനും ഇതു ലോകം ചുറ്റാനും പുതിയ കാഴ്ചകള്‍ കാണാനുമുള്ള കാരണങ്ങളില്‍ ഒന്നുമാത്രമാണ്. ആശുപത്രിവാസങ്ങളോ യാത്രകളോ അവരെ അലോസരപ്പെടുത്തുന്നതേയില്ല. പ്രിയയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍…

കുറേ വര്‍ഷങ്ങള്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരേ മുഖമാവുമത്രെ. എനിക്കിദ്ദേഹത്തിന്റെ മുഖമായാല്‍ മതി. 15 വര്‍ഷായി നന്മയുള്ളൊരാള്‍ കൂടെ കൂടിയിട്ട്. ന്റെ ആരാണെന്നു ചോദിച്ചാല്‍ പെട്ടെന്നൊരുത്തരം നല്‍കാന്‍ കഴിയില്ല. ആരൊക്കെയോ ആണ്. എന്റെ കല്യാണം പോലെ പുണ്യമായ പല വിവാഹങ്ങളും പിന്നീട് പലയിടത്തും കണ്ടിട്ടുണ്ട്. കല്യാണച്ചെലവിന്റെ കണക്കു വയ്ക്കാതെ എന്നെയിങ്ങു കൊണ്ടുവന്നപ്പോള്‍ തുടങ്ങിയതാണു താലിയുടെ മാഹാത്മ്യം.
കൂടെ ജീവിക്കാന്‍ മാത്രമല്ല എവിടേലും വീണുപോകുമ്പോള്‍ കൂടെ താങ്ങായി നില്‍ക്കാനും കൂടിയാണു ബന്ധം ആഴത്തിലിറങ്ങേണ്ടത്. ഒരിക്കല്‍ ചോയ്ച്ചിട്ടുണ്ട് ‘ങ്ങള്‍ക്ക് ന്നെ കെട്ട്യേതോണ്ടല്ലേ ഈ ഹോസ്പിറ്റലിലൊക്കെ ആവശ്യല്യാതെ ങ്ങനെ’
‘അതോണ്ടിപ്പെന്താ… കുറ്റിപ്പുറം വിട്ടൊരു ലോകമില്ലാത്ത എനിക്ക് ഹോസ്പിറ്റലിനായെങ്കിലും കുറെ സ്ഥലങ്ങള്‍ കാണാലോ…’
ന്നാലും ബല്ലാത്തൊരു ശെയ്ത്തായിപ്പോയി ന്റെ കാന്‍സറേ.. കെട്ട്യോനെ സ്ഥലങ്ങള് കാണിക്കാന്‍ ഇയ്യ് ഇമ്മാതിരി പണികള്‍ ചെയ്യാന്‍ പാടുണ്ടോ…
എന്റ സ്വാതന്ത്ര്യത്തിന്റെ അളവുകോല്‍ നിക്കു വിട്ടുതരുന്ന ഇദ്ദേഹത്തെ ഇപ്പൊഴും അറിയില്ല, എങ്ങനെ സ്‌നേഹിച്ചു തുടങ്ങണമെന്ന്… ത്രക്കും..

 

