2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഇന്ത്യയെ രക്ഷിക്കാന്‍ മുത്തശ്ശിയുടെ പാതയില്‍

#നവാസ് പൂനൂര്‍
8589984455

 

ദൈവനിഷേധം നടത്തുകയും യുവാക്കളെ വഴി തെറ്റിക്കുകയും ചെയ്‌തെന്ന കുറ്റം ചുമത്തി മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട സോക്രട്ടീസ് തന്റെ ജീവനെടുക്കേണ്ട വിഷം കുടിച്ചു തീര്‍ത്ത ശേഷം ശിഷ്യരെ നോക്കി ഇങ്ങനെ പറഞ്ഞു, ”ഇവിടെ എന്റെ ജീവന്‍ ബലിയര്‍പ്പിക്കപ്പെടുകയാണ്. പക്ഷേ, ഞാന്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആശയങ്ങള്‍ ഇല്ലാതാകുന്നില്ല. നിങ്ങളിലൂടെ അതു നിലനില്‍ക്കുക തന്നെ ചെയ്യും.”
ആ അവസാനവാക്കുകള്‍ ചരിത്രയാഥാര്‍ത്ഥ്യമായിരുന്നു. സോക്രട്ടീസിനെ ഇല്ലാതാക്കിയ ശക്തികള്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു വിഷം കൊടുക്കാനായില്ല. അതു സോക്രട്ടീസ് ജീവിച്ചിരുന്ന കാലത്തേക്കാള്‍ സമൂഹത്തെ സ്വാധീനിച്ചുകൊണ്ടിരുന്നു.
ഇന്ത്യയില്‍ ഇന്ദിരാഗാന്ധിയുടെ ജീവിതാവസാനവും സോക്രട്ടീസിന്റെ ജീവിതം ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു. സ്വന്തം അംഗരക്ഷകരാല്‍ വധിക്കപ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് അവര്‍ പറഞ്ഞത് തന്റെ ജീവന്‍ രാജ്യത്തിനു വേണ്ടി ബലിയര്‍പ്പിക്കേണ്ടി വന്നാലും ഈ ജനാധിപത്യ മതേതര രാജ്യം എക്കാലവും നിലനില്‍ക്കുമെന്നായിരുന്നു. ഇന്ദിരയ്ക്കു ശേഷം അവരുടെ മകന്‍ രാജീവ്ഗാന്ധിക്കും വിധ്വംസക ശക്തികള്‍ക്കെതിരായ സന്ധിയില്ലാത്ത പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു.
ആ രണ്ടു മരണങ്ങളും യാഥാര്‍ത്ഥ്യമായിരിക്കാം. അവരുടെ ജീവന്‍ കവരുന്നതില്‍ വിധ്വംസക ശക്തികള്‍ വിജയിച്ചിട്ടുണ്ടായിരിക്കാം. എന്നാല്‍, ഇന്ദിരാ പ്രിയദര്‍ശിനിയും രാജീവും കൊളുത്തി നല്‍കിയ ദേശാഭിമാനത്തിന്റെയും മതനിരപേക്ഷതയുടെയും ജനാധിപത്യബോധത്തിന്റെയും വെളിച്ചം ഇന്നും കെടാതെ നില്‍ക്കുന്നുണ്ട്. അതിനുശേഷം രാജ്യം എത്രയെത്ര പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ ഇരുളിന്റെ ആഴത്തെ കീറിമുറിക്കുന്ന ഉജ്ജ്വലജ്വാലയായി അവരുടെ ആശയങ്ങള്‍ നിലനില്‍ക്കുക തന്നെ ചെയ്യുന്നുണ്ട്. അവരേന്തിയ ദീപശിഖകള്‍ ഏറ്റുവാങ്ങി നാടിനെ നയിക്കാന്‍ പിന്മുറക്കാര്‍ എത്തിയിട്ടുണ്ട്.
