2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

‘ശബ്ദമുയര്‍ത്തുന്ന യുവാക്കളെ ധാര്‍ഷ്ട്യ സര്‍ക്കാര്‍ അമര്‍ച്ച ചെയ്യുന്നു’: ഭീം ആര്‍മി നേതാവിനെ സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

 

ന്യൂഡല്‍ഹി: ദലിത് നേതാവും ഭീം ആര്‍മി സേനാ അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തതിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രശേഖര്‍ ആസാദിനെ പ്രിയങ്ക സന്ദര്‍ശിക്കുകയും ചെയ്തു.

ആസാദിന്റെ പോരാട്ടം മനസ്സിലാക്കിയാണ് താന്‍ സന്ദര്‍ശിച്ചതെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞദിവസം ആസാദിനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനിടെ അനുയായികള്‍ പൊലിസിനെ തടയുകയും ചെറിയ സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്നാണ് ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സര്‍ക്കാരിന് യുവാക്കളെ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നും ശബ്ദം ഉയര്‍ത്തുന്ന യുവാക്കളെ അമര്‍ച്ച ചെയ്യാനാണ് ശ്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ആസാദിനെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാനാണോ സന്ദര്‍ശനമെന്ന ചോദ്യത്തെ പ്രിയങ്ക നിഷേധിച്ചു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും ശബ്ദമുയര്‍ത്താനും പോരാടാനും തയ്യാറായ ഒരാളം കാണുകയെന്ന താല്‍പര്യത്തോടെയാണ് വന്നതെന്നും പ്രിയങ്ക പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ഉത്തര്‍പ്രദേശിലെ ദലിതുകളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം നടത്തിയ ആളാണ് ചന്ദ്രശേഖര്‍ ആസാദ്. കഴിഞ്ഞ ഞായറാഴ്ച മീററ്റില്‍ നിന്ന് ‘പട്ടിണി റാലി’ ആരംഭിക്കുകയും ഇത് 15ന് ഡല്‍ഹിയില്‍ എത്തിച്ചേരേണ്ടതുമാണ്. ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിനെ വിലക്കിയാണ് ആസാദിനെ അറസ്റ്റ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.