പള്ളിയില്‍ ബാങ്ക് വിളിക്കുമ്പോള്‍

പള്ളിയില്‍ ബാങ്കുകൊടുക്കുമ്പോള്‍ അമ്പലത്തിലേക്കു ജോലിക്കിറങ്ങുന്ന പ്രിയപ്പെട്ടവനെ കുറിച്ച് മറ്റൊരിടത്ത് പ്രിയ കുറിക്കുന്നുണ്ടു ചിലത്. അതില്‍ സ്വന്തം ജീവിതത്തെയും ചുറ്റുമുള്ളവരുടെ പ്രതീക്ഷകളെയും അവരുടെ സങ്കടങ്ങളെയും കുറിച്ചു വാചാലമാകുന്നുണ്ട്.
‘അല്ലാഹു അക്ബര്‍’
തൊട്ടടുത്ത പള്ളിയില്‍ ബാങ്കുവിളി കേള്‍ക്കുമ്പോള്‍ ഏട്ടന്‍ ജോലിക്കായി അമ്പലത്തിലെത്തിക്കാണും.
ഇന്നിപ്പോള്‍ ഇത്തിരി നേരത്തെ ഇറങ്ങണമായിരുന്നു ഏട്ടന് അമ്പലത്തിലേക്ക്… കര്‍ക്കിടകവാവല്ലേ.. അമ്പലത്തിനടുത്ത് പുഴക്കരികില്‍ ധാരാളംപേര്‍ വരും, മരിച്ചുപോയവര്‍ക്കായി ആത്മശാന്തി നല്‍കാന്‍. ശരിക്കും അവരവിടെ എത്തുന്നത് സ്വയം ആത്മശാന്തിക്കുവേണ്ടി മാത്രമാണ്.
മരിച്ചുപോയ ആരേലും കണ്ടാല്‍ ഒന്നു ചോദിച്ചുനോക്കാമായിരുന്നു, ഈ ദിവസം പതിവിലും കൂടുതല്‍ ആനന്ദകരമാകുന്നുണ്ടോന്ന്.. ങ്ങനെ തിരക്കിനടക്കുന്നതിനിടയില്‍ ഒരാത്മാവിനെ മുന്നില്‍ കിട്ടി… ‘അല്ലാ… ഇന്നു മാത്രം ന്താ വിശേഷം പ്രേതങ്ങള്‍ക്ക്..’
തിരിച്ചൊരൊറ്റ ചോദ്യം….
‘ഇയ്യ് ചത്താല്‍ അന്നെ എന്ത് ചെയ്യാനാ ഇഷ്ടം..’
‘ന്നെയോ..!! ഞാനെങ്ങാന്‍ തട്ടിപ്പോയാല്‍ ചെറുപ്പകാലത്ത് സാറ്റ് അപ് പറഞ്ഞ് കളിക്കുമ്പോള്‍ ഒളിച്ചിരുന്ന കല്ലുവെട്ടുമടയുണ്ട്, വാര്യത്തിന്റെ ഒരു മൂലയില്‍.. ഒരാള്‍ ഇറങ്ങിനില്‍ക്കാന്‍ പാകത്തില്‍ മാത്രം ആഴമുള്ള മട.. ത്തിരി മണ്ണ്. ആ കൈക്കോട്ടെടുത്തു മേലേക്കിട്ടാല്‍ അവിടെ കിടന്നോളും. സമാധാനായിട്ട്. ഇത്രേ വേണ്ടൂ.. ല്ലാവരും കരുതിക്കോളും ഒളിച്ചിരിക്കാണെന്ന്…’
‘എന്നിട്ട് ഇങ്ങനെയെല്ലാം ആവുമോ നടക്കാന്‍ പോണത്…’
‘ആയിരിക്കില്ല’
‘ആ… അതുതന്നെയാണ് ഞങ്ങള്‍ ആത്മാക്കള്‍ക്കും പറയാനുള്ളത് ‘
‘ഞങ്ങള്‍ ആഗ്രഹിക്കുന്ന ശാന്തി ഞങ്ങളെ വര്‍ഷത്തില്‍ ഓര്‍മിക്കുന്നതിനൊപ്പം ഞങ്ങടെ കൂടെയുണ്ടായിരുന്നവരെ ബഹുമാനിക്കുമ്പോഴും സ്‌നേഹിക്കുമ്പോഴുമാണ് ‘
അപ്പോള്‍ എവിടെയാണൊരാള്‍ മരിക്കുന്നത്… മരിക്കുന്നേയില്ല… ആത്മാവിന്റെ കൂടെ കോളജിലേക്കൊന്നു വന്നതാ.. പഠിച്ചിട്ട് മതിയാവാഞ്ഞിട്ടല്ല… ഇന്നിവിടെ 50 വര്‍ഷമായി പഠിച്ചിറങ്ങിയവരുടെയും പൊന്നാനിക്കാരുടെയും സംഗമമാണ്. ആത്മാവിനെക്കാള്‍ വല്യേ വായ്‌നോക്കിയാണ് ഞമ്മ.. ഇനീപ്പൊ എപ്പൊ തിരിച്ചിറങ്ങാണാവോ ഇവിടുന്ന്. എന്റെ ചുറ്റിനുമുണ്ട് ഞാന്‍ സ്‌നേഹിക്കേണ്ടവര്‍. മാനസിക അസ്വസ്ഥമായി നടക്കുന്ന ഉണ്ണിമ്മാമയെ പോലുള്ള ഒരുപിടി ആള്‍ക്കാര്‍. പക്ഷെ ഞാനൊന്നു മോചിതയാകുന്നേയുള്ളൂ. എന്നെ കാത്തിരുന്ന കര്‍ക്കിടകവാവിലെ ഇലയില്‍ നിറഞ്ഞു പരന്നുകിടക്കുന്ന ചെറിയ പൂക്കളില്‍നിന്ന്. ഒന്നു നടക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ… നടക്കുന്നുണ്ടെങ്കിലും എവിടെയും വീണുപോകാതിരിക്കാന്‍ കരുത്തുനേടുകയാണ്…

പ്രിയ എഴുതിക്കൊണ്ടേയിരിക്കുകയാണ്. മുഖപുസ്തകം തുറന്നിട്ട ജാലകങ്ങളിലൂടെ അതു ലോകം മുഴുവന്‍ സഞ്ചരിക്കുന്നുണ്ട്. തളര്‍ന്നുകിടക്കുന്നവരില്‍ കൂടി അത് എഴുന്നേല്‍ക്കാനുള്ള ഊര്‍ജം നിറയ്ക്കും. പാതിവഴിയില്‍ വീണുപോയവര്‍ തങ്ങളുടെ ലോകം അവസാനിച്ചിട്ടില്ലെന്നു തിരിച്ചറിയും. ഇരുള്‍ മേഘങ്ങള്‍ക്കിടയില്‍നിന്ന് ഒരു കുഞ്ഞുസൂര്യനെ നോക്കിക്കാണാന്‍ അതു ഭൂമിക്കു മിഴികള്‍ നല്‍കും. ‘ഇരിക്കാന്‍ സമയമില്ല, വരൂ’ എന്നു പറഞ്ഞു അലസജീവിതങ്ങളില്‍നിന്നു കര്‍മഭൂമിയിലേക്കു നമ്മെ വിളിച്ചിറക്കിക്കൊണ്ടുപോകും.
പ്രിയയുടേത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, അതിജീവനപോരാട്ടങ്ങളുടെ ഊര്‍ജമുള്ള എഴുത്തുകളാണ്. പ്രിയ പ്രിയതരമായി എഴുതിക്കൊണ്ടേയിരിക്കട്ടെ…

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News