ഇന്ദിരാഗാന്ധി കത്തിജ്ജ്വലിച്ചു നിന്ന കാലത്ത് രാഷ്ട്രീയത്തില്‍ തീര്‍ത്തും താല്‍പ്പര്യമില്ലാതെ മാറി നിന്നയാളായിരുന്നു രാജീവ്ഗാന്ധി. ഇന്ദിരയുടെ അപ്രതീക്ഷിത വേര്‍പാടില്‍ രാജ്യം പകച്ചു നിന്നപ്പോള്‍ സ്വജീവനെക്കുറിച്ചുപോലും ചിന്തിക്കാതെ രക്ഷാദൗത്യമേറ്റെടുത്തു രാജീവ്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയുടെ ചേതനയറ്റ ശരീരം സാക്ഷിയാക്കി അദ്ദേഹം പ്രതിജ്ഞയെടുത്തു, ‘അമ്മ നയിച്ച, ജീവാര്‍പ്പണം ചെയ്ത നാടിനുവേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ താനും തയാറാണെന്ന്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനായ ചെറുപ്പക്കാരനെന്നാണ് ലോകം രാജീവ്ഗാന്ധിയെ വിലയിരുത്തിയത്. അദ്ദേഹത്തിന്റെ കൈകളില്‍ ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും വികസനവും ഭദ്രമായിരുന്നു. അദ്ദേഹം ഇന്ത്യയെ ലോകത്തിലെ ഒന്നാംനിര ശക്തിയാക്കി മാറ്റുമായിരുന്നു. എന്നാല്‍, വിധ്വംസക ശക്തികള്‍ അതിന് അനുവദിച്ചില്ല. അദ്ദേഹത്തിന്റെ ജീവനും 1991 മെയ് 21 ന് അവര്‍ കവര്‍ന്നെടുത്തു. ആ ഘട്ടത്തിലും വിങ്ങിപ്പൊട്ടലിനിടയില്‍ ഓരോ ഇന്ത്യക്കാരനും ചോദിച്ചത് ഇനിയെന്ത്, ഇനിയാര് നമ്മെ നയിക്കുമെന്നായിരുന്നു. എല്ലാ കണ്ണുകളും തിരിഞ്ഞത് വിധവയായ സോണിയയിലേയ്ക്കായിരുന്നു. അധികാര രാഷ്ട്രീയത്തില്‍ അവര്‍ക്കു താല്‍പ്പര്യമുണ്ടായിരുന്നില്ല. രാഷ്ട്രീയത്തില്‍ നിന്നേ മാറിനില്‍ക്കാനാണവര്‍ തീരുമാനിച്ചത്. പകരം സംവിധാനം പാര്‍ട്ടിക്കും രാജ്യത്തിനും ഗുണം ചെയ്തില്ലെന്നു ചരിത്രം തെളിയിച്ചു. അങ്ങനെ സോണിയയെത്തന്നെ ജനങ്ങള്‍ ശരണം പ്രാപിച്ചു.
രാജീവിന്റെ വിധവയായി രാഹുലിന്റെയും പ്രിയങ്കയുടെയും മാതാവായി ഒതുങ്ങിക്കൂടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സമ്മതിച്ചില്ല. ജന്‍പഥിലെ പത്താം നമ്പര്‍ വസതിക്കു മുന്നില്‍ യാചനകളും അപേക്ഷകളുമായി അവര്‍ രാപ്പകല്‍ തിങ്ങിനിറഞ്ഞു. അവര്‍ക്കെല്ലാം ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, കോണ്‍ഗ്രസിനെയും രാജ്യത്തെയും രക്ഷിക്കണം. സീതാറാം കേസരി, കെ. കരുണാകരന്‍, മാധവറാവു സിന്ധ്യ, ജി.കെ മൂപ്പനാര്‍ എന്നിവരൊക്കെ സ്‌നേഹസമ്മര്‍ദം ചെലുത്തി.
ഒടുവില്‍ സോണിയയ്ക്കു രാഷ്ട്രത്തിന്റെ വിളി കേള്‍ക്കേണ്ടി വന്നു. തന്റെ കുടുംബം ഏതൊരു പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായാണോ സ്വയമര്‍പ്പിച്ചത് ആ പ്രസ്ഥാനത്തിന്റെ തളര്‍ച്ച നോക്കി നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍ 1998 മാര്‍ച്ച് 14 ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ സോണിയയെത്തി. വിമര്‍ശനങ്ങളെ അതിജീവിച്ച സങ്കീര്‍ണ്ണമായ ആ കാലഘട്ടത്തെ സധൈര്യം തരണംചെയ്തു സോണിയ. ഇന്ത്യയുടെ ആത്മചൈതന്യം അവര്‍ വീണ്ടെടുത്തു.
വിമര്‍ശകരുടെ വാക്കുകള്‍ അവഗണിച്ച് കേരളത്തിലെ മാതൃകയില്‍ അവര്‍ ദേശീയതലത്തില്‍ ഒരു മുന്നണി പരീക്ഷണം നടത്തി, ഐക്യ പുരോഗമന സഖ്യം. എട്ടുവര്‍ഷത്തെ ബി.ജെ.പി ഭരണത്തിനു തിരശ്ശീലയിട്ട് അധികാരം വെള്ളിത്തളികയില്‍ സോണിയാഗാന്ധിക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ യു.പി.എയ്ക്കു കഴിഞ്ഞു. ഇന്ത്യന്‍ ജനതയ്ക്കു മേല്‍ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവ് സോണിയാഗാന്ധിയാണെന്ന് അമേരിക്കയിലെ ടൈം മാഗസിന്‍ അഭിപ്രായപ്പെട്ടു.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ സോണിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാത്തിരുന്നവര്‍ ഞെട്ടിപ്പോയി. സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനായ ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ച് സോണിയ മാറിനിന്നു. വിമര്‍ശകര്‍ ഭസ്മമായി പോയി. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പോലും അന്നു സോണിയാഗാന്ധിയെ പ്രശംസിച്ചു. കൈപ്പിടിയില്‍ എത്തിയ അധികാരം ഇങ്ങനെ തട്ടിമാറ്റാന്‍ സോണിയ്ക്കല്ലാതെ മറ്റാര്‍ക്കു കഴിയും.
അകത്തളത്തിലെ തിളങ്ങുന്ന രണ്ടു കണ്ണുകള്‍ അന്നേ നമ്മുടെ മനസ്സിലുടക്കിയിരുന്നു. നീണ്ട മൂക്കും ജ്വലിക്കുന്ന കണ്ണുകളുമായി മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യമുള്ള പ്രിയങ്ക. ചുറുചുറുക്കും ഊര്‍ജ്ജസ്വലതയും ഉള്ള ആ പെണ്‍കുട്ടി പക്ഷേ ഒഴിഞ്ഞുമാറി. പൊതുവേ നാണംകുണുങ്ങിയായ സഹോദരന്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി പ്രവര്‍ത്തനമേല്‍പ്പിച്ചു. പ്രിയങ്ക വരാതിരുന്നപ്പോള്‍ നിരാശരായ പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം സഹര്‍ഷം സ്വാഗതം ചെയ്തു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വിനോടുള്ള ഇന്ദിരാഗാന്ധിയോടുള്ള രാജീവ് ഗാന്ധിയോടുള്ള ഇഷ്ടം സോണിയാഗാന്ധിയുടെ രാഹുല്‍ഗാന്ധിയില്‍ വന്നുനിന്നു. എ.ഐ.സി.സിയുടെ ജനറല്‍ സെക്രട്ടറിയും ഒടുവില്‍ കോണ്‍ഗ്രസ് പ്രസിഡണ്ടുമായി തീര്‍ന്ന രാഹുല്‍ ഗാന്ധി ഏറെ വൈകാതെ ആളാകെ മാറി മെയ് വഴക്കമുള്ള രാഷ്ട്രീയ നേതാവായി. ശത്രുപാളയത്തില്‍ ഞെട്ടലുണ്ടായെങ്കിലും പലരുമതു പുറത്തുകാണിക്കാതെ പിടിച്ചുനിന്നു.
കുടുംബജീവിതം പോലും മാറ്റിവച്ചു രാഷ്ട്രീയത്തിനു നീക്കിവെച്ചു രാഹുല്‍ തന്റെ ജീവിതം. പ്രിയങ്ക കുടുംബമായി മാറിനിന്നെങ്കിലും ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും എല്ലാം മറന്ന് ഓടിയെത്തും. തെരഞ്ഞെടുപ്പ് വീഥികളില്‍ പ്രചാരകയായി ഇറങ്ങും . രാജീവ്ഗാന്ധിയുടെ മകള്‍ക്ക്, സോണിയാഗാന്ധിയുടെ മകള്‍ക്ക്, ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിക്ക് എത്ര കാലം മാറി നില്‍ക്കാന്‍ കഴിയും. നെഹ്‌റു കുടുംബത്തില്‍ ജനിച്ച ആര്‍ക്കും ജീവിതം ഈ നാടിനു സമര്‍പ്പിക്കാതെ മാറിനില്‍ക്കാന്‍ കഴിയില്ല.
ഒടുവിലിതാ നമ്മുടെ പ്രതീക്ഷകള്‍ക്ക് വര്‍ണം ചാര്‍ത്താന്‍ പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് നിറഞ്ഞ മനസ്സോടെ കടന്നുവരുന്നു. രാജ്യം ഫാസിസ്റ്റ് ശക്തികളുടെ കരാളഹസ്തത്തില്‍ തകര്‍ന്ന് തരിപ്പണമായി പോകുന്നത് വേദനയോടെ നോക്കിനില്‍ക്കാന്‍ ഈ പെണ്‍കുട്ടിക്ക് കഴിയില്ല, കാരണം അവരുടെ സിരകളിലോടുന്ന രക്തം ഇന്ത്യന്‍ മതേതരത്വത്തിന്റെ രക്തമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ സാന്നിധ്യം ജനാധിപത്യ ചേരിക്കു വലിയ ശക്തി നല്‍കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ ജനതയെ പൊതുവിലും ഉത്തര്‍പ്രദേശ് ജനതയെ പ്രത്യേകിച്ചും പ്രിയങ്കയുടെ സാന്നിധ്യം സ്വാധീനിക്കുക തന്നെ ചെയ്യും

